ലോക്ക് ഡൌണുകളുടെ സാഹചര്യം മുൻനിർത്തി വാഹനങ്ങളുടെ സൗജന്യ സർവീസ് കാലാവധി ദീർഘിപ്പിച്ചു നൽകാൻ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയയും ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയും

രാജ്യത്തെ ലോക്ക് ഡൌണുകളുടെ സാഹചര്യം മുൻനിർത്തി വാഹനങ്ങളുടെ സൗജന്യ സർവീസ് കാലാവധി ദീർഘിപ്പിച്ചു നൽകാൻ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ മോട്ടോർ ഇന്ത്യ. കാലവാധികള്‍ രണ്ടു മാസം ദീർഘിപ്പിക്കാനാണ് കിയ തീരുമാനിച്ചതെന്ന് ഡ്രൈവ് സ്‍പാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. 

സാമൂഹിക അകലം പാലിക്കാൻ എല്ലാവരോടും അഭ്യർഥിച്ച കിയ, പ്രാദേശികതലത്തിലെ തീരുമാനങ്ങളും ഉത്തരവുകളും കൃത്യമായി പിന്തുടരാൻ ഡീലർഷിപ്പുകൾക്കും നിർദേശം നൽകിയിട്ടുണ്ട്. സഹപ്രവർത്തകരുടെയും ഉപഭോക്താക്കളുടെയും ക്ഷേമത്തിനും ആരോഗ്യത്തിനുമാണു കമ്പനി മുൻഗണന നൽകുന്നതെന്നും കിയ വ്യക്തമാക്കി. അതുകൊണ്ടുതന്നെ, കോവിഡ് 19 പ്രതിരോധത്തിനായി പ്രഖ്യാപിക്കുന്ന മാർഗനിർദേശങ്ങൾ കർശനമായി പാലിക്കാൻ ഡീലർഷിപ്പുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉപയോക്താക്കളുടെ താൽപര്യം മാനിച്ച് വാഹനങ്ങളുടെ സർവീസ് കാലാവധി രണ്ടു മാസം ദീർഘിപ്പിച്ചു നൽകാനും തീരുമാനിച്ചിട്ടുണ്ട്. 

അതേസമയം ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ ഇന്ത്യയും സൗജന്യ സര്‍വീസ് കാലാവധി നീട്ടി. ഏപ്രില്‍ ഒന്നിനും മേയ് 31 നും ഇടയിലുള്ള കാലയളവില്‍ സൗജന്യ സര്‍വീസ് നഷ്ടപ്പെടുകയോ വാഹനത്തിന് നല്‍കിയിട്ടുള്ള വാറണ്ടി അവസാനിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ഇത് ജൂലൈ 31 വരെ നീട്ടിയതായി കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ സമയത്ത് സര്‍വീസ് ചെയ്യുകയും വാറണ്ടി പുതുക്കുന്നതിനുള്ള അവസരം ഒരുക്കുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

സര്‍വീസിനും വാറന്‍റിക്കും സമയം അനുവദിച്ചതു കൂടാതെ വൈറസ് വ്യാപനം തടയുന്നതിനുള്ള നടപടികളും റെനോ സ്വീകരിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. സുരക്ഷ ഉറപ്പാക്കുന്നത് സംബന്ധിച്ച് ഡീലര്‍മാര്‍ക്ക് നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. സര്‍ക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും നിര്‍ദേശങ്ങള്‍ പാലിച്ചാണ് റെനോയുടെ പ്രവര്‍ത്തനമെന്നും അധികൃതര്‍ അറിയിച്ചു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ മറ്റ് വാഹന നിര്‍മാതാക്കളും സര്‍വീസിന് സമയം അനുവദിക്കുകയും വാറണ്ടി നീട്ടി നല്‍കുകയും ചെയ്തിട്ടുണ്ട്. മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്‌സ്, എം.ജി. മോട്ടോഴ്‌സ്, ടൊയോട്ട തുടങ്ങിയ കമ്പനികളാണ് സമയം അനുവദിച്ചിരിക്കുന്നത്. കൂടുതല്‍ കമ്പനികള്‍ വരും ദിവസങ്ങളില്‍ സേവനം നീട്ടി നല്‍കുന്നത്‌ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona