റെനോയുടെ പുതിയ സബ്‌കോംപാക്റ്റ് എസ്‌യുവി ഫെബ്രുവരി അഞ്ചിന് ആരംഭിക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ ആഗോള അരങ്ങേറ്റം നടത്തും. HBC എന്ന കോഡ് നാമത്തില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന ഈ പുതിയ കോംപാക്റ്റ് എസ്‌യുവിയുടെ പേര് കിഗര്‍ എന്നായിരിക്കുമെന്നാണ് സൂചന. 

ഓട്ടോ എക്സ്പോയില്‍ കിംഗര്‍ പ്രദര്‍ശിപ്പിക്കുമെങ്കിലും ഈ വര്‍ഷത്തിന്റെ രണ്ടാം പകുതിയോടെ ഈ വാഹനത്തെ നിരത്തുകളില്‍ എത്തുകയുള്ളൂ. അമേരിക്കൻ ഉപഭൂഖണ്ഡത്തിൽ കാണപ്പെടുന്ന ഒരു തരം കുതിരയാണ് കിഗർ. വരാനിരിക്കുന്ന വാഹനം കരുത്തനാണെന്ന സൂചനയാണ് റെനോ ഈ പേരിലൂടെ നല്‍കുന്നത്.  ക്വിഡ്, ട്രൈബർ എന്നിവ ഒരുങ്ങുന്ന അതേ CMF-A പ്ലാറ്റ്ഫോം ഉപയോഗിച്ചാവും പുതിയ വാഹനവും നിർമ്മിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. മാരുതി വിറ്റാര ബ്രെസ, ടാറ്റ നെക്‌സോണ്‍ എന്നീ വാഹനങ്ങളാണ് മുഖ്യ എതിരാളികള്‍.

ട്രൈബറില്‍ നിന്നും ഡസ്റ്ററില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ള ഡിസൈനിലായിരിക്കും കിംഗര്‍ ഒരുങ്ങുക. മൂന്ന് തട്ടുകളായുള്ള ഗ്രില്ല്, പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡിആര്‍എല്‍, സ്‌കിഡ് പ്ലേറ്റ്, ഉയര്‍ന്ന ബോണറ്റ്, ബ്ലാക്ക് ക്ലാഡിങ്ങ് തുടങ്ങിയവ ഉപയോഗിച്ചായിരിക്കും ഈ വാഹനത്തിന്റെ എക്‌സ്റ്റീരിയര്‍ മോടിപിടിപ്പിക്കുക. എതിരാളികളെക്കാള്‍ കുറഞ്ഞ വിലയാവും കിഗെറിന്റെ പ്രധാന ആകർഷണം എന്നാണ് റിപ്പോർട്ടുകൾ.

ട്രൈബറിനോട് സാമ്യമുള്ള ഇന്റീരിയറായിരിക്കും കിംഗറിലും നല്‍കുക. 71 ബിഎച്ച്പി പവറും 96 എന്‍എം ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എന്‍ജിനായിരിക്കും കിംഗറിന്‍റെ ഹൃദയം. അഞ്ച് സ്പീഡ് മാനുവല്‍, എഎംടി ട്രാന്‍സ്‍മിഷനുകളും ഈ കോംപാക്ട് എസ്‌യുവിയില്‍ ഒരുക്കും. യുകെ സ്‌പെക് റെനോ കാപ്ചറില്‍ ഈ മോട്ടോര്‍ 99 ബിഎച്ച്പി കരുത്തും 160 എന്‍എം ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. എച്ച്ബിസി എസ്‌യുവിയിലെ പവര്‍, ടോര്‍ക്ക് കണക്കുകള്‍ ലഭ്യമായിട്ടില്ല. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ്, എഎംടി എന്നിവയായിരിക്കും ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. അടുത്തിടെ ചെന്നൈയില്‍ പരീക്ഷണ ഓട്ടം നടത്തുന്ന വാഹനത്തിന്‍റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.