രാജ്യത്തെ നിരത്തുകളില്‍ സമ്പൂര്‍ണ ഇലക്ട്രിക്ക് വാഹനങ്ങളെന്നതാണ് കേന്ദ്ര സര്‍ക്കാരിന്‍റെ സ്വപ്‍നം. ഈ സ്വപ്‍നത്തിന് കരുത്തുപകര്‍ന്ന് നിരവധി കമ്പനികള്‍ വിവിധ മോഡലുകളുമായി എത്തുന്നുണ്ട്. ഇപ്പോഴിതാ പുതിയൊരു ഇലക്ട്രിക്ക് കാറുമായ എത്തുകയാണ് ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ.

ആഗോള വിപണിയില്‍ വില്‍പ്പനയ്ക്കുള്ള റെനോയുടെ സോയി എന്ന കുഞ്ഞന്‍ കാറാണ് ഇലക്ട്രിക്ക് കരുത്തില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം വാഹനത്തിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ കമ്പനി അന്താരാഷ്ട്ര വിപണിയില്‍ അവതരിപ്പിച്ചിരുന്നു. 

ഹാച്ച്ബാക്ക് നിരയിലേക്കാകും വാഹനത്തെ കമ്പനി അവതരിപ്പിക്കുക. നടക്കാനിരിക്കുന്ന ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ വാഹനത്തെ കമ്പനി അവതരിപ്പിച്ചേക്കും. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചുള്ള മാറ്റങ്ങളോടെയാവും സോയി എത്തുക. മികച്ച സൗകര്യങ്ങളും ഫീച്ചറുകളും വാഹനത്തില്‍ ഉണ്ടാകുമെന്നു തന്നെയാണ് റിപ്പോര്‍ട്ട്.

ഭാഗങ്ങളായി ഇറക്കുമതി ചെയ്തു കൂട്ടിയോജിപ്പിക്കുന്ന കംപ്ലീറ്റലി നോക്കഡ് ഡൗണ്‍ (CKD) രീതിയിലാവും സോയിയേ റെനോ ഇന്ത്യയില്‍ അവതരിപ്പിക്കുക. ബാറ്ററി സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും 41 kW ബാറ്ററിയാകും വാഹനത്തിന്റെ ഹൃദയം. ഈ ബാറ്ററി 90 bhp കരുത്ത് സൃഷ്ടിക്കും. ഒറ്റ ചാര്‍ജില്‍ 300-350 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സോയിക്ക് സാധിക്കും. 

ഫ്ലോറില്‍ സജ്ജീകരിച്ചിരിക്കുന്ന ബാറ്ററി പാക്കിന്, കൂടുതല്‍ സംരക്ഷണം ലഭിക്കുന്ന വിധം മാറ്റങ്ങള്‍ ഇന്ത്യയിലെത്തുമ്പോള്‍ സോയിക്ക് ലഭിക്കും. കൂടുതല്‍ വലിപ്പമുള്ള സ്പീഡ് ബ്രെക്കറുകളുള്ള ഇന്ത്യന്‍ റോഡ് സാഹചര്യങ്ങളില്‍, അണ്ടര്‍ബോഡിക്ക് അധിക പരിരക്ഷയും അനിവാര്യമാണ്.

എല്‍ഇഡി ഹെഡ്‌ലാമ്പുകളും, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകളും, ഫ്‌ലൂയിഡിക് ലുക്കും വാഹനത്തിന്റെ സവിശേഷതകളാണ്. 9.3 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിറ്റം, ഈസി ലിങ്ക് മള്‍ട്ടിമീഡിയ സിസ്റ്റം തുടങ്ങിയവ അകത്തളത്തെ മനോഹരമാക്കും. 

14 ലക്ഷം രൂപ മുതല്‍ 16 ലക്ഷം രൂപ വരെയാണ് വാഹനത്തിന് പ്രതീക്ഷിക്കുന്ന വില. ഈ വര്‍ഷം അവസാനത്തോടെ വാഹനത്തെ റെനോ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിച്ചേക്കും.  ക്വിഡ് ഇലക്ട്രിക്കിനെയും റെവോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ്. ക്വിഡിന്റെ ഇലക്ട്രിക്ക് പതിപ്പിനെ കഴിഞ്ഞ വര്‍ഷം കമ്പനി ചൈനയില്‍ അവതരിപ്പിച്ചിരുന്നു. സിറ്റി K-ZE എന്ന പേരിലാണ് ചൈനയില്‍ മോഡല്‍ അവതരിപ്പിച്ചിരിക്കുന്നത്. 61,800 യുവാനാണ് (ഇന്ത്യയില്‍ ഏകദേശം 6.22 ലക്ഷം രൂപ) ചൈനീസ് ഇലക്ട്രിക്ക് ക്വിഡിന്റെ വില.