ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോയുടെ ക്വിഡിന്‍റെ ഇലക്ട്രിക്ക് പതിപ്പിന്‍റെ ആദ്യ പ്രദര്‍ശനം ഏപ്രിൽ 16ന് നടക്കുമെന്ന് റിപ്പോര്‍ട്ട്. ഇലക്ട്രിക് KZE കണ്‍സെപ്റ്റ് എന്ന പേരില്‍ പാരീസ് ഓട്ടോഷോയിൽ പ്രദർശിപ്പിച്ച വാഹനത്തിന്റെ പ്രൊ‍ഡക്ഷൻ മോഡല്‍ ഏപ്രിൽ 16ന് തുടങ്ങുന്ന ഷാങ്‌ഹായ് മോട്ടോർഷോയിലാണ് പ്രദർശിപ്പിക്കുന്നത്. 

നേരത്തെ വാഹനത്തിന്‍റെ പരീക്ഷണ ഓട്ടം ചൈനയില്‍ തുടങ്ങിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ക്വിഡ് ഇപ്പോള്‍ ഉപയോഗിക്കുന്ന സി.എം.എഫ്-എ പ്ലാറ്റ് ഫോമില്‍ തന്നെയായിരിക്കും ഇലക്ട്രിക് പതിപ്പും വരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.  ഉടന്‍ ചൈനീസ് വിപണിയില്‍ എത്തിച്ച ശേഷം പിന്നാലെ ഇന്ത്യയും ബ്രസീലും അടക്കമുള്ള മറ്റ് വിപണികള്‍ കൂടി പിടിച്ചടക്കാനാണ് റെനോയുടെ പദ്ധതി.

റഗുലര്‍ ക്വിഡിന് സമാനമായ രൂപത്തിലാണ് ക്വിഡ് ഇലക്ട്രിക്. ഇലക്ട്രിക് ക്വിഡ് ഒരു തവണ ചാര്‍ജ്ജ് ചെയ്താല്‍ 250 കിലോമീറ്റര്‍ ഓടും. പാര്‍ക്കിങ് സെന്‍സറുകള്‍, മള്‍ട്ടിമീഡിയ സെന്‍ട്രല്‍ കണ്‍സോള്‍, ജിപിഎസ്, നാല് ഡോറുകളിലും ഇലക്ട്രിക് പവര്‍ വിന്‍ഡോകള്‍ എന്നിവയ്ക്കൊപ്പം ഓട്ടോമാറ്റിക് ബ്രേക്കിങ് സംവിധാനവും രണ്ട് എയര്‍ബാഗുകളും ഇതിലുണ്ടാവും. ന്യായമായ വിലയില്‍ തന്നെ ക്വിഡ് സ്വന്തമാക്കാനും കഴിയുമെന്നാണ് കമ്പനി നല്‍കുന്ന വാഗ്ദാനം.

ആഗോള അടിസ്ഥാനത്തില്‍ മോഡല്‍ പുറത്തിറക്കുന്നതിന് മുന്‍പ് ഈ വര്‍ഷം തന്നെ ചൈനീസ് വിപണിയില്‍ ഇലക്ട്രിക് ക്വിഡുകള്‍ വില്‍പ്പനയ്ക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.