ലാൻസറിലും പജേറോയിലും കയറി ഇന്ത്യയിൽ പ്രശസ‌്‌തിയുടെ കൊടിമുടിയിലേക്ക് സഞ്ചരിച്ച ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളാണ് മിത്സുബിഷി. എന്നാല്‍ ഈ ബ്രാൻഡ് ഇന്ത്യൻ വാഹന വിപണിയിൽ നിന്നും പിൻവാങ്ങാൻ ഒരുങ്ങുന്നതായാണ് പുതിയ റിപ്പോര്‍ട്ട്. മിത്സുബിഷിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഒരു മോഡലിനെയോ സർവീസ് കേന്ദ്രത്തെയോ പോലും കമ്പനി പട്ടികപ്പെടുത്തിയിട്ടില്ല എന്നതാണ് ഈ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നില്‍. ആഭ്യന്തര വിപണിയിൽ കമ്പനിക്ക് താൽപര്യം ഇല്ലാത്തതിനാലാണ് ഇതെന്നാണ് സൂചന. 

രാജ്യത്തെ C2 സെഗ്മെന്റിൽ മികച്ച പ്രകടനം കാഴ്‌ചവെച്ച മോഡലാണ് ലാൻസർ. എന്നാല്‍ ഉയർന്ന വിലയും വിൽപ്പനാനന്തര ശൃംഖലയുടെ പോരായ്‌മകളും ലാൻസറിന്റെ വിജയത്തിന് വിലങ്ങുതടിയായി. കരുത്തുറ്റതും മതിയായ സൗകര്യപ്രദവുമായ ക്യാബിൻ എന്നിവ കൊണ്ട് സമ്പന്നരും പ്രശസ്‌തരുമായ ഉപഭോക്താക്കൾക്കിടയിൽ ജനപ്രിയ മോഡലായിരുന്നു പജേറോ. എന്നാല്‍ കൂടുതല്‍ അത്യാധുനികമായി വാഹനത്തെ പരിഷ്‍കരിക്കുന്നതില്‍ കമ്പനി കാണിച്ച അലംഭാവം പജേറോയുടെ വിപണിയും നഷ്‍ടമാക്കി. 

സോഫ്റ്റ്-റോഡറായ മുൻ തലമുറ ഔട്ട്ലാൻഡർ, ലാൻസർ സിഡിയ തുടങ്ങിയവയും മതിയായ സവിശേഷതകളുടെ അഭാവവും വിൽപ്പനാനന്തര ശൃംഖലയും കാരണം ഇവക്കും മാർക്കറ്റിൽ തിളങ്ങാൻ കഴിഞ്ഞില്ല.

അവസാനം 2012-ൽ മിത്സുബിഷി അവതരിപ്പിച്ച മോഡലായിരുന്നു പജേറോ സ്പോർട്‍സ്. എന്നാല്‍ ഈ വാഹനത്തിന് ഫോർഡ് എൻ‌ഡവർ, ടൊയോട്ട ഫോർച്യൂണർ എന്നിവ പോലുള്ള മികച്ച മോഡലുകളെ മറികടക്കാൻ കഴിഞ്ഞില്ല. 2018-ൽ കമ്പനി മൂന്നാംതലമുറ ഔട്ട്‌ലാൻഡറെ കൊണ്ടുവന്നു. എന്നാല്‍ മിത്സുബിഷിയിൽ വാഹന പ്രേമികള്‍ക്ക് ഉണ്ടായിരുന്ന വിശ്വാസവും സ്വീകാര്യതയും അപ്പോഴേക്കും നഷ്ടപ്പെട്ടിരുന്നു.  ഇതു കാരണം നല്ല ഒരു മോഡൽ ആയിരുന്നെങ്കിലും വാഹനത്തിന് തിളങ്ങാൻ കഴിഞ്ഞില്ല.

വില്‍പ്പന ഇല്ലാത്തതിനാല്‍ 2019 ഡിസംബറില്‍ ഔട്ട്ലാന്‍ഡറിന്‍റെ വില കമ്പനി വന്‍ തോതില്‍ വെട്ടിക്കുറച്ചിരുന്നു. അഞ്ച് ലക്ഷത്തിലധികം രൂപയോളമാണ് കുറച്ചത്. 2018 ജൂലായില്‍ പുതുക്കിയ ഔട്ട്‌ലാന്‍ഡറിനെ വിപണിയില്‍ അവതരിപ്പിച്ച സമയത്ത് 31.95 ലക്ഷം രൂപയായിരുന്നു വാഹനത്തിന്‍റെ ദില്ലി എക്‌സ് ഷോറൂം വിലയെങ്കില്‍ 26.93 ലക്ഷം രൂപയായിട്ടാണ് കുറച്ചത്. എന്നാല്‍ ഈ വിലക്കുറവും കമ്പനിക്ക് കാര്യമായ ഗുണമൊന്നും നല്‍കിയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഇന്ത്യയില്‍ ആറ് വര്‍ഷങ്ങള്‍ക്കിടെ ജാപ്പനീസ് വാഹന നിര്‍മാതാക്കളുടെ ആദ്യ ലോഞ്ചായിരുന്നു ഔട്ട്‌ലാന്‍ഡര്‍ എസ്‌യുവി. വില കുറച്ചതോടൊപ്പം ആന്‍ഡ്രോയ്ഡ് ഓട്ടോ, മിറര്‍ലിങ്ക് സഹിതം പുതിയ 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം ഉള്‍പ്പെടെ പുതിയ ഫീച്ചറുകളും നല്‍കി. ഇന്ത്യയില്‍ പെട്രോള്‍ എന്‍ജിനില്‍ മാത്രമാണ് ഔട്ട്‌ലാന്‍ഡര്‍ ലഭിക്കുന്നത്.