റിമോട്ട് വഴി സ്റ്റാർട്ട് ചെയ്യാൻ കഴിയുന്ന അത്യാധുനിക സംവിധാനമാണ് വരുന്നതെന്ന് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു

ഇന്ത്യന്‍ ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പ് കമ്പനിയായ റിവോള്‍ട്ട് ഇന്‍റലികോര്‍പ്പിന്‍റെ ഇലക്ട്രിക്ക് ബൈക്കുകളില്‍ പുതിയ സംവിധാനം വരുന്നു. റിമോട്ട് വഴി സ്റ്റാർട്ട് ചെയ്യാൻ കഴിയുന്ന അത്യാധുനിക സംവിധാനമാണ് വരുന്നതെന്ന് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വൈപ്പ് എന്നാണ് ഈ സംവിധാനത്തിന്‍റേ പേര്. ഈ സംവിധാനത്തിലൂടെ ഉടമകൾക്ക് അവരുടെ സ്മാർട്ട്ഫോൺ ആപ്പ് ഉപയോഗിച്ച് റിവോൾട്ട് ഇലക്ട്രിക് മോട്ടോർസൈക്കിൾ റിമോട്ട് വഴി സ്റ്റാർട്ട് ചെയ്യാൻ കഴിയും. പൂര്‍ണ ചാര്‍ജില്‍ 150 കിലോമീറ്ററോളം ഓടാന്‍ കഴിവുള്ള AI പ്രവര്‍ത്തനക്ഷമമാക്കിയ RV300, RV400 ബൈക്കുകള്‍ക്ക് 3.24 കിലോവാട്ട്‌സ് ലിഥിയം അയണ്‍ ബാറ്ററിയാണ് ലഭിക്കുന്നത്.

ഫെയിം II പദ്ധതി പ്രകാരം വില കുറച്ചതോടെ റിവോൾട്ട് RV400 ഇപ്പോൾ 90,799 രൂപയ്ക്കാണ് ഡൽഹിയിൽ വിൽപ്പനയ്ക്ക് എത്തുന്നത്. അഹമ്മദാബാദിൽ 87,000 രൂപയ്ക്കും ബൈക്ക് സ്വന്തമാക്കാം. ഇക്കോ, നോർമൽ, സ്പോർട്ട് എന്നീ മൂന്ന് റൈഡിംഗ് മോഡുകളും റിവോൾട്ട് RV400 പതിപ്പിന്റെ പ്രത്യേകതയാണ്.

2019 ഓഗസ്റ്റ് മാസത്തിലാണ് ഇന്ത്യന്‍ ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പ് കമ്പനിയായ റിവോള്‍ട്ട് ഇന്‍റലികോര്‍പ്പ് RV300, RV400 എന്നീ രണ്ട് മോഡലുകളെ വിപണിയില്‍ അവതരിപ്പിക്കുന്നത്. അടിസ്ഥാന സൗകര്യ മേഖലയിൽ പ്രവർത്തിച്ചിരുന്ന രത്തൻ ഇന്ത്യ ഇൻഫ്ര കഴിഞ്ഞ ഏപ്രിലിലാണ് 150 കോടി രൂപ മുടക്കി റിവോൾട്ട് മോട്ടോഴ്‍സിൽ 43% ഓഹരി പങ്കാളിത്തം സ്വന്തമാക്കിയത്. ഹരിയാനയിലെ മനേസറിലെ ഗ്രീൻഫീൽഡ് പ്ലാൻറിൽ നിന്നാണ്​ റിവോള്‍ട്ട് ഇലക്ട്രിക്ക് ബൈക്കുകള്‍ പിറക്കുന്നത്. നിലവിൽ ദില്ലി, മുംബൈ, പൂനെ, ചെന്നൈ, അഹമ്മദാബാദ്, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് റിവോൾട്ട് പ്രവർത്തിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona