ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോയുടെ ക്വിഡ് ഹാച്ച്ബാക്കിന്റെ വില കൂട്ടുന്നു. ഏപ്രില്‍ ഒന്ന് മുതല്‍ വാഹനത്തിന് മൂന്ന് ശതമാനം വില ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ പ്രാരംഭ ക്വിഡ് STD വകഭേദത്തിന് 2.66 ലക്ഷം രൂപയാണ് വില. ഏറ്റവും ഉയര്‍ന്ന ക്വിഡ് ക്ലൈമ്പര്‍ മോഡല്‍ 4.6 ലക്ഷം രൂപയ്ക്കാണ് വിപണിയിലെത്തുന്നത്. മൂന്നു ശതമാനം വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ 2.74 ലക്ഷം മുതല്‍ 4.72 ലക്ഷം രൂപ വരെ മോഡലുകള്‍ക്ക് വില ഉയര്‍ന്നേക്കും. 

രാജ്യത്തെ സാമ്പത്തിക സ്ഥിതിയും വാഹനങ്ങളുടെ ഉത്പാദന ചിലവിലുണ്ടായ വര്‍ധനവും വാഹന വിപണിയിലെ മാറ്റങ്ങളുമൊക്കെയാണ് വില ഉയര്‍ത്താന്‍ കാരണമായി കമ്പനി പറയുന്നത്.

ഇതുവരെ ഏകദേശം 2.75 ലക്ഷം ക്വിഡുകള്‍ കമ്പനി ഇന്ത്യയില്‍ വിറ്റുകഴിഞ്ഞെന്നാണ് റിപ്പോർട്ട്.  2020 ഓടെ ക്വിഡിന്റെ പൂര്‍ണ വൈദ്യുത പതിപ്പ് പുറത്തിറക്കാനുള്ള ശ്രമത്തിലാണ് കമ്പനി. നിലവില്‍ രണ്ടു എഞ്ചിന്‍ പതിപ്പുകള്‍ കാറില്‍ ലഭ്യമാണ്. പുതിയ സുരക്ഷാ ചട്ടങ്ങള്‍ മാനിച്ച് മുഴുവന്‍ ക്വിഡ് വകഭേദങ്ങളിലും എബിഎസ് അടിസ്ഥാന സുരക്ഷാ ഫീച്ചറായി ഒരുങ്ങുന്നുണ്ട്.

ഹാച്ച്ബാക്കിന്റെ ഉയര്‍ന്ന വകഭേദങ്ങള്‍ ആന്‍ട്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി ഓപ്ഷനുകളോടെയൈണ് എത്തുന്നത്. സ്പീഡ് സെന്‍സിംഗ് ഡോര്‍ ലോക്ക്, ഡ്രൈവര്‍ എയര്‍ബാഗ്, ELR സീറ്റ് ബെല്‍റ്റ്, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, വേഗ മുന്നറിയിപ്പ് സംവിധാനം തുടങ്ങിയവയാണ് മറ്റു സുരക്ഷാ ഫീച്ചറുകള്‍. ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസെസ്‌മെന്റ് പ്രോഗ്രാം ചട്ടങ്ങള്‍ പ്രകാരം ക്വിഡിനെ കമ്പനി പുതുക്കിയത് അടുത്തിടെയാണ് .