ഓഗസ്റ്റിലെ രാജ്യത്തെ വാഹന വില്‍പ്പനയില്‍ മികച്ച പ്രകടനവുമായി ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ. ഓഗസ്റ്റില്‍ 8060 യൂണിറ്റ് വാഹനങ്ങള്‍ നിരത്തിലെത്തിച്ച റെനോ 2019ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 41 ശതമാനത്തിന്റെ നേട്ടമാണ് സ്വന്തമാക്കിയത്. 

എംപിവി ട്രൈബറും അടുത്തിടെ അവതരിപ്പിച്ച പുത്തന്‍ ക്വിഡുമാണ് ഈ പ്രകടനത്തിന് കമ്പനിക്ക് തുണയായത്. അടുത്തിടെ പുറത്തിറക്കിയ ടര്‍ബോ എന്‍ജിന്‍ ഡസ്റ്ററും മികച്ച പ്രകടനം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

റെനോയുടെ ശൃംഖല വിപുലമാക്കുന്നതിന്റെ ഭാഗമായി അടുത്തിടെ പുതിയ 17 ഷോറുമുകളും ഇന്ത്യയില്‍ തുറക്കാനായി. ഇതോടെ 390 ഡീലര്‍ഷിപ്പുകളും 470 സര്‍വീസ് സെന്ററുകളുമാണ് റെനോയ്ക്ക് ഇന്ത്യയിലുള്ളതെന്നാണ് റെനോ ഇന്ത്യയുടെ മേധാവി അറിയിച്ചിരിക്കുന്നത്. 

ഇന്ത്യന്‍ വാഹനവിപണിയില്‍ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനായി മികച്ച ഓഫറുകള്‍ റെനോ തുടരുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. നിലവില്‍ റെനോയുടെ പുതിയ വാഹനം വാങ്ങുന്നവര്‍ക്ക് നാല് മാസത്തിന് ശേഷം മാത്രമേ ഇഎംഐ അടച്ച് തുടങ്ങേണ്ടതുള്ളൂവെന്നാണ് വിവരം. ഉത്സവ സീസണോട് അനുബന്ധിച്ച് പുതിയ ഓഫറുകളും ഒരുക്കുന്നുണ്ട്.

ജനപ്രിയ എംപിവി ട്രൈബറിനെ 2019 ഓഗസ്റ്റിലാണ് ബിഎസ്4 പെട്രോള്‍ എഞ്ചിനില്‍ കമ്പനി അവതരിപ്പിക്കുന്നത്.  2020 ജനുവരിയില്‍ വാഹനത്തിന്റെ ബിഎസ്6 പതിപ്പിനെയും കമ്പനി വിപണിയില്‍ എത്തിച്ചു. അടുത്തിടെ എഎംടി പതിപ്പിനെ അവതരിപ്പിച്ച് കമ്പനി ലൈനപ്പ് വിപുലീകരിച്ചിരുന്നു. 

നാല് മീറ്റര്‍ താഴെ വലുപ്പത്തില്‍ ഏഴ് പേര്‍ക്ക് വരെ യാത്ര ചെയ്യാനാകുമെന്നതാണ് ട്രൈബറിന്റെ പ്രധാന സവിശേഷത. മോഡേണ്‍ അള്‍ട്രാ മോഡുലര്‍ രൂപമാണ് ട്രൈബറിനുള്ളത്. എംപിവി ശ്രേണിയില്‍ മാരുതി സുസുക്കി എര്‍ട്ടിഗയ്ക്ക് തൊട്ടുതാഴെയുള്ള സെഗ്‌മെന്റിലാണ് ട്രൈബറിന്റെ സ്ഥാനം. ലോഡ്‍ജിക്ക് ശേഷം റെനോ ഇന്ത്യയിലെത്തിക്കുന്ന രണ്ടാമത്തെ മള്‍ട്ടി പര്‍പ്പസ് വാഹനമാണിത്. സിഎംഎഫ്–എ പ്ലാറ്റ് ഫോമില്‍ എത്തുന്ന വാഹനത്തിന് റെനോ ക്യാപ്ച്ചറുമായി ചെറിയ സാമ്യമുണ്ട്. ത്രീ സ്ലേറ്റ് ഗ്ലില്‍, സ്‌പോര്‍ട്ടി ബംബര്‍, റൂഫ് റെയില്‍സ്, ഹെഡ്‌ലൈറ്റ്, ഡേ ടൈം റണ്ണിങ് ലൈറ്റ് എന്നിവയും വാഹനത്തെ വേറിട്ടതാക്കുന്നു. ഏഴ് പേര്‍ക്ക് വരെ യാത്ര ചെയ്യാവുന്ന ട്രൈബറില്‍ കുറഞ്ഞ വിലയാണ് പ്രധാന പ്രത്യേകത.

4.99 ലക്ഷം രൂപയാണ് ബിഎസ് 6 പതിപ്പിന്റെ എക്‌സ്‌ഷോറൂം വില. എഞ്ചിന്‍ നവീകരിച്ചു എന്നതൊഴിച്ചാല്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ വാഹനത്തില്‍ കമ്പനി വരുത്തിയിട്ടില്ല. RXE, RXL, RXT, RXZ എന്നിങ്ങനെ നാല് വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്.

കൂടുതല്‍ പരിഷ്‍കാരങ്ങളോടെ പുതിയ റെനോ ക്വിഡ് 2019 ഒക്‌ടോബറില്‍ ആണ് വിപണിയിലെത്തിയത്. ചൈനയിൽ പറത്തിറങ്ങിയ റെനൊയുടെ ഇലക്ട്രിക് കാർ കെഇസഡ്–ഇയോട് വളരെ അധികം സാമ്യമുണ്ട് പുതിയ ക്വിഡിന്. 3735 മില്ലിമീറ്റര്‍ നീളവും പുതിയ ക്വിഡിനുണ്ടാവും. പഴയ ക്വിഡിനേക്കാളും നീളമുള്ള മോഡലാണിത്. ക്വിഡിന്‍റെ ബിഎസ് 6 പാലിക്കുന്ന പതിപ്പ് 2020 ഫെബ്രുവരിയിലും വിപണിയില്‍ അവതരിപ്പിച്ചു. 2.92 ലക്ഷം മുതല്‍ 5.01 ലക്ഷം രൂപ വരെയാണ് (ക്ലൈംബര്‍ (ഒ) ഓട്ടോമാറ്റിക്) ദില്ലി എക്‌സ് ഷോറൂം വില. ബിഎസ് 4 മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ എല്ലാ വേരിയന്റുകള്‍ക്കും 9,000 രൂപ വില വര്‍ധിച്ചു. ആകെ 12 ട്രിമ്മുകളിലായി 0.8 ലിറ്റര്‍, 1.0 ലിറ്റര്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ റെനോ ക്വിഡ് ലഭിക്കും.

പെട്രോള്‍ എന്‍ജിന്‍ 53 ബിഎച്ച്പി കരുത്തും 72 എന്‍എം ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. 1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 67 ബിഎച്ച്പി കരുത്തും 91 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. ബിഎസ് 4 വേര്‍ഷന്റെ അതേ കണക്കുകള്‍. 5 സ്പീഡ് മാന്വല്‍, എഎംടി എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍.