റെനോ ഇന്ത്യ, കിഗർ സബ്‌കോംപാക്റ്റ് എസ്‌യുവി, ട്രൈബർ കോംപാക്റ്റ് എംപിവി എന്നിവയുടെ സിഎൻജി പതിപ്പുകൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഈ മോഡലുകൾ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനിലും മാനുവൽ ഗിയർബോക്‌സിലുമായിരിക്കും ലഭ്യമാകുക.
രാജ്യത്തെ വാഹന വിപണിയിൽ സിഎൻജി വാഹനങ്ങൾക്കായുള്ള വർദ്ധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്ത് കിഗർ സബ്‌കോംപാക്റ്റ് എസ്‌യുവിയുടെയും ട്രൈബർ കോംപാക്റ്റ് എംപിവിയുടെയും സിഎൻജി പതിപ്പ് അവതരിപ്പിക്കാൻ റെനോ ഇന്ത്യ പദ്ധതിയിടുന്നു. വരാനിരിക്കുന്ന റിനോ കിഗർ സിഎൻജി, ട്രൈബർ സിഎൻജി എന്നിവയെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമല്ല . എങ്കിലും നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനും മാനുവൽ ഗിയർബോക്‌സ് കോമ്പിനേഷനും ഉപയോഗിച്ച് സിഎൻജി ഇന്ധന ഓപ്ഷൻ വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ.
നിലവിൽ, രണ്ട് മോഡലുകളും 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനിലാണ് ലഭ്യമാകുന്നത്. ഈ എഞ്ചിനുകൾ പരമാവധി 72PS പവറും 96Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. അഞ്ച് സ്പീഡ് മാനുവലും എഎംടി ഗിയർബോക്സും ഇതിൽ ഉൾപ്പെടുന്നു. 100PS പീക്ക് പവറും 160Nm വരെ പരമാവധി ടോർക്കും പുറപ്പെടുവിക്കുന്ന 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും റെനോ കൈഗറിൽ ലഭ്യമാണ്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക് ട്രാൻസ്‍മിഷനിൽ ഇത് ലഭിക്കും.
വരാനിരിക്കുന്ന റെനോ കിഗർ സിഎൻജി, ട്രൈബർ സിഎൻജി എന്നിവ ഉയർന്ന ശ്രേണിയിലുള്ള ട്രിമ്മിൽ വാഗ്‍ദാനം ചെയ്തേക്കാം. എയർ പ്യൂരിഫയർ, വയർലെസ് ചാർജർ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ സപ്പോർട്ട്, ഓഡിയോ കൺട്രോളുകളുള്ള ലെതർ റാപ്പ്ഡ് സ്റ്റിയറിംഗ്, ആംബിയന്റ് ലൈറ്റ്, ഫ്രണ്ട് പാർക്കിംഗ് സെൻസർ, നാല് സ്പീക്കർ, നാല് ട്വീറ്റർ ആർക്കാമിസ് ഓഡിയോ സിസ്റ്റം, ആന്റി-പിഞ്ച് സഹിതം ഡ്രൈവർ സൈഡ് വിൻഡോ ഓട്ടോ അപ്/ഡൗൺ, കീലെസ് എൻട്രി ആൻഡ് ഗോ, 8 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, റിയർ സീറ്റ് ക്രമീകരിക്കാവുന്ന ഹെഡ്‌റെസ്റ്റ്, റിയർ സീറ്റ് ആംറെസ്റ്റ്, റിയർ പാർക്കിംഗ് ക്യാമറ, ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ടുകൾ തുടങ്ങിയ സവിശേഷതകളും വാഹനത്തിൽ ലഭിക്കും. നിലവിൽ, റെനോ കിഗറും ട്രൈബറും യഥാക്രമം ആറ് ലക്ഷം മുതൽ 11.23 ലക്ഷം രൂപ വരെയും 6 ലക്ഷം മുതൽ 8.97 ലക്ഷം രൂപ വരെയും വില പരിധിയിലാണ് ലഭ്യമാകുന്നത്. രണ്ട് യുവികളുടെയും സിഎൻജി വേരിയന്റുകൾ അവയുടെ സാധാരണ എതിരാളികളേക്കാൾ അല്പം കൂടുതലായിരിക്കും.
മൂന്നാം തലമുറ റെനോ ഡസ്റ്റർ, ഡസ്റ്റർ അധിഷ്ഠിത മൂന്ന്-വരി എസ്‌യുവി, ഒരു എ-സെഗ്മെന്റ് ഇവി എന്നിവയുൾപ്പെടെ ഇന്ത്യൻ വിപണിയിൽ മൂന്ന് പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കുമെന്ന് റെനോ ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. 156 ബിഎച്ച്പി, 1.3 ലിറ്റർ എച്ച്ആർ 13 ടർബോ പെട്രോൾ എഞ്ചിൻ എന്നിവയുമായി പുതിയ ഡസ്റ്റർ 2026 ൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. കിഗറിൽ നിന്നുള്ള 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും എസ്‌യുവി കടമെടുത്തേക്കാം. താഴ്ന്ന വകഭേദങ്ങളിൽ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ നൽകാം.
ആഗോളതലത്തിൽ വിൽക്കുന്ന മോഡലിൽ നിന്ന് അല്പം വ്യത്യസ്തമായ സ്റ്റൈലിംഗ് ആയിരിക്കും 2026 റെനോ ഡസ്റ്ററിന്റെ ഇന്ത്യ-സ്പെക്ക് മോഡലിന്. എങ്കിലും, റെനോ-നിസാൻ സഖ്യത്തിന്റെ സിഎംഎഫ് - ബി പ്ലാറ്റ്‌ഫോമിനെ ഇത് പിന്തുണയ്ക്കും. മത്സരാധിഷ്‍ഠിത വില നൽകുന്നതിനായി ആഭ്യന്തര വിപണിക്കായി ഇത് വളരെയധികം പ്രാദേശികവൽക്കരിക്കപ്പെടും. പുതിയ ഡസ്റ്റർ ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര, കിയ സെൽറ്റോസ് എന്നിവയിൽ നിന്ന് വെല്ലുവിളികൾ നേരിടും. അതേസമയം അതിന്റെ 7 സീറ്റർ പതിപ്പ് ടാറ്റ സഫാരി, മഹീന്ദ്ര XUV700, എംജി ഹെക്ടർ പ്ലസ് എന്നിവയ്‌ക്കെതിരെ മത്സരിക്കും.

