Asianet News MalayalamAsianet News Malayalam

ബേസ്‌പോക്ക് ബോട്ട് ടെയിൽ മോഡലുമായി റോൾസ് റോയ്‌സ്

ബെസ്‌പോക്ക്, കോച്ച് ബിൽറ്റ് മോഡലാണിത്. കോച്ച് ബിൽഡിംഗ് വീണ്ടും അവതരിപ്പിച്ചതിനു ശേഷം ബ്രിട്ടീഷ് ബ്രാൻഡിന്റെ ആദ്യത്തെ കോച്ച് ബിൽറ്റ് മോഡലാണ് ബോട്ട് ടെയിൽ...

Rolls Royce  with Bespoke boat tail model
Author
Delhi, First Published May 31, 2021, 1:06 PM IST

അത്യാഡംബര ബ്രിട്ടീഷ് കാർ നിർമ്മാതാക്കളായ റോൾസ് റോയിസ് പുതിയ ബോട്ട് ടെയിൽ മോഡലിനെ അവതരിപ്പിച്ചു. റോൾസ് റോയ്‌സ് ബോട്ട് ടെയിൽ ബ്രാൻഡ് കമ്മീഷൻ ചെയ്‍ത മൂന്ന് ബോട്ട് ടെയിലുകളിൽ ഒന്നാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത് എന്ന് ഇക്കണോമിക്ക് ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബെസ്‌പോക്ക്, കോച്ച് ബിൽറ്റ് മോഡലാണിത്. കോച്ച് ബിൽഡിംഗ് വീണ്ടും അവതരിപ്പിച്ചതിനു ശേഷം ബ്രിട്ടീഷ് ബ്രാൻഡിന്റെ ആദ്യത്തെ കോച്ച് ബിൽറ്റ് മോഡലാണ് ബോട്ട് ടെയിൽ. 1932 റോൾസ് റോയ്‌സ് ബോട്ട് ടെയിൽ ഇതിനകം സ്വന്തമാക്കിയിരിക്കുന്ന ഉടമകളുടെ ആവശ്യമനുസരിച്ചാണ് ഈ പ്രത്യേക റോൾസ് റോയ്‌സ് ബോട്ട് ടെയിൽ നിർമ്മിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

റോൾസ് റോയ്‌സ് വ്യക്തമാക്കിയതനുസരിച്ച്, മൂന്ന് ബോട്ട് ടെയിലുകളിലും ഓരോന്നിനും സമാനമായ സിലൗറ്റ് ഉണ്ടായിരിക്കാം, എന്നാൽ പരസ്‍പരം ഇവ വളരെ വ്യത്യസ്‍തമാണ്, ഓരോന്നിനും അതിന്റേതായ സവിശേഷതകളും ഡിസൈൻ ഘടകങ്ങളുമുണ്ട്.

ഒറ്റനോട്ടത്തിൽ, ആധുനിക ഉപകരണങ്ങളും സാങ്കേതികതകളും ഉപയോഗിച്ച് നിർമ്മിച്ച ഒരു ആധുനിക വാഹനമാണ് പുതിയ റോൾസ് റോയ്‌സ് ബോട്ട് ടെയിൽ എന്ന് വ്യക്തമാണ്.എല്ലാം നാനോമീറ്റർ സ്കെയിലിൽ പെർഫെക്ടാണ്. മുന്നിൽ, കൂറ്റൻ ഗ്രില്ല് മുൻവശത്തെ മുഴുവൻ ആധിപത്യം പുലർത്തുന്നു.

പിൻഭാഗമാണ് ഈ കാറിന്റെ സവിശേഷത. സാങ്കേതികവും സൗന്ദര്യപരവുമായി ലോകത്തെ ഏറ്റവും ഉന്നതമായ പിക്നിക് സൗകര്യമാണ് ബോട്ട്ടെയ്ലിന്റെ പിൻഭാഗം നൽകുന്നതെന്നാണ് കമ്പനി പറയുന്നത്. ഡിക്കിയുടെ മൂടി ശലഭച്ചിറകുകൾ പോലെ ഉയരും. കോക്ക് ടെയിൽ ടേബിളും ബീച്ച് അംബ്രലയും ഒപ്പമുണ്ടാകും. അതിന് കീഴെ രണ്ട് പേർക്ക് ഇരിക്കാം. കൂളറും ഫ്രിഡ്‍ജും ഫുഡ് കണ്ടെയിനറും അനുബന്ധസാമഗ്രികളും. ഗ്ളാസ് മുതൽ സ്‍പൂണ്‍ വരെ സകലതിലും റോൾസ് റോയിസ് ബോട്ട് ടെയ്ൽ മുദ്ര‌യുണ്ട്. കാർബൺ ഫൈബർ നിർമ്മിത രണ്ട് പിക്നിക് കസേരകളും ബീച്ച് അംബ്രലയും ട്രേകളും സ്വിസ് ബോവി 1822 ആഡംബര വാച്ചും 15 സ്‍പീക്കർ സൗണ്ട് സിസ്റ്റവുമൊക്കെ വാഹനത്തെ വേറിട്ടതാക്കുന്നു.

19 അടി നീളമുള്ള കാർ ഫോർ സീറ്ററാണ്. മേൽത്തട്ട് (സൺവൈസർ) ചുരുക്കാം. ഓരോ ഭാഗവും ഓർഡർ ചെയ്തയാളുടെ ഭാവനയ്ക്കൊത്ത് കൈകൾ കൊണ്ട് രൂപപ്പെടുത്തുകയായിരുന്നു. റോൾസ് റോയ്സിന്റെ മുൻമോഡലുകളായ കള്ളിനൻ, ഫാന്റം, ബ്ളാക്ക് ബാഡ്ജ് എന്നിവയിലുള്ള വി12 6.75 ബൈടർബോ എൻജിനാണ് ബോട്ട് ടെയിലിനും കരുത്തുപകരുന്നത്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios