ദില്ലി: നഗരത്തില്‍ പ്രവേശിക്കുന്ന വാണിജ്യ വാഹനങ്ങള്‍ക്ക് റേഡിയോ ഫ്രീക്വന്‍സി തിരിച്ചറിയല്‍ ടാഗ് നിര്‍ബന്ധമാക്കി ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. വാഹനഗതാഗതം സുഗമമാക്കാനും മലിനീകരണനിരക്ക് കുറയ്ക്കാനുമാണ് പുതിയ നീക്കം.

ഈ സംവിധാനം നഗരാതിര്‍ത്തികളിലെ തിരക്കേറിയ 13 ടോള്‍ പ്ലാസകളില്‍ വെള്ളിയാഴ്ച അര്‍ധരാത്രിമുതല്‍ പ്രാബല്യത്തിലായെന്ന് തെക്കന്‍ ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. നിലവില്‍, ഒരു വാഹനത്തിന് ടോള്‍പ്ലാസ കടന്നുപോവാന്‍ 20 സെക്കന്‍ഡുകള്‍ വേണം. എന്നാല്‍, റേഡിയോ ഫ്രീക്വന്‍സി ടാഗ് സംവിധാനം നടപ്പാവുന്നതോടെ ഇത് അഞ്ചുസെക്കന്‍ഡായി കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ടാഗില്ലാത്ത വാഹനങ്ങളെ ആദ്യഘട്ടത്തില്‍ പിഴയീടാക്കി  കടത്തിവിടും. മൂന്നാഴ്ചയ്ക്കുശേഷം ടാഗില്ലാത്ത വാഹനങ്ങളെ നഗരത്തിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.