തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ആറ് ദിവസം കൊണ്ട് മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ വാഹനപരിശോധനയില്‍ പിഴയായി സര്‍ക്കാരിന് ലഭിച്ചത് 36.34 ലക്ഷം രൂപ. 

ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് തുടങ്ങിയവ കര്‍ശനമാക്കിക്കൊണ്ട് വകുപ്പിന്‍റെ വിവിധ സ്‍ക്വാഡുകളാണ് പരിശോധന ശക്തമാക്കിയത്. ഡിസംബര്‍ 2നാണ് പരിശോധന തുടങ്ങിയത്. ഹെല്‍മറ്റ് ധരിക്കാത്തതിനു ശനിയാഴ്‍ച വരെ 5192 പേരെ പിടികൂടി. ഇതില്‍ 2586 പേര്‍ പിന്‍സീറ്റ് യാത്രികരാണ്. സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് 901 പേരാണ് പിടിയിലായത്. 80 ടൂറിസ്റ്റു ബസുകളും പരിശോധനയില്‍ കുടുങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

പുതുക്കിയ മോട്ടോര്‍വാഹന നിയമത്തില്‍ നിന്നും വിഭിന്നമായി കേരളം പിഴത്തുകയില്‍ കുറവു വരുത്തിയരുന്നു. ഈ തുകയാണ് പരിശോധനയില്‍ ഈടാക്കുന്നതും. പിഴത്തുകയില്‍ കുറവുവരുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്ന കഴിഞ്ഞദിവസം അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കുറഞ്ഞ പിഴത്തുകയുമായിത്തന്നെ തല്‍ക്കാലം മുന്നോട്ടു പോകാനാണ് സംസ്ഥാനത്തെ ഗതാഗതവകുപ്പെന്നാണ് റിപ്പോര്‍ട്ടുകള്‍.