ഹാക്സ്കീന്‍പാന്‍ മരുഭൂമി(ദക്ഷിണാഫ്രിക്ക): വേഗതയുടെ കാര്യത്തില്‍ റെക്കോര്‍ഡുകള്‍ പൊളിച്ചെഴുതാനൊരുങ്ങി റോള്‍സ് റോയ്സ്. ശബ്ദത്തേക്കാള്‍ വേഗതയില്‍ ചലിക്കുന്ന സൂപ്പര്‍ സോണിക് കാറിന്‍റെ നിര്‍മ്മാണത്തില്‍ നിര്‍ണായക നേട്ടമാണ് റോള്‍സ് റോയ് കഴിഞ്ഞ ദിവസം നടന്ന പരീക്ഷണ ഓട്ടത്തില്‍ നേടിയത്. ബ്ലഡ് ഹൗണ്ട് എന്നാണ് ഈ സൂപ്പര്‍ സോണിക് കാറിന്‍റെ പേര്. 

Car

മണിക്കൂറില്‍ 461 മൈല്‍ വേഗത്തിലാണ് ബ്ലഡ് ഹൗണ്ട് കഴിഞ്ഞ ആഴ്ച നടന്ന പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കിയത്. ജെറ്റ് എന്‍ജിനുകള്‍ ഘടിപ്പിച്ച ബ്ലഡ് ഹൗണ്ട് മണിക്കൂറില്‍ 763 മൈല്‍ എന്ന വേഗമാണ് ലക്ഷ്യമിടുന്നത്. ദക്ഷിണാഫ്രിക്കയിലെ മരുഭൂമിയില്‍ പ്രത്യേകം തയ്യാറാക്കിയ ട്രാക്കിലാണ് പരീക്ഷണ ഓട്ടം നടത്തുന്നത്. ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബ്രിട്ടീഷ് വ്യോമസേനാംഗമായിരുന്ന ആന്‍ഡി ഗ്രീന്‍ നെവാഡയിലെ ബ്ലാക്ക് റോക്ക് മരുഭൂമിയില്‍ സ്ഥാപിച്ച കരയിലെ ഏറ്റവും വേഗതയെന്ന റെക്കോര്‍ഡ് തകര്‍ക്കാനാണ് റോള്‍സ് റോയ്സ് ലക്ഷ്യമിടുന്നത്. ആന്‍ഡി ഗ്രീന്‍ തന്നെയാണ് പരീക്ഷണ ഓട്ടങ്ങളില്‍ ബ്ലഡ് ഹൗണ്ടിന്‍റെ വളയം പിടിക്കുന്നത്. 

ആന്‍ഡി ഗ്രീനും റോള്‍സ് റോയ്സിന്‍റെ ബ്ല‍ഡ് ഹൗണ്ട് വേഗതാ റെക്കോര്‍ഡിനുള്ള പരിശ്രമങ്ങളുടെ ഭാഗമാവുന്നുണ്ട്. 2020ഓടെ തന്‍റെ തന്നെ റെക്കോര്‍ഡ് തിരുത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ആന്‍ഡി ഡ്രീനുള്ളത്. ഓരോ പരീക്ഷണ ഓട്ടങ്ങളിലും കൂടുതല്‍ വേഗത ബ്ലഡ് ഹൗണ്ട് നേടുന്നുണ്ടെന്നാണ് ആന്‍ഡി ഗ്രീനിന്‍റെ നിരീക്ഷണം. ഒക്ടോബര്‍ 25 നാണ് ബ്ലഡ് ഹൗണ്ടിന്‍റെ ആദ്യ പരീക്ഷണ ഓട്ടം നടന്നത്.  ആദ്യ പരീക്ഷണ ഓട്ടത്തില്‍ പതിമൂന്ന് സെക്കന്‍ഡിലാണ്  മണിക്കൂറില്‍ 300 മൈല്‍  എന്ന ലക്ഷ്യത്തിലെത്തിയതെന്ന് ആന്‍ഡി ഗ്രീന്‍ പറഞ്ഞു. 

ശക്തമായ കാറ്റിലും ഉദ്ദേശിച്ച വേഗം നേടാനായിയെന്നും ആന്‍ഡി ഗ്രീന്‍ വിശദമാക്കുന്നു. ഒരു പരീക്ഷണ ഓട്ടത്തിനായി ഇത്രയധികം സ്ഥലം നന്നാക്കിയെടുക്കുന്നത് ആദ്യമായാണെന്നാണ് പരീക്ഷണ ഓട്ടത്തിന് പിന്നിലുള്ളവര്‍ പറയുന്നത്. കൈകള്‍ ഉപയോഗിച്ച് 16239 ടണ്‍ പാറകളാണ് 237 മില്യണ്‍ സ്ക്വയര്‍ ഫീറ്റ് സ്ഥലത്ത് നിന്ന് മാറ്റിയത്.  ആകാശ മാര്‍ഗം കാറിന്‍റെ ഭാഗങ്ങള്‍ ഇവിടെയെത്തിച്ചാണ് 7.5 ടണ്‍ ഭാരമുള്ള കാര്‍ അസംബ്ലിള്‍ ചെയ്തത്.

യൂറോഫൈറ്റര്‍ ടൈഫൂണ്‍ ഫൈറ്റര്‍ ജെറ്റിന്റെ എൻജിനാണ് ബ്ലഡ് ഹൗണ്ട് കാറില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഓരോ പരീക്ഷണ ഓട്ടത്തിലും മണിക്കൂറില്‍ 50 മൈല്‍ വീതം വര്‍ധിപ്പിച്ച് റെക്കോർഡിലെത്തുകയാണ് ലക്ഷ്യം. റോള്‍സ് റോയ്‌സ് നിര്‍മിച്ച കാറിന്റെ റോക്കറ്റ് എൻജിന് 1.35ലക്ഷം ത്രസ്റ്റ് കുതിരശക്തിയാണുള്ളത്. അതായത് 150 ഫോര്‍മുല വണ്‍ കാറുകള്‍ക്ക് സമം.