ഈ പതിറ്റാണ്ടിലെ തങ്ങളുടെ ആദ്യ കളക്ഷന്‍ കളക്ഷന്‍ കാറുമായി ഐക്കണിക്ക് ആഡംബര വാഹന ബ്രാന്‍ഡായ റോള്‍സ് റോയ്‌സ് . ഡോണ്‍ സില്‍വര്‍ ബുള്ളറ്റ് കളക്ഷന്‍ എന്നാണ് വാഹനത്തിന്‍റെ പേര്. വാഹനത്തിന്‍റെ രേഖാചിത്രങ്ങള്‍ കമ്പനി പുറത്തുവിട്ടു. 

1920 കളിലെ റോഡ്‌സ്റ്ററുകളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഡോണ്‍ സില്‍വര്‍ ബുള്ളറ്റ് കളക്ഷന്‍റെ രൂപകല്‍പ്പന. അള്‍ട്രാ മെറ്റാലിക് സില്‍വര്‍ കളര്‍ ആകര്‍ഷകമാണ്. ഡാര്‍ക്ക് ഹെഡ്‌ലൈറ്റുകള്‍, മുന്നില്‍ ഡാര്‍ക്ക് ബംപര്‍ എന്നിവ ലഭിച്ചു. കാര്‍ബണ്‍ ഫൈബര്‍ ഡാഷ്‌ബോര്‍ഡ്, സെന്റര്‍ കണ്‍സോളിന് ചുറ്റും ക്വില്‍റ്റഡ് ലെതര്‍ എന്നിവ നല്‍കി.

റോള്‍സ് റോയ്‌സ് ഡോണ്‍ 4 സീറ്റര്‍ കണ്‍വെര്‍ട്ടിബിളിന്റെ ഓപ്പണ്‍ ടോപ്പ് 2 സീറ്റര്‍ റോഡ്‌സ്റ്റര്‍ പതിപ്പാണ് പുതിയ മോഡല്‍. സ്‌പെഷല്‍ എഡിഷനായി പിറകിലെ രണ്ട് സീറ്റുകള്‍ ഒഴിവാക്കി. 

റോള്‍സ് റോയ്‌സ് ഡോണ്‍ ഉപയോഗിക്കുന്ന അതേ 6.6 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് വി12 മോട്ടോര്‍ കരുത്തേകും. ഈ എന്‍ജിന്‍ 571 എച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കും. 0-100 കിമീ/മണിക്കൂര്‍ വേഗമാര്‍ജിക്കാന്‍ 5 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 250 കിലോമീറ്ററാണ് ടോപ് സ്പീഡ്. വാഹനത്തിന്‍റെ വെറും അമ്പത് യൂണിറ്റുകള്‍ മാത്രമായിരിക്കും നിര്‍മിക്കുന്നത്.