ഇന്ത്യന്‍ ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പ് കമ്പനിയായ റിവോള്‍ട്ട് ഇന്‍റലികോര്‍പ്പ്  ഇലക്ട്രിക് മോട്ടോർസൈക്കിളുകളുടെ ബുക്കിംഗ് വീണ്ടും തുടങ്ങുന്നു

ഇന്ത്യന്‍ ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പ് കമ്പനിയായ റിവോള്‍ട്ട് ഇന്‍റലികോര്‍പ്പ് ഇലക്ട്രിക് മോട്ടോർസൈക്കിളുകളുടെ ബുക്കിംഗ് വീണ്ടും തുടങ്ങുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവിലുള്ള ഓർഡറുകളുടെ ഡെലിവറി തീയതികൾ സ്ഥിരീകരിച്ചതിനുശേഷം കമ്പനി പുതിയ ബുക്കിംഗ് തുടങ്ങും എന്നാണ് റിപ്പോര്‍ട്ടുകള്‍. 2021 അവസാനത്തിൽ ഡെലിവറി ചെയ്യാൻ നിശ്ചയിച്ചിരുന്ന ഉപഭോക്താക്കൾ നടത്തിയ ബുക്കിംഗുകളുടെ ഡെലിവറി തീയതികളും റിവോൾട്ട് പ്രഖ്യാപിക്കും. 

സമ്പൂർണ്ണ കോൺടാക്റ്റ് ലെസ് ഓൺലൈൻ ബുക്കിംഗ് സംവിധാനം റിവോൾട്ടിന് ഉണ്ട്. ഉപഭോക്താക്കൾക്ക് കമ്പനിയുടെ വെബ്‌സൈറ്റിലൂടെ ബുക്കിംഗിനായി രജിസ്റ്റർ ചെയ്യാൻ സാധിക്കും. ഉൽപാദന ശേഷി വർധിപ്പിക്കാനും ഡെലിവറിക്കായുള്ള കാത്തിരിപ്പ് കാലയളവ് കുറയ്ക്കാനും ആണ് നിലവിൽ റിവോൾട്ട് ആലോചിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

3kW മോട്ടോറുള്ള റിവോൾട്ട് RV 400 -ൽ 72V, 3.24kWh ലിഥിയം അയൺ ബാറ്ററിയാണ് വരുന്നത്. ഇതിന് പരമാവധി 85 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കും. റിവോൾട്ട് RV 300 -ൽ 1.5 kW (ഹബ് മോട്ടോർ), 60V, 2.7kWh ലിഥിയം അയൺ ബാറ്ററി ലഭിക്കുന്നു. 180 കിലോമീറ്റർ ശ്രേണി ഇത് വാഗ്ദാനം ചെയ്യുന്നു. രണ്ട് ബൈക്കുകളിലും ഇക്കോ, നോർമൽ, സ്പോർട്ട് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകൾ ലഭ്യമാണ്. 

നിലവിൽ ദില്ലി, മുംബൈ, പൂനെ, ചെന്നൈ, അഹമ്മദാബാദ്, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് റിവോൾട്ട് പ്രവർത്തിക്കുന്നത്. ഇന്ത്യന്‍ ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പ് കമ്പനിയായ റിവോള്‍ട്ട് ഇന്റലികോര്‍പ്പ് 2019 ഓഗസ്റ്റ് മാസത്തിലാണ് RV300, RV400 എന്നിങ്ങനെ രണ്ട് മോഡലുകളെ വിപണിയില്‍ അവതരിപ്പിക്കുന്നത്. ഉയര്‍ന്ന മോഡലായ RV400-ന് വിപണിയില്‍ 1,08,999 രൂപയായിരുന്നു എക്സ്ഷോറും വില. 84,999 രൂപ എക്‌സ്‌ഷോറൂം വിലയിലാണ് RV300 അവതരിപ്പിച്ചത്. ആവശ്യക്കാര്‍ കൂടിയതോടെ ഇടക്കാലത്ത് ബൈക്കുകളും വില നിര്‍മ്മാതാക്കള്‍ വര്‍ധിപ്പിക്കുകയും ചെയ്‍തിരുന്നു. ഇരുമോഡലുകളിലും ഏകദേശം 14,200 രൂപയാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്. തുടർന്നാണ് ബുക്കിംഗ് കമ്പനി നിര്‍ത്തിവച്ചത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona