ദില്ലി: കടുത്ത മാന്ദ്യത്തിനിടയിലും ഇന്ത്യന്‍ വാഹനവിപണിയില്‍ വന്‍ നേട്ടമുണ്ടാക്കി ഫ്രഞ്ച് വാഹനിര്‍മ്മാതാക്കളായ റെനോ. നവംബര്‍ മാസത്തെ വില്‍പ്പനയില്‍ 77 ശതമാനത്തിന്റെ വളര്‍ച്ചാണ് റെനോ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 6134 വാഹനങ്ങളാണ് നിരത്തിലെത്തിച്ചതെങ്കില്‍ 2019 നവംബറില്‍ 10,882 വാഹനങ്ങള്‍ റെനോ നിരത്തിലെത്തിച്ചെന്നാണ് കണക്കുകള്‍.

ഇതോടെ ഇന്ത്യയിലെ അഞ്ചാമത്തെ വലിയ കാർ നിർമ്മാതാക്കളായി മാറിയിരിക്കുകയാണ് റെനോ. ടാറ്റാ മോട്ടോർസ് (10,400 യൂണിറ്റ്), ടൊയോട്ട (8,312 യൂണിറ്റ്), ഹോണ്ട (6,459 യൂണിറ്റ്), ഫോർഡ് (5,392 യൂണിറ്റ്) എന്നിവയേ പിൻതള്ളിയാണ് റെനോ ഇന്ത്യ മുന്നിലെത്തിയിരിക്കുന്നത്.

ഉത്സവ സീസണ്‍ അനുകൂലമായതിനെ തുടര്‍ന്ന് ഒക്ടോബര്‍ മാസത്തിലും റെനോ നേട്ടമുണ്ടാക്കിയിരുന്നു. 11,516 വാഹനങ്ങളാണ് ഒക്ടോബറില്‍ റെനോ നിരത്തിലെത്തിച്ചത്. 2018 ഒക്ടോബറിനെ അപേക്ഷിച്ച് 63 ശതമാനത്തിന്റെ നേട്ടമാണ് ഇക്കഴിഞ്ഞ ഒക്ടോബറിലുണ്ടായിരിക്കുന്നത്. 7066 വാഹനങ്ങളാണ് 2018-ല്‍ വിറ്റത്.

ജൂലൈയില്‍ വിപണിയിലെത്തിയ പുതിയ ഡസ്റ്ററും ഓഗസ്റ്റില്‍ അവതരിപ്പിച്ച ട്രൈബറും ഒക്ടോബറില്‍ നിരത്തിലെത്തിയ പുതിയ ക്വിഡും വില്‍പ്പനയെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് നിര്‍മാതാക്കളുടെ വിലയിരുത്തല്‍. എന്നാല്‍, ഡസ്റ്ററിനെയും ക്വിഡിനെയും അപേക്ഷിച്ച് മികച്ച പ്രകടനം കാഴ്ച വെച്ചത് ട്രൈബറാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഓഗസ്റ്റ് മുതല്‍ നവംബര്‍ വരെ 18,511 ട്രൈബറാണ് നിരത്തിലെത്തിയത്. പ്രതിമാസം ശരാശരി 4600 യൂണിറ്റ് വീതം പുറത്തിറങ്ങിയെന്നാണ് കണക്ക്. നവംബര്‍ വില്‍പ്പനയില്‍ ക്വിഡിനെ മറികടന്ന് ബെസ്റ്റ് സെല്ലിങ് റെനോ കാര്‍ എന്ന ബഹുമതി ട്രൈബര്‍ സ്വന്തമാക്കി. 6071 ട്രൈബറാണ് കഴിഞ്ഞ മാസം പുറത്തിറങ്ങിയത്.

ക്വിഡാണ് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട രണ്ടാമത്തെ വാഹനം. 4182 യൂണിറ്റാണ് നവംബറില്‍ നിരത്തിലെത്തിയത്. അതേസമയം, ഡസ്റ്റര്‍, ക്യാപ്ച്ചര്‍, ലോഡ്ജി തുടങ്ങിയ മോഡലുകള്‍ യഥാക്രമം 505, 118, ആറ് യൂണിറ്റ് വീതമാണ് വിറ്റുപോയത്. വില്‍പ്പന ഉയര്‍ത്തുന്നതിന് വലിയ ആനുകൂല്യങ്ങള്‍ റെനോ പ്രഖ്യാപിച്ചിട്ടുണ്ട്.

മാരുതി തന്നെയാണ് ഒന്നാമത്. ഹ്യുണ്ടായി, മഹീന്ദ്ര, കിയ മോട്ടോർസ് എന്നിവയാണ് മറ്റ് മൂന്ന് സ്ഥാനങ്ങൾ നിലവിൽ കരസ്ഥമാക്കിയിരിക്കുന്നത്. 2019 ഓഗസ്റ്റിലാണ് ട്രൈബറിനെ റെനോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. എംപിവി ശ്രേണിയില്‍ മാരുതി സുസുക്കി എര്‍ട്ടിഗയ്ക്ക് തൊട്ടുതാഴെയുള്ള സെഗ്‌മെന്റിലാണ് ട്രൈബറിന്റെ സ്ഥാനം. ലോഡ്‍ജിക്ക് ശേഷം റെനോ ഇന്ത്യയിലെത്തിക്കുന്ന രണ്ടാമത്തെ മള്‍ട്ടി പര്‍പ്പസ് വാഹനമാണിത്. സിഎംഎഫ്–എ പ്ലാറ്റ് ഫോമില്‍ എത്തുന്ന വാഹനത്തിന് റെനോ ക്യാപ്ച്ചറുമായി ചെറിയ സാമ്യമുണ്ട്. ത്രീ സ്ലേറ്റ് ഗ്ലില്‍, സ്‌പോര്‍ട്ടി ബംബര്‍, റൂഫ് റെയില്‍സ്, ഹെഡ്‌ലൈറ്റ്, ഡേ ടൈം റണ്ണിങ് ലൈറ്റ് എന്നിവയും വാഹനത്തെ വേറിട്ടതാക്കുന്നു. ഏഴ് പേര്‍ക്ക് വരെ യാത്ര ചെയ്യാവുന്ന ട്രൈബറില്‍ കുറഞ്ഞ വിലയാണ് പ്രധാന പ്രത്യേകത. 4.95 ലക്ഷം രൂപ മുതലാണ് ഇന്ത്യയില്‍ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

പെട്രോള്‍ എന്‍ജിന്‍ മാത്രമാണ് ട്രൈബറിലുള്ളത്‌. 72 ബിഎച്ച്പി പവറും 96 എന്‍എം ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണിത്. 5 സ്പീഡ് മാനുവല്‍, 5 സ്പീഡ് എഎംടിയാണ് ട്രാന്‍സ്‍മിഷന്‍.  ടച്ച്സ്ക്രീൻ ഇൻഫോടൈൻമെന്‍റ് സിസ്റ്റം, ഡ്യുവൽ ടോൺ ഇന്റീരിയർ, റിയർ പാർക്കിങ് സെൻസറുകൾ, റിവേഴ്‍സ് ക്യാമറ തുടങ്ങിയവയും സുരക്ഷയ്ക്കായി ഡ്യുവൽ എയർബാഗ് കൂടാതെ സൈഡ് എയർബാഗുകളും സ്പീഡ് വാണിങ് സിസ്റ്റം തുടങ്ങിയവയും വാഹനത്തിലുണ്ട്.