ചൈനീസ് പൊതുമേഖലാ സ്ഥാപനമായ ഡോങ്ഫെങ് മോട്ടോര്‍ കോര്‍പ്പറേഷനുമായുള്ള കരാര്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ച് ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ. നഷ്ടത്തിലായതിനാലാണ് സംയുക്ത സംരംഭത്തില്‍നിന്ന് പിന്‍മാറാന്‍ റെനോ തീരുമാനിച്ചതിനു കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഡോങ്ഫെങ് മോട്ടോര്‍ കോര്‍പ്പറേഷനുമായി 50:50 അനുപാതത്തിലാണ് റെനോ സംയുക്ത സംരംഭത്തില്‍ ഏര്‍പ്പെട്ടിരുന്നത്. 

ഈ സംയുക്ത സംരംഭത്തിലൂടെ ചൈനയില്‍ കഴിഞ്ഞ വര്‍ഷം 20000ത്തില്‍ താഴെ കാറുകള്‍ മാത്രമാണ് റെനോ വിറ്റത്. 2020 ലെ ആദ്യ മൂന്ന് മാസങ്ങളില്‍ പതിനാല് യൂണിറ്റ് കാറുകള്‍ മാത്രമാണ് സംയുക്ത സംരംഭത്തില്‍ നിര്‍മിച്ചത്. ഈ ത്രൈമാസ കാലയളവില്‍ 633 കാറുകള്‍ വിറ്റു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 89 ശതമാനത്തിന്റെ ഇടിവാണ് സംഭവിച്ചത്. 

കഴിഞ്ഞ വര്‍ഷം ലാഭം ഇല്ലാതായതോടെയാണ് ബിസിനസില്‍ നിന്നും പിന്‍മാറാന്‍ റെനോ തീരുമാനിച്ചത്. ഈ നീക്കത്തിലൂടെ രണ്ട് ബില്യണ്‍ യൂറോയുടെ ചെലവുകള്‍ ചുരുക്കാനാണ് റെനോ ശ്രമിക്കുന്നത്. ഡോങ്ഫെങ് റെനോ ഓട്ടോമോട്ടീവ് കമ്പനിയില്‍ നിന്നും തങ്ങളുടെ ഓഹരി വില്‍ക്കാന്‍ കരാറിലെത്തിയെന്ന് റെനോ അറിയിച്ചു. ഇതോടെ 2016 ല്‍ റെനോ മോധാവി കാര്‍ലോസ് ഗോണ്‍ ഉദ്ഘാടനം ചെയ്‍ത വുഹാന്‍ പ്ലാന്റുമായി ബന്ധപ്പെട്ട മുഴുവന്‍ നിയന്ത്രണങ്ങളും ഡോങ്ഫെങിന് കൈമാറും. മാത്രമല്ല, റെനോ ബ്രാന്‍ഡ് കാറുകള്‍ വില്‍ക്കുന്നത് ഡോങ്ഫെങ് റെനോ ഓട്ടോമോട്ടീവ് കമ്പനി അവസാനിപ്പിക്കും.   

ഇതോടെ ചൈനയില്‍ പെട്രോള്‍ കാറുകള്‍ വില്‍ക്കുന്നത് റെനോ അവസാനിപ്പിക്കും. ഇനി ഇലക്ട്രിക് വാഹനങ്ങളിലും (ഇവി) ലഘു വാണിജ്യ വാഹനങ്ങളിലും (എല്‍സിവി) ശ്രദ്ധ കേന്ദ്രീകരിക്കും. ചൈനയില്‍ പുതിയ അധ്യായം ആരംഭിക്കുകയാണെന്ന് റെനോയുടെ ചൈനാ ബിസിനസ് ചെയര്‍മാന്‍ ഫ്രാങ്കോയിസ് പ്രൊവോസ്റ്റ് പറഞ്ഞു. നേരത്തെ ചൈന വിട്ട റെനോ പിന്നീട് 2016 ല്‍ തിരിച്ചെത്തിയതായിരുന്നു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പുതന്നെ ഡോങ്‌ഫെങുമായുള്ള സംയുക്ത സംരംഭം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നുവെന്നാണ് റെനോ വൃത്തങ്ങള്‍ പറയുന്നത്.

ചൈനയില്‍ വിറ്റ വാഹനങ്ങളുടെ സര്‍വീസ് ആഗോള പങ്കാളിയായ നിസാനുമായി ചേര്‍ന്ന് റെനോ നല്‍കും. നിസാന്‍ ഡീലര്‍ഷിപ്പുകളിലാണ് സര്‍വീസ് സൗകര്യം ഒരുക്കുന്നത്.