Asianet News MalayalamAsianet News Malayalam

എച്ചും എട്ടും കിട്ടാന്‍ ഇനി കൂടുതല്‍ വിയര്‍ക്കും, പുതിയ നീക്കവുമായി കേന്ദ്ര സര്‍ക്കാരും!

രാജ്യത്തെ ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്ന സംവിധാനത്തിന് കൂടുതല്‍ ഗുണനിലവാരം ഉറപ്പുവരുത്തുന്ന നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍

Road Transport And Highways issued draft notification for driving course to get  license
Author
Delhi, First Published Feb 6, 2021, 1:34 PM IST

ദില്ലി: രാജ്യത്തെ ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്ന സംവിധാനത്തിന് കൂടുതല്‍ ഗുണനിലവാരം ഉറപ്പുവരുത്തുന്ന നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. ഇതുസംബന്ധിച്ച് പുതിയ മാനദണ്ഡങ്ങളുമായി കേന്ദ്ര ഉപരിതല ഗതാഗത ദേശീയപാത മന്ത്രാലയം കരട് വിജ്ഞാപനം പുറത്തിറക്കിയാതായി ദ ഹിന്ദു ബിസിനസ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. 

അംഗീകൃത ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങളിൽ കോഴ്‍സ് പൂർത്തിയാക്കുന്നവർക്കു മാത്രം ലൈസൻസ് നൽകുന്ന സംവിധാനമാണ് വരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പൗരന്മാർക്ക് മികച്ച ഡ്രൈവിങ് പരിശീലനം ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നീക്കം. ഈ ട്രെയിനിങ് സെന്ററുകൾ എങ്ങനെയായിരിക്കണമെന്നും എന്തെല്ലാമാണ് പഠിപ്പിക്കേണ്ടതെന്നും സംബന്ധിച്ച വിശദ വിവരങ്ങൾ ഉൾപ്പെടുത്തിയ കരട് വിജ്ഞാപനമാണ് ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 1989-ലെ കേന്ദ്ര മോട്ടോർ വാഹനച്ചട്ടം ഭേദഗതി ചെയ്യുന്നതാണ് കരട് വിജ്ഞാപനം. 

വിജ്ഞാപനമനുസരിച്ച് ലൈസൻസ് ലഭിക്കാൻ നിലവിലുള്ള ലേണേഴ്‍സ് ലൈസൻസ്, മെഡിക്കൽ സർട്ടിഫിക്കറ്റ്, ഫീസ് ഫോട്ടോ എന്നീ രേഖകൾക്ക് പുറമേ ആർടി ഓഫീസിൽ അംഗീകൃത ഡ്രൈവർ പരിശീലന കേന്ദ്രങ്ങളിൽ നിന്ന് കോഴ്‍സ് പൂർത്തിയാക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരും. ലേണേഴ്‌സ് ലൈസൻസ്, മെഡിക്കൽ സർട്ടിഫിക്കറ്റ്, ഫോട്ടോ, ഫീസ് തുടങ്ങിയവ നിലനിർത്തും.  

സ്വകാര്യ മേഖലയിലാവും ഈ പരിശീലന കേന്ദ്രങ്ങള്‍ വരിക. 12-ാം ക്ലാസ് ജയിച്ച, അഞ്ചുവർഷം ഡ്രൈവിങ് പരിചയമുള്ളവർക്കാണ് ഡ്രൈവിംഗ് ട്രെയിനിങ് സെന്റർ തുടങ്ങാൻ അനുമതി നല്‍കുക. മോട്ടോർ മെക്കാനിക്സിൽ കഴിവ് തെളിയിച്ച അംഗീകൃത സർട്ടിഫിക്കറ്റുള്ള വ്യക്തികൾ കൂടിയായിരിക്കണം അപേക്ഷകര്‍. മെക്കാനിക്കൽ എൻജിനിയറിങ്ങിൽ അംഗീകൃത സ്ഥാപനത്തിൽനിന്നുള്ള സർട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും മുൻഗണനയുണ്ട്.

പരിശീലന കേന്ദ്രങ്ങള്‍ക്കായി സമതല പ്രദേശത്ത് രണ്ടേക്കറും മലയോര പ്രദേശത്ത് ഒരേക്കറും ഭൂമി നിർബന്ധമാണെന്നും വിജ്ഞാപനത്തില്‍ പറയുന്നു. രണ്ട് ക്ലാസ് മുറിയും ഒപ്പം  കംപ്യൂട്ടർ, മൾട്ടിമീഡിയ പ്രൊജക്ടർ, ബ്രോഡ്ബാൻഡ് കണക്ടിവിറ്റി, ബയോമെട്രിക് അറ്റൻഡൻസ് തുടങ്ങിയ സൌകര്യങ്ങളും വേണം. കയറ്റവും ഇറക്കവും അടക്കം പരിശീലിപ്പിക്കാനുള്ള ഡ്രൈവിംഗ് ട്രാക്കും വർക് ഷോപ്പും നിർബന്ധമാണ്. ഈ മാനദണ്ഡങ്ങൾ മറികടന്നാൽ മാത്രമേ പരിശീലന കേന്ദ്രത്തിന് അംഗീകാരം ലഭിക്കൂ. അഞ്ച് വര്‍ഷത്തേക്കാണ് ഈ സെന്‍ററുകള്‍ക്ക് അനുമതി നല്‍കുക. പിന്നീട് പുതുക്കാനും അവസരമുണ്ട്.

ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് 29 മണിക്കൂറും ഹെവി വാഹനങ്ങൾക്ക് 38 മണിക്കൂറുമാണ് ക്ലാസ്. തിയറി, പ്രാക്ടിക്കൽ എന്നിങ്ങനെ തിരിച്ചിട്ടുണ്ട്. ഡ്രൈവിങ് തിയറി, ഗതാഗത വിദ്യാഭ്യാസം, വാഹനത്തിന്റെ അടിസ്ഥാന യന്ത്ര അറിവ്, പബ്ലിക് റിലേഷൻ, പ്രഥമശുശ്രൂഷ, ഇന്ധനക്ഷമത തുടങ്ങിയവയാണ് തിയറി ക്ലാസിൽ പൊതുവായുള്ളത്. ഹെവി വാഹനങ്ങളുടെ കാര്യത്തിൽ തിയറിയിൽ എയ്ഡ്‌സ്, ലഹരി, മദ്യം എന്നിവയെക്കുറിച്ചുള്ള ബോധവത്കരണം, വാഹന റിപ്പയർ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. നഗര, ഗ്രാമ റോഡുകളിൽ പ്രാക്ടിക്കൽ പരിശീലനത്തിന് കൂടുതൽ സമയം നല്‍കണണമെന്നും വിജ്ഞാപനത്തിൽ പറയുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

രാജ്യത്തെ ചരക്കുനീക്ക വ്യവസായ മേഖലയിൽ മികച്ച പരിശീലനം ലഭിച്ച ഡ്രൈവർമാരുടെ സേവനം ഉറപ്പാക്കാനും, അതുവഴി  റോഡപകടങ്ങൾ കുറക്കുവാനും ഡ്രൈവർമാരുടെ കാര്യശേഷി വർദ്ധിപ്പിക്കുവാനും  ഈ നീക്കം സഹായകരമാകുമെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്‍റെ കണക്കുകൂട്ടല്‍. വിജ്ഞാപനം സംബന്ധിച്ച പരാതികളും നിർദേശങ്ങളും നൽകാൻ ഒരുമാസം സമയമുണ്ട്. 

എന്നാല്‍ നിലവിലുള്ള സംവിധാനങ്ങൾ നിലനിർത്തിയാണ് പുതിയ സംവിധാനത്തിന് സർക്കാർ ഒരുങ്ങുന്നത്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ ഡ്രൈവിംഗ് സ്‍കൂളുകളെ ഈ മാറ്റം തല്‍ക്കാലം ബാധിക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. 

അതേസമയം കേരളത്തിലെ ഡ്രൈവിംഗ് സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നതിനു തൊട്ടുപിന്നാലെയാണ് കേന്ദ്രത്തിന്‍റെ ഈ നീക്കം എന്നതും ശ്രദ്ധേയമാണ്.  സംസ്ഥാനത്തെ ഡ്രൈവിംഗ് പഠിപ്പിക്കുന്നതിനുള്ള ഫീസ് ഏകീകരിക്കാനും പഠനനിലവാരം നിശ്ചയിക്കാനും ഉള്‍പ്പെടെ ഇടപെടാനുള്ള നീക്കത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ എന്ന് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ തലവനായ സമിതിക്ക് സര്‍ക്കാര്‍ നിര്‍ദേശവും നല്‍കിയിരുന്നു.

മികച്ച ഡ്രൈവര്‍മാരെ സൃഷ്‍ടിക്കാന്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പിക്കുന്നതിനൊപ്പം പഠനനിലവാരം ഉയര്‍ത്താനുമാണ് സംസ്ഥാന സര്‍ക്കാരിന്‍റെയും നീക്കം. ഇതിനായി ഡ്രൈവിംഗ് സ്‌കൂളുകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നിശ്ചയിക്കും. പരിശീലകര്‍ക്ക് യോഗ്യതയും പരിശീലനവും ഉറപ്പാക്കും. തിയറി, പ്രാക്ടിക്കല്‍ ക്ലാസുകള്‍ക്ക് സമയം നിശ്ചയിക്കാനും നീക്കമുണ്ട്. കൂടുതല്‍ ഓട്ടോമേറ്റഡ് ഡ്രൈവിങ് ടെസ്റ്റിങ് കേന്ദ്രങ്ങള്‍ സജ്ജമാകുന്നതോടെ ലൈസന്‍സ് ടെസ്റ്റിലെ പോരായ്‍മകളും പരിഹരിക്കപ്പെടും എന്നാണ് സംസ്ഥാന സര്‍ക്കാരും കണക്കുകൂട്ടുന്നത്.  

Follow Us:
Download App:
  • android
  • ios