കൊവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് ഉല്‍പ്പാദനം താല്‍ക്കാലികമായി നിര്‍ത്തി, ജീവന്‍രക്ഷാ ഉപകരണങ്ങളുടെ നിര്‍മ്മാണത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ് ലോകത്തെ വിവിധ വാഹന നിര്‍മാതാക്കള്‍. ഈ സാഹചര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ത്രീഡി വൈസറുകള്‍ നിര്‍മിക്കാനൊരുങ്ങുകയാണ് ഫ്രഞ്ച് വാഹനനിര്‍മാതാക്കളായ റെനോ.

ത്രീ ഡി വൈസറുകള്‍ക്ക് ഒപ്പം വെന്റിലേറ്ററുകളും നിര്‍മിക്കാന്‍ റെനോ ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ത്രീ ഡി വൈസറുകള്‍ വരുന്നതോടെ മുഖം മുഴുവനായി മറയ്ക്കുന്ന മാസ്‌കുകള്‍ ഒഴിവാക്കാന്‍ സാധിക്കും.

ആദ്യഘട്ടമായി സ്‌പെയിനിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായാണ് റെനോയുടെ ത്രീഡി വൈസറുകള്‍ നല്‍കുക. ഇത് വൈകാതെ തന്നെ ആശുപത്രികളില്‍ വിതരണം ചെയ്യാന്‍ സാധിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. സ്‌പെയിനില്‍ ഇപ്പോള്‍ 42,000 ആളുകളില്‍ കൊവിഡ്-19 സ്ഥിരീകരിക്കുകയും 3000 ആളുകള്‍ മരിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. 

കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ വെന്‍റിലേറ്ററും മാസ്‍കും ഉള്‍പ്പെടെയുള്ള ജീവന്‍രക്ഷാ ഉപകരണങ്ങള്‍ നിര്‍മ്മിക്കാനൊരുങ്ങുകയാണ് ലോകത്തെ പല വാഹന നിര്‍മ്മാതാക്കളും. മഹീന്ദ്ര ഗ്രൂപ്പിലെ ഉത്പാദനം നിര്‍ത്തിവെച്ച പ്ലാന്റുകളില്‍ വെന്റിലേറ്ററുകള്‍ നിര്‍മിക്കാമെന്നും  മഹീന്ദ്ര ഹോളിഡേയിലെ തങ്ങളുടെ റിസോർട്ടുകൾ താൽക്കാലിക പരിചരണ സൗകര്യങ്ങളാക്കി മാറ്റാനും തയ്യാറാണെന്നും മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 

അമേരിക്കയില്‍ കൂടുതല്‍ ആളുകള്‍ക്ക് കൊറോണ സ്ഥിരികരിച്ചതിനെ തുടര്‍ന്ന് വാഹന നിര്‍മാതാക്കളായ ഫോര്‍ഡ്, ജിഎം മോട്ടോഴ്‌സ് എന്നിവര്‍ക്ക് വെന്റിലേറ്ററുകള്‍ നിര്‍മിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുമതി നല്‍കി. ജിഎം മോട്ടോഴ്‌സ് വെന്റിലേറ്റര്‍ നിര്‍മാണം ആരംഭിച്ചു കഴിഞ്ഞു.

ഇറ്റാലിയന്‍-അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫിയറ്റ് ക്രൈസ്ലര്‍  ഏഷ്യന്‍ രാജ്യങ്ങള്‍ക്കായി മാസ്‌കുകള്‍ നിര്‍മിക്കാനൊരുങ്ങുകയാണ്. കമ്പനി സിഇഒ മൈക്ക് മാന്‍ലി ജീവനക്കാര്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്.

ഫിയറ്റിന്റെ ഏഷ്യയിലെ ഒരുവിഭാഗം ജീവനക്കാര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി പത്ത് ലക്ഷം മാസ്‌കുകള്‍ നിര്‍മിക്കുന്നുണ്ടെന്നും അത് അടുത്ത ആഴ്ചയോടെ വിവിധ സ്ഥലങ്ങളില്‍ എത്തിക്കാന്‍ സാധിക്കുമെന്നുമാണ് വിവരം.  പത്ത് മില്ല്യണ്‍ യൂറോയും(എകദേശം 82 കോടി രൂപ) 150 വെന്റിലേറ്ററുകളും റെഡ് ക്രോസ് സര്‍വീസിനായി നിരവധി വാഹനങ്ങളുമാണ് ഇറ്റാലിയന്‍ ആഡംബര സ്പോര്‍ട്സ് കാര്‍ നിര്‍മാതാക്കളായ ഫെറാരി രാജ്യത്തിന് നല്‍കുന്നത്.