ചൈനയിൽ നിന്ന് യന്ത്രഘടകങ്ങൾ ഇറക്കുമതി ചെയ്യുന്നത് അവസാനിപ്പിക്കാനും വാഹനം പൂർണമായും പ്രാദേശികമായി നിർമിക്കാനും നീക്കം

ഇന്ത്യന്‍ ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പ് കമ്പനിയായ റിവോള്‍ട്ട് ഇന്‍റലികോര്‍പ്പ് വില കുറഞ്ഞ ഒരു ബൈക്കിന്‍റെ പണിപ്പുരയിലാണെന്ന് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. റിവോൾട്ട്​​ ആർ.വി 1 എന്ന്​ പേരിട്ടിരിക്കുന്ന വാഹനം പൂർണമായും പ്രാദേശികമായി നിർമിക്കാനാണ്​ നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍​. നിലവിൽ ആർ‌വി 300, 400 എന്നിങ്ങനെ ഇ.വി ബൈക്കുകൾ​ കമ്പനി വിൽക്കുന്നുണ്ട്​. 

ഞങ്ങൾ ആർ‌വി 300 മോഡലിനെ ഘട്ടംഘട്ടമായി ഒഴിവാക്കും. അതി​ന്‍റെ സ്ഥാനത്ത് കുറഞ്ഞ വിലയ്ക്ക് ആർ‌വി 1 എന്ന പുതിയ മോഡൽ അവതരിപ്പിക്കും'-കമ്പനി പ്രമോട്ടർ അഞ്​ജലി രത്തൻ വ്യക്തമാക്കുന്നു. 

അടുത്ത വർഷം ആദ്യം പുതിയ വാഹനത്തി​ന്‍റെ ഉത്പാദനത്തിലേക്ക് കമ്പനി കടന്നേക്കും. രത്തൻ ഇന്ത്യ കമ്പനിയാണ്​ റിവോൾട്ട്​ ബൈക്കുകൾ നിർമിക്കുന്നത്​. ഹരിയാനയിലെ മനേസറിലെ ഗ്രീൻഫീൽഡ് പ്ലാൻറിൽ നിന്നാണ്​ റിവോള്‍ട്ട് ഇലക്ട്രിക്ക് ബൈക്കുകള്‍ പിറക്കുന്നത്. നിലവിൽ ദില്ലി, മുംബൈ, പൂനെ, ചെന്നൈ, അഹമ്മദാബാദ്, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് റിവോൾട്ട് പ്രവർത്തിക്കുന്നത്.

പൂർണമായും പുതിയ മോഡലായ ആർ വി1നു താരതമ്യേന വിലയും കുറവായിരിക്കുമെന്ന് കമ്പനി പറയുന്നു. മുഴുവൻ ഘടകങ്ങളും ഇന്ത്യയിൽ നിന്നു സമാഹരിച്ച ആർ വി വണ്ണിന്റെ ഉൽപാദനം അടുത്ത വർഷം ആദ്യം ആരംഭിക്കാനാവുമെന്നാണു റിവോൾട്ടിന്‍റെ പ്രതീക്ഷ. ഈ ഡിസംബറോടെ കമ്പനിയുടെ വൈദ്യുത ബൈക്കുകൾ പൂർണമായും ഇന്ത്യൻ നിർമിതമാക്കാനാണു റിവോൾട്ട് ലക്ഷ്യമിട്ടിരിക്കുന്നത്. നിലവിൽ ചൈനയിൽ നിന്ന് യന്ത്രഘടകങ്ങൾ ഇറക്കുമതി ചെയ്യുന്നുണ്ടെങ്കിലും ഇത് വൈകാതെ അവസാനിപ്പിക്കാനാണ് കമ്പനിയുടെ നീക്കം. 

അടിസ്ഥാന സൗകര്യ മേഖലയിൽ പ്രവർത്തിച്ചിരുന്ന രത്തൻ ഇന്ത്യ ഇൻഫ്ര കഴിഞ്ഞ ഏപ്രിലിലാണ് 150 കോടി രൂപ മുടക്കി റിവോൾട്ട് മോട്ടോഴ്‍സിൽ 43% ഓഹരി പങ്കാളിത്തം സ്വന്തമാക്കിയത്.

ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹന വിപണി 2025 ഓടെ 50,000 കോടി രൂപയുടേതായി മാറുമെന്നാണ്​ നിഗമനം. മക്കിൻസി റിപ്പോർട്ട് അനുസരിച്ച് 50 ലക്ഷം യൂനിറ്റ് വാർഷിക വിൽപ്പന 2025ൽ മേഖലയിലുണ്ടാകും. സർക്കാർ പിന്തുണയും ഫെയിം II ഇൻസെൻറീവ്, ഇ-ബൈക്കുകളുടെ 5 ശതമാനം ജിഎസ്​ടി എന്നിവ അനുകൂലഘടകങ്ങളാണ്​. ഫോസിൽ ഇന്ധന ബൈക്കുകളുടെ 28 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ, ഇ-ഇരുചക്ര വാഹനങ്ങൾ രാജ്യത്ത് താങ്ങാനാവുന്ന തരത്തിലേക്ക്​ മാറാനാണ്​ സാധ്യത എന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona