Asianet News MalayalamAsianet News Malayalam

ഇന്നോവയെ വിറപ്പിച്ച ഇത്തിരിക്കുഞ്ഞന് കയ്യടിച്ച് ജനം!

ട്രൈബറിന്റെ ഇതുവരെയുള്ള മൊത്തം വിൽപന 75,000 യൂണിറ്റ് പിന്നിട്ടു

Renault Triber sales cross 75000 unit mark
Author
Mumbai, First Published Apr 13, 2021, 3:51 PM IST

രാജ്യത്തെ എംപിവി സെഗമെന്‍റില്‍ ഇന്നോവയെന്ന വല്ല്യേട്ടനെ വിറപ്പിച്ച ഒരു കൊച്ചുപയ്യനാണ് ഫ്രഞ്ച് നിര്‍മ്മാതാക്കളായ റെനോയുടെ ട്രൈബര്‍. 2019-ഓഗസ്റ്റിലാണ് എംപിവി ശ്രേണിയിലേക്ക് ട്രൈബറിനെ റെനോ അവതരിപ്പിക്കുന്നത്. ഇന്ന് കമ്പനിയുടെ ഇന്ത്യന്‍ നിരയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട മോഡലുകളില്‍ ഒന്നാണ് ട്രൈബര്‍. ഇപ്പോഴിതാ ട്രൈബറിന്റെ ഇതുവരെയുള്ള മൊത്തം വിൽപന 75,000 യൂണിറ്റ് പിന്നിട്ടെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. വിപണിയിലെത്തി വെറും  21 മാസത്തിനുള്ളിലാണ് ഈ നേട്ടം സ്വന്തമാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.  2019-ഓഗസ്റ്റ് 28ന് പെട്രോൾ എൻജിനും മാനുവൽ ട്രാൻസ്മിഷനുമായി നാലു വകഭേദങ്ങളിൽ വിൽപനയ്ക്കെത്തിയ ട്രൈബറിന് 4.95 ലക്ഷം രൂപ മുതൽ 6.49 ലക്ഷം രൂപ വരെയായിരുന്നു ഷോറൂം വില. 

ഓഗസ്റ്റ് മുതൽ 2020 മാർച്ച് 31 വരെയുള്ള കാലത്തിനിടെ 33,860 യൂണിറ്റ് വിൽപനയാണു ട്രൈബർ നേടിയത്. 2020 - 21 സാമ്പത്തിക വർഷത്തെ വിൽപനയാവട്ടെ 74,816 യൂണിറ്റും. കഴിഞ്ഞ ജനുവരി - മാർച്ച് കാലത്ത് 11,768 ട്രൈബറുകളെ റെനോ വിറ്റു. പ്രതിമാസം ശരാശരി  3,922 യൂണിറ്റും ദിവസേന 126 എണ്ണവും എന്ന് കണൻക്കുകള്‍. ഈ നിലയ്ക്കാണെങ്കില്‍ മുക്കാൽ ലക്ഷം തികയാനുള്ള 184 യൂണിറ്റ് ഏപ്രിലിലെ ആദ്യ ദിനങ്ങളിൽ തന്നെ റെനോ വിറ്റഴിച്ചിട്ടുണ്ടാവുമെന്നാണു കണക്കുകൾ വ്യക്തമാക്കുന്നത്.

ലോഡ്‍ജിക്ക് ശേഷം റെനോ ഇന്ത്യയിലെത്തിക്കുന്ന രണ്ടാമത്തെ മള്‍ട്ടി പര്‍പ്പസ് വാഹനമാണിത്. എംപിവി ശ്രേണിയില്‍ മാരുതി സുസുക്കി എര്‍ട്ടിഗയ്ക്ക് തൊട്ടുതാഴെയാണ് ട്രൈബറിന്റെ സ്ഥാനം. ഏഴ് പേര്‍ക്ക് വരെ യാത്ര ചെയ്യാവുന്ന ട്രൈബറില്‍ കുറഞ്ഞ വില തന്നെയായിരുന്നു പ്രധാന പ്രത്യേകത. ഇന്നോവയെക്കൂടാതെ ബൊലേറോ, മരാസോ, എര്‍ട്ടിഗ തുടങ്ങിയവരാണ് ട്രൈബറിന്‍റെ സെഗ്മെന്‍റ് എതിരാളികള്‍.വിപണിയില്‍ എത്തിയ ഉടന്‍ ഇന്നോവയെ നാലാംസ്ഥാനത്തേക്ക് തള്ളി ട്രൈബര്‍ മൂന്നാം സ്ഥാനം സ്വന്തമാക്കിയിരുന്നു.

ട്രൈബറിന്‍റെ 2021 പതിപ്പിനെ അടുത്തിടെയാണ് റെനോ അവതരിപ്പിക്കുന്നത്. നിലവിലുള്ള മോഡലിനെക്കാള്‍ കുറച്ചു മാറ്റങ്ങളോടെയാണ് പുതിയ വാഹനത്തെ മാര്‍ച്ചില്‍ കമ്പനി വിപണിയില്‍ എത്തിച്ചത്. പുതിയ ട്രൈബറിൽ സ്റ്റിയറിംഗ് മൗണ്ട് ചെയ്‍ത ഓഡിയോ, ഫോണ്‍ നിയന്ത്രണങ്ങള്‍ എന്നിവ ലഭിക്കുന്നു. ഡ്രൈവര്‍ സീറ്റ് ഉയരം ക്രമീകരിക്കാം. എല്ലാ കളര്‍ ഓപ്ഷനുകളിലുടനീളം ഡ്യുവല്‍-ടോണ്‍ എക്സ്റ്റീരിയറുകളും പുതിയ ബോഡി കളറും ലഭിക്കുന്നുണ്ട്. മൂണ്‍ലൈറ്റ് സില്‍വര്‍, ഇലക്ട്രിക് ബ്ലൂ, മെറ്റല്‍ മസ്റ്റാര്‍ഡ്, ഐസ് കൂള്‍ വൈറ്റ്, ഔട്ട്ബാക്ക് ബ്രോണ്‍സ് എന്നീ അഞ്ച് നിറങ്ങളിലാണ് പുതിയ ട്രൈബര്‍ എത്തുന്നത്. ഈ അഞ്ച് നിറങ്ങളുടെയും ഡ്യുവല്‍ ടോണ്‍ പതിപ്പും എത്തുന്നുണ്ട്. ഈ നിറങ്ങള്‍ക്കൊപ്പം ബ്ലാക്ക് റൂഫാണ് ഇതില്‍ നല്‍കുന്നത്. റെഗുലര്‍ മോഡലിനെക്കാള്‍ 17,000 രൂപ അധികമാണ് ഡ്യുവല്‍ ടോണിന്. ട്രൈബര്‍ നിരയില്‍ മുമ്പുണ്ടായിരുന്ന ഫെയറി റെഡ് നിറം നിരയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നാണ് സൂചന.

3990 എം.എം. നീളം, 1739 എം.എം. വീതി, 1643 എം.എം. ഉയരം, 2636 എം.എം. വീല്‍ബേസുമാണ് ട്രൈബറിനുള്ളത്. 947 കിലോഗ്രാമാണ് ഭാരം. 1.0 ലിറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ട്രൈബറിന് കരുത്തേകുന്നത്. 6250 ആര്‍.പി.എമ്മില്‍ 72 പി.എസ് പവറും 3500 ആര്‍.പി.എമ്മില്‍ 96 എന്‍.എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, എ.എം.ടി. ഗിയര്‍ബോക്‌സുകളാണ് ഈ വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. രിഷ്കരിച്ചതോടെ ട്രൈബറിന്റെ ഡൽഹിയിലെ ഷോറൂം വില 5.30 ലക്ഷം രൂപ മുതൽ 7.82 ലക്ഷം രൂപ വരെയായി ഉയർത്തുകയും ചെയ്‍തിരുന്നു. 

Follow Us:
Download App:
  • android
  • ios