Asianet News MalayalamAsianet News Malayalam

ഉടമയുടെ സ്വഭാവം പഠിക്കും, ഒച്ച മാറ്റും; തനി രാവണനാണിവന്‍!

രാജ്യത്തെ നിർമ്മിത ബുദ്ധിയുള്ള ആദ്യ ഇലക്ട്രിക് ബൈക്കുമായി ഇലക്ട്രിക് ടൂ-വീലർ നിർമാണ സ്റ്റാർട്ടപ്പായ റിവോൾട്ട് ഇന്റലികോർപ്. ആർവി400 എന്നാണ് ഈ പുതിയ ബൈക്കിന്‍റെ പേര്. 
 

Revolt RV 400 Electric Bike Launch
Author
Mumbai, First Published Jun 19, 2019, 10:27 AM IST

രാജ്യത്തെ നിർമ്മിത ബുദ്ധിയുള്ള ആദ്യ ഇലക്ട്രിക് ബൈക്കുമായി ഇലക്ട്രിക് ടൂ-വീലർ നിർമാണ സ്റ്റാർട്ടപ്പായ റിവോൾട്ട് ഇന്റലികോർപ്. ആർവി400 എന്നാണ് ഈ പുതിയ ബൈക്കിന്‍റെ പേര്. 

ജിയോ ഫെന്‍സിങ്, റിമോട്ട് ഡയഗ്നോസ്റ്റിക്‌സ്, ക്ലൗഡ് സേവനങ്ങള്‍, സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റുകള്‍ മുതലായവ കണക്ടഡ് ടെക്‌നോളജി മുഖേന സാധിക്കുമെന്നതാണ് റിവോള്‍ട്ട് RV400 ന്‍റെ പ്രധാനപ്രത്യേകത. ഇതിനായി ബൈക്കിൽ 4G സിം എംബഡ് ചെയ്‍തിട്ടുണ്ട്. നിങ്ങളുടെ സ്‍മാർട്ട് ഫോണിൽ കമ്പനിയുടെ മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്‌താൽ വാഹനത്തിന്റെ പെർഫോമൻസ്, ഹെൽത്ത് എന്നിവ ട്രാക്ക് ചെയ്യാനാകും. കീ ഉപയോഗിക്കാതെ തന്നെ ബൈക്ക് സ്റ്റാർട്ട് ചെയ്യുന്നതിനും ഈ ആപ്പ് ഉപയോഗിക്കാം. ബാറ്ററി മാറാനും എക്സോസ്റ്റിന്റെ ശബ്ദം മാറ്റാനും ആപ്പ് സഹായിക്കും.

ഒറ്റ ചാർജിൽ 156 കിലോമീറ്റർ വരെ സഞ്ചരിക്കാനാകുന്ന ബൈക്കിന് 85 kmph ആണ് പരമാവധി വേഗത.  ലിഥിയം അയോണ്‍ ബാറ്ററി യൂണിറ്റാണ് ബൈക്കിന്‍റെ ഹൃദയം. സാധാരണ ഇലക്ട്രിക് പ്ലഗില്‍ നേരിട്ട് കുത്തിയും ബൈക്കില്‍ നിന്നും ബാറ്ററി യൂണിറ്റ് ഊരിമാറ്റിയും ഉള്‍പ്പെടെ നാലു വിധത്തില്‍ ഈ ബാറ്ററി ചാര്‍ജ് ചെയ്യാം. നാലു മണിക്കൂർ കൊണ്ട് പൂർണമായും ചാർജ്ജാകും. 

മുന്നില്‍ അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് അബ്‌സോര്‍ബറുമാണ് സസ്‌പെന്‍ഷന്‍. പരന്ന ഹാന്‍ഡില്‍ബാറാണ് RV400 -ന്. എട്ടു സ്‌പോക്ക് അലോയ് ആണ് വീലുകള്‍.  അടിസ്ഥാന സൗകര്യമായി ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാനവുമുണ്ട്. ഇലക്ട്രിക് മോട്ടോറിന്റെ മൂളല്‍ ശബ്‍ദം ഇഷ്‍ടമില്ലാത്തവര്‍ക്കായി കൃത്രിമ എഞ്ചിന്‍ ശബ്ദം, ഇലക്ട്രോണിക് കണ്‍ട്രോള്‍ യൂണിറ്റ്, ബാറ്ററി മാനേജ്‌മെന്റ് സംവിധാനം തുടങ്ങിയ നിരവധി പ്രത്യേകതകളുണ്ട് ഈ ബൈക്കിന്. 

ഡാറ്റ ശേഖരണത്തിലൂടെ ഓടിക്കുന്നയാളുടെ റൈഡിങ് സ്വഭാവം പഠിക്കാനും മനസിലാക്കാനും ഈ ബൈക്കിന് കഴിയുമെന്നും കമ്പനി പറയുന്നു. ഈ വിവരങ്ങള്‍ ആധാരമാക്കിയാകും ഇന്‍ഷുറന്‍സ് പ്രീമിയം നിരക്കുകള്‍ നിശ്ചയിക്കപ്പെടുക. അതായത് ഡാറ്റ ശേഖരണത്തിന്റെ അടിസ്ഥാനത്തില്‍ ഉടമക്ക് ഉയര്‍ന്ന മാര്‍ക്കു ലഭിച്ചാല്‍ കുറഞ്ഞ ഇന്‍ഷുറന്‍സ് പ്രീമിയം അടച്ചാല്‍ മതിയെന്നാണ് കമ്പനിയുടെ അവകാശവാദം.  

കമ്പനിയുടെ മനേസര്‍ ശാലയില്‍ നിന്നാണ് RV400 യൂണിറ്റുകള്‍ പുറത്തിറങ്ങുക. പ്രതിവര്‍ഷം 1.2 ലക്ഷം യൂണിറ്റുകളാണ് മനേസര്‍ ശാലയുടെ ശേഷി. ആദ്യഘട്ടമായി അടുത്ത നാലു മാസങ്ങൾക്കുള്ളിൽ ചെന്നൈ, നാഗ്പൂര്‍, അഹമ്മദാബാദ്, ദില്ലി, പൂനെ, ബെംഗളൂരു, ഹൈദരാബാദ് ഉള്‍പ്പെട രാജ്യത്തെ ഏഴ് നഗരങ്ങളിൽ ഈ ബൈക്കെത്തും. ഇന്ത്യന്‍ വിപണിയില്‍ ഏകദേശം ഒന്നരലക്ഷം രൂപയാണ് റിവോള്‍ട്ട് RV400 -ന് പ്രതീക്ഷിക്കുന്ന വില. 

ജൂൺ 25 മുതൽ കമ്പനിയുടെ വെബ്സൈറ്റ് വഴിയും ആമസോൺ വഴിയും 1000 രൂപ അടച്ച് ബൈക്ക് പ്രീ-ബുക്ക് ചെയ്യാം. 

Follow Us:
Download App:
  • android
  • ios