ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോയുടെ ജനപ്രിയ മോഡല്‍ ക്വിഡിന്‍റെ ഇലക്ട്രിക്ക് പതിപ്പ് ചൈനയില്‍ അവതരിപ്പിച്ചു. ഒറ്റ ചാര്‍ജില്‍ 271 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാവുമെന്ന് കമ്പനി പറയുന്ന മോഡലിന് 6.22 ലക്ഷം രൂപയാണ് വില. 

ഇലക്ട്രിക് KZE കണ്‍സെപ്റ്റ് എന്ന പേരില്‍ പാരീസ് ഓട്ടോഷോയിൽ പ്രദർശിപ്പിച്ച വാഹനം സിറ്റി KZE എന്ന പേരിലാണ് ചൈനയില്‍ എത്തിയത്. റെഗുലര്‍ ക്വിഡിന്റെ അതേ സിഎംഎഫ്-എ പ്ലാറ്റ്‌ഫോമില്‍ത്തന്നെയെത്തുന്ന വാഹനത്തില്‍ 26.8 കിലോവാട്ട് ലിഥിയം അയണ്‍ ബാറ്ററിയാണ് ഹൃദയം. 43.3 ബിഎച്ച്പി കരുത്തും 125 എന്‍എം ടോര്‍ക്കും ഈ എഞ്ചിന്‍ സൃഷ്‍ടിക്കും. അതിവേഗ ചാര്‍ജിങ്ങുകളും വാഹനത്തിലുണ്ട്. 6.6 കിലോവാട്ട് എ.സി. ചാര്‍ജര്‍ ഉപയോഗിച്ച് നാല് മണിക്കൂര്‍ കൊണ്ട് ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാം. ഡി.സി. ചാര്‍ജറില്‍ 30 ശതമാനത്തില്‍നിന്ന് 60 ശതമാനത്തിലേക്ക് എത്താന്‍ അരമണിക്കൂര്‍ മതി. വീട്ടില്‍നിന്നും പുറത്തുനിന്നും ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന ഡുവര്‍ ചാര്‍ജിങ് സംവിധാനവും ഈ വാഹനത്തിലുണ്ട്.

പാര്‍ക്കിങ് സെന്‍സറുകള്‍, മള്‍ട്ടിമീഡിയ സെന്‍ട്രല്‍ കണ്‍സോള്‍, ജിപിഎസ്, നാല് ഡോറുകളിലും ഇലക്ട്രിക് പവര്‍ വിന്‍ഡോകള്‍ എന്നിവക്കൊപ്പം ഓട്ടോമാറ്റിക് ബ്രേക്കിങ് സംവിധാനവും രണ്ട് എയര്‍ബാഗുകളും വാഹനത്തിലുണ്ടാവും. വളരെ നേര്‍ത്ത എല്‍ഇഡി ഹെഡ്ലാമ്പ്, ഡിആര്‍എല്‍, സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് മുന്‍വശത്തെ പുതുമ. ഗ്രില്ലിലും വി ഷേപ്പഡ് ക്രോമിയം ലൈനുകള്‍ നല്‍കിയിട്ടുണ്ട്.

അലോയി വീലുകളും എല്‍ഇഡി ടെയ്ല്‍ ലാമ്പും പുതിയ ഡിസൈനിലുള്ള ബമ്പറും വാഹനത്തെ വേറിട്ടതാക്കുന്നു. ഇന്ത്യയും ബ്രസീലും അടക്കമുള്ള മറ്റ് വിപണികളിലേക്കു കൂടി ഉടന്‍ വാഹനം എത്തിയേക്കും. 2022-ഓടെ ഈ മോഡലിനെ ഇന്ത്യയിലെത്തിക്കാനാണ് റെനൊയുടെ പദ്ധതിയെന്നാണ് റിപ്പോര്‍ട്ടുകള്‍.