Asianet News MalayalamAsianet News Malayalam

'ഏതറ്റം വരെയും പൊരുതാൻ റെഡി'; കോയമ്പത്തൂർ ട്രിപ്പ് പുനരാരംഭിച്ച് റോബിൻ ബസ്, നാളെ മുതൽ വീണ്ടും സർവ്വീസ്

അതേസമയം ടൂറിസ്റ്റ് പെർമിറ്റ് മാത്രമുള്ള ബസ് സ്റ്റേജ് കാര്യേജ് ആയി ഓരോ സ്റ്റോപ്പിലും ആളെ കയറ്റി ഓടാൻ അനുവദിക്കില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് മോട്ടോർ വാഹന വകുപ്പ്.

Robin private bus restarts Pathanamthitta Coimbatore service from tomorrow vkv
Author
First Published Nov 15, 2023, 7:48 PM IST

പത്തനംതിട്ട: സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായ റോബിൻ ബസ് നാളെ വീണ്ടും സർവ്വീസ് പുനരാരംഭിക്കുന്നു. നിയമലംഘനം ചൂണ്ടിക്കാട്ടി മോട്ടോർ വാഹന വകുപ്പ് പിടികൂടിയ റോബിൻ ബസ് കോടതി ഉത്തരവിലൂടെ ഉടമ പുറത്തിറക്കിയിരുന്നു. എല്ലാ രേഖകളും കൃത്യമാക്കിയ ശേഷമാണ് നാളെ സർവ്വീസ് പുനഃരാരംഭിക്കുന്നതെന്ന് ബസ് ഉടമ ഗിരീഷ്   പറഞ്ഞു. അടുത്തദിവസം മുതൽ പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക് ബസ് സർവ്വീസ് നടത്താനാണ് തീരുമാനം. കഴിഞ്ഞ ഒക്ടോബര്‍  16-ാം തിയതിയാണ്  പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പുറപ്പെട്ട ബസ്  റാന്നിയില്‍ വെച്ച് മോട്ടോര്‍വെഹിക്കിൾ ഡിപ്പാർട്ട്മെന്‍റ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ബസ് കോടതി ഉത്തരവിലൂടെ പുഫത്തിറക്കിയത്.

റോബിൻ ബസ് കോയമ്പത്തൂർ സർവ്വീസിനായുള്ള സീറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. പുലർച്ചെ അഞ്ച് മണിക്ക് പത്തനംതിട്ടയിൽ നിന്നും ആരംഭിച്ച് ഉച്ചയ്ക്ക് 12 മണിക്ക് കോയമ്പത്തൂർ അവസാനിക്കുന്നതാണ് ആദ്യ ട്രിപ്പ്. വൈകിട്ട് അഞ്ച് മണിക്ക് കോയമ്പത്തൂരിൽ നിന്നും തുടങ്ങി രാത്രി 12 മണിക്ക് പത്തനംതിട്ടയിൽ ബസ് തിരിച്ചെത്തും. പത്തനംതിട്ട - കോയമ്പത്തൂർ ട്രിപ്പിൽ റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പാല, തൊടുപുഴ, മൂവാറ്റുപുഴ, പെരുമ്പാവൂർ, അങ്കമാലി, തൃസ്ശൂർ, പാലക്കാട് എന്നിങ്ങനെ സ്റ്റോപ്പുകളുണ്ട്. തിരിച്ചുള്ള സർവ്വീസിൽ പാലക്കാട് മാത്രമാണ് സ്റ്റോപ്പുള്ളത്.

അതേസമയം ടൂറിസ്റ്റ് പെർമിറ്റ് മാത്രമുള്ള ബസ് സ്റ്റേജ് കാര്യേജ് ആയി ഓരോ സ്റ്റോപ്പിലും ആളെ കയറ്റി ഓടാൻ അനുവദിക്കില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. നേരത്തെ ഓടിയ പോലെ തന്നെ ബസ് സര്‍വീസ് തുടരുമെന്ന് ഉടമയും നിയമലംഘനം തുടര്‍ന്നാല്‍ പിടിച്ചെടുക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പും വ്യക്തമാക്കിയതോടെ വീണ്ടും റോഡില്‍ തുറന്ന പോരിനുള്ള വഴിയാണ് ഒരുങ്ങിയിരിക്കുന്നത്. നേരത്തെ ഓടിയത് പോലെ ബോര്‍ഡ് വെച്ച്, സ്റ്റാന്‍ഡില്‍ കയറി ആളുകളെ എടുത്ത് തന്നെ സര്‍വീസ് നടത്തുമെന്ന് ഉറപ്പിച്ച് പറയുകയാണ് റോബിന്‍ ബസിന്റെ ഉടമ. 'ഇവരുടെ മണ്ടത്തരത്തിന് കൂട്ടുനിക്കുന്നതല്ല എന്റെ ജോലി, തെറ്റ് ചെയ്യാത്തത് കൊണ്ട് പിഴയടക്കില്ലെന്നായിരുന്നു ബസ് പിടിച്ചെടുത്തതിനോട് റോബിൻ ബസ് ഉടമ  പ്രതികരിച്ചിരുന്നത്. നേരത്തെ സംഭവിച്ചതുപോലെ സര്‍വീസ് നടത്തുമ്പോള്‍ തടയാനുള്ള നീക്കം ഉള്‍പ്പെടെ മോട്ടോര്‍ വാഹന വകുപ്പിന്‍റെ ഭാഗത്തുനിന്നുണ്ടാകുമോ എന്നാണ് കണ്ടറിയേണ്ടത്.

Read More : വഴിയരികിൽ ചോരയൊലിപ്പിച്ച് തെരുവുനായ, കാർ നിർത്തി ആശുപത്രിയിലെത്തിച്ച് യുവാവ്, ഹൃദയസ്പർശിയായ ഒരു കുറിപ്പും

Follow Us:
Download App:
  • android
  • ios