Asianet News MalayalamAsianet News Malayalam

അമേരിക്കന്‍ പടക്കുതിരയുമായി ഇന്ത്യ കീഴടക്കാന്‍ ഫ്രഞ്ച് വണ്ടിക്കമ്പനി!

അമേരിക്കൻ ഉപഭൂഖണ്ഡത്തിൽ കാണപ്പെടുന്ന ഒരു തരം കുതിരയാണ് കിഗർ

Renault Kiger could be the HBC
Author
Mumbai, First Published Jan 3, 2020, 11:24 AM IST

ഇന്ത്യയില്‍ അതിവേഗം വളരുന്ന കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്ക് പുതിയ ഒരു മോഡല്‍ കൂടി അവതരിപ്പിക്കാനൊരുങ്ങി ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ.

HBC എന്ന കോഡ് നാമത്തില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന ഈ പുതിയ കോംപാക്റ്റ് എസ്‌യുവിയുടെ പേര് കിഗര്‍ എന്നായിരിക്കുമെന്നാണ് സൂചന. അമേരിക്കൻ ഉപഭൂഖണ്ഡത്തിൽ കാണപ്പെടുന്ന ഒരു തരം കുതിരയാണ് കിഗർ. വരാനിരിക്കുന്ന വാഹനം കരുത്തനാണെന്ന സൂചനയാണ് റെനോ ഈ പേരിലൂടെ നല്‍കുന്നത്.  ക്വിഡ്, ട്രൈബർ എന്നിവ ഒരുങ്ങുന്ന അതേ CMF-A പ്ലാറ്റ്ഫോം ഉപയോഗിച്ചാവും പുതിയ വാഹനവും നിർമ്മിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫെബ്രുവരിയില്‍ നടക്കുന്ന ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ കിംഗര്‍ പ്രദര്‍ശിപ്പിച്ചേക്കുന്ന വാഹനത്തിന് മാരുതി വിറ്റാര ബ്രെസ, ടാറ്റ നെക്‌സോണ്‍ എന്നീ വാഹനങ്ങളാണ് മുഖ്യ എതിരാളികള്‍.

ട്രൈബറില്‍ നിന്നും ഡസ്റ്ററില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ള ഡിസൈനിലായിരിക്കും കിംഗര്‍ ഒരുങ്ങുക. മൂന്ന് തട്ടുകളായുള്ള ഗ്രില്ല്, പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡിആര്‍എല്‍, സ്‌കിഡ് പ്ലേറ്റ്, ഉയര്‍ന്ന ബോണറ്റ്, ബ്ലാക്ക് ക്ലാഡിങ്ങ് തുടങ്ങിയവ ഉപയോഗിച്ചായിരിക്കും ഈ വാഹനത്തിന്റെ എക്‌സ്റ്റീരിയര്‍ മോടിപിടിപ്പിക്കുക. എതിരാളികളെക്കാള്‍ കുറഞ്ഞ വിലയാവും കിഗെറിന്റെ പ്രധാന ആകർഷണം എന്നാണ് റിപ്പോർട്ടുകൾ.

ട്രൈബറിനോട് സാമ്യമുള്ള ഇന്റീരിയറായിരിക്കും കിംഗറിലും നല്‍കുക. 71 ബിഎച്ച്പി പവറും 96 എന്‍എം ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എന്‍ജിനായിരിക്കും കിംഗറിന്‍റെ ഹൃദയം. അഞ്ച് സ്പീഡ് മാനുവല്‍, എഎംടി ട്രാന്‍സ്‍മിഷനുകളും ഈ കോംപാക്ട് എസ്‌യുവിയില്‍ ഒരുക്കും.

അതേസമയം വാഹന വിപണിയിലെ മാന്ദ്യത്തിന് ഇടയിലും ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോക്ക് ഇന്ത്യയില്‍ മികച്ച വില്‍പ്പന നേടിക്കൊടുത്ത മോഡലായ ട്രൈബര്‍ വിപണിയില്‍ കുതിക്കുകയാണ്. റെനോ ഇന്ത്യ 2019 ഓഗസ്റ്റിലാണ് ട്രൈബറിനെ റെനോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. മികച്ച പ്രതികരണമാണ് വിപണിയില്‍ ഈ വാഹനത്തിന്. നിലവില്‍ ഒരു പെട്രോള്‍ എന്‍ജിനില്‍ മാത്രമാണ് വാഹനം വിപണിയില്‍ എത്തുന്നത്.

എന്നാല്‍ പുതിയൊരു എഞ്ചിന്‍ പതിപ്പില്‍ കൂടി വാഹനം എത്തുകയാണ്. 2020 മാര്‍ച്ചില്‍ ട്രൈബറില്‍ പുതിയൊരു എഞ്ചിന്‍ പതിപ്പിനെ കൂടി കമ്പനി അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കമ്പനി സിഇഒ വെങ്കട്‌റാം മാമില്ലപള്ളെ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എഎംടി പതിപ്പിനെയും ഇതിനൊപ്പം തന്നെ അവതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

റെനോ-നിസാന്‍ സഹകരണത്തിലാകും പുതിയ എഞ്ചിന്‍ എത്തുക. 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനാകും ഈ സഹകരണത്തില്‍ വരുക. 2020 മുതല്‍ ഇന്ത്യയില്‍ റെനോ-നിസാന്‍ ഉല്‍പന്നങ്ങളുടെ ഒരു ശ്രേണി പവര്‍ ചെയ്യാനാണ് ഈ യൂണിറ്റ് സജ്ജീകരിച്ചിരിക്കുന്നത്.

ഈ എഞ്ചിന്‍ സൃഷ്‍ടിക്കുന്ന കരുത്തും ടോര്‍ക്കും വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ ഈ എഞ്ചിന്‍ 95 bhp കരുത്ത് ഉത്പാദിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. മാനുവല്‍ ഗിയര്‍ബോക്‌സോടെയാകും വിപണിയില്‍ എത്തുക.

അടുത്തിടെ ഉയര്‍ന്ന പതിപ്പായ RXZ -ല്‍ കമ്പനി ചെറിയ പരിഷ്‌കരണങ്ങള്‍ നടത്തിയിരുന്നു. 14 ഇഞ്ച് വീലുകള്‍ക്ക് പകരം 15 ഇഞ്ച് വീലുകളാണ് ഇനി മുതല്‍ വാഹനത്തിന് നല്‍കുക എന്ന് കമ്പനി അറിയിച്ചിരുന്നു. വിപണിയിലെ മാന്ദ്യത്തിന് ഇടയിലും റെനോയ്ക്ക് ഇന്ത്യയില്‍ മികച്ച് വില്‍പ്പന നേടിക്കൊടുത്ത മോഡലാണ് ട്രൈബര്‍.

Follow Us:
Download App:
  • android
  • ios