ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനൊയുടെ ജനപ്രിയ ചെറുകാര്‍ ക്വിഡിന്‍റെ രണ്ടാം തലമുറ വിപണിയിലെത്തി. എട്ടുമോഡലുകളിലായിട്ടാണ് വാഹനം എത്തുന്നത്. ചൈനയിൽ പുറത്തിറങ്ങിയ റെനൊയുടെ ഇലക്ട്രിക് കാർ കെഇസഡ്–ഇയോട് വളരെ അധികം സാമ്യമുണ്ട് പുതിയ ക്വിഡിന്.  ആദ്യ മോഡലിലെ 800 സിസി, ഒരു ലിറ്റർ എൻജിനുകളുടെ പരിഷ്‍കരിച്ച പതിപ്പാണ് പുതിയ ക്വി‍ഡിൽ. 

800 സിസി വകഭേദത്തിന് 2.83 ലക്ഷം മുതല്‍ 4.13 ലക്ഷം വരെയും ഒരു ലിറ്റര്‍ വകഭേദത്തിന് 4.33 ലക്ഷം മുതല്‍ 4.84 ലക്ഷം രൂപവരെയാണ് വില. 
800 സിസി സ്റ്റാന്റേര്‍ഡിന് 2.83 ലക്ഷം രൂപയും ആര്‍.എക്‌സ്.ഇയ്ക്ക് 3.53 ലക്ഷം രൂപയും ആര്‍.എക്‌സ്.എല്ലിന് 3.83 ലക്ഷം രൂപയും ആര്‍.എക്‌സ്.ടി 4.13 ലക്ഷം രൂപയും വില വരും. ഒരു ലിറ്റര്‍ വകഭേദത്തിന്റെ ആര്‍.എക്‌സ്.ടിക്ക് 4.33 ലക്ഷം രൂപയും ക്ലൈംബറിന് 4.54 ലക്ഷം രൂപയും ആര്‍.എക്‌സ്.ടി ഈ.സി.ആറിന് 4.63 ലക്ഷം രൂപയും ക്ലൈംബര്‍ ഇ.സി.ആറിന് 4.84 ലക്ഷം രൂപയും വിലയുണ്ട്. 

പുതിയ ബംബര്‍, സ്പ്ലിറ്റ് ഹെഡ്‌ലാംപ്, എല്‍ഇഡി ഡേറ്റൈം റണ്ണിങ് ലാംപ് തുടങ്ങി വാഹനത്തെ കൂടുതല്‍ സ്‌പോര്‍ട്ടിയാക്കുന്ന മാറ്റങ്ങള്‍ പുതിയ ക്വിഡിലുണ്ട്. ബംബറിലേക്ക് ഇറങ്ങിയാണ് ഹെഡ്ലാംപുകളുടെ സ്ഥാനം. പുതിയ ടെയില്‍ ലാംപ് കൂടാതെ പിന്നിലും കാര്യമായ മാറ്റങ്ങളുണ്ട്.

54പിഎസ് കരുത്തുള്ള 799 സിസി എന്‍ജിനും 68 പിഎസ് കരുത്തുള്ള ഒരു ലീറ്റര്‍ എന്‍ജിനുമാണ് ക്വിഡിന്‍റെ ഹൃദയം. അടുത്തിടെ വിപണിയിലെത്തിയ ട്രൈബറിനോട് സാമ്യമുള്ള ഇന്റീരിയറാണ് വാഹനത്തില്‍. 3735 മില്ലിമീറ്റര്‍ നീളവും പുതിയ ക്വിഡിനുണ്ടാവും. പഴയ ക്വിഡിനേക്കാളും നീളമുള്ള മോഡലാണിത്.

അടുത്തിടെ റെനോ പുറത്തിറക്കിയ ട്രൈബറിലുള്ള 8.05 ഇഞ്ച് ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയിന്‍റ്മെന്‍റ് സിസ്റ്റം, പാര്‍ക്കിങ് ക്യാമറ, ഡിജിറ്റല്‍ ഇന്‍ട്രുമെന്‍റ് ക്ലസ്റ്റര്‍ എന്നിവയും പുതിയ ക്വിഡിലുണ്ടാവും. കഴിഞ്ഞദിവസം മാരുതി അവതരപ്പിച്ച എസ്-പ്രെസോയാവും നിരത്തുകളില്‍ ക്വിഡിന്‍റെ മുഖ്യ എതിരാളി.