ആഡംബര സെഡാന്‍ ഗോസ്റ്റിന്‍റെ നീളമേറിയ പതിപ്പായ എക്സ്റ്റൻഡഡ് പതിപ്പ് ഇന്ത്യയിലെത്തിച്ച് ഐക്കണിക്ക് ബ്രിട്ടീഷ് വാഹന നിര്‍മ്മാതാക്കളായ റോള്‍സ് റോയിസ്. 7.95 കോടി രൂപയാണു ഗോസ്റ്റ് എക്സ്ട്രാ വീൽബേസിന്  രാജ്യത്തെ ഷോറൂം വില. 6.95 കോടി രൂപ വിലമതിക്കുന്ന സാധാരണ ഗോസ്റ്റിനെ അപേക്ഷിച്ച് ഒരു കോടി രൂപ അധികമാണിത്. നീളമേറുമെന്നതിനാൽ പിൻ സീറ്റ് യാത്രികർക്ക് അധിക സ്ഥലസൗകര്യം ലഭ്യമാണെന്നതാണ് അത്യാഡംബര സെഡാനായ ഗോസ്റ്റ് എക്സ്റ്റൻഡഡിന്റെ പ്രത്യേകത.

6.75 ലീറ്റർ, ഇരട്ട ടർബോ ചാർജ്ഡ് വി 12 പെട്രോൾ എൻജിനാണ് കാറിനു കരുത്തേകുന്നത് . 571 ബി എച്ച് പി വരെ കരുത്താണ് ഈ എൻജിൻ സൃഷ്ടിക്കുക. 5,549 എം എം സാധാരണ ‘ഗോസ്റ്റി’നെ അപേക്ഷിച്ചു കാറിന് 170 എം എം നീളം അധികമുണ്ട്; വീൽ ബേസാവട്ടെ 170 എം എം വർധിച്ച് 3,465 എം എമ്മുമായി. ബിസിനസ് ജെറ്റിലെ സീറ്റുകളോടു താരതമ്യം ചെയ്യാവുന്ന തരം ചരിക്കാവുന്ന ‘സെറിനിറ്റി’ സീറ്റുകളാണു കാറിന് ലഭിച്ചിരിക്കുന്നത്.

റോൾസ് റോയ്സ് പുതിയ ഗോസ്റ്റ് എക്സ്റ്റൻഡഡിനു വിപുലമായ വിപണന സാധ്യത ഉള്ളത് എക്സ്റ്റൻഡഡ് വീൽബേസ് വാഹനങ്ങളോട് ആഭിമുഖ്യമേറെയുള്ള ചൈന പോലുള്ള വിപണികളിലാണ്. അടുത്തയിടെ അവതരിപ്പിച്ച രണ്ടാം തലമുറ ഗോസ്റ്റിന്റെ നീളമേറിയ പതിപ്പാണ് ഗോസ്റ്റ് എക്സ്റ്റൻഡഡ്. അധിക വീൽബേസിന്റെ ഫലമായി പിന്നിൽ സ്ഥലലഭ്യത വർധിച്ചു. കൂടാതെ, സൗകര്യങ്ങളിലും സംവിധാനങ്ങളിലുമൊക്കെ മാറ്റമുണ്ട്.