റോയല്‍ എന്‍ഫീല്‍ഡിന്‍റെ പുതിയ ബൈക്കുകളായ ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 എന്നീ മോഡലുകള്‍ക്ക് വിപണിയില്‍ പ്രിയമേറുന്നു.

റോയല്‍ എന്‍ഫീല്‍ഡിന്‍റെ പുതിയ ബൈക്കുകളായ ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 എന്നീ മോഡലുകള്‍ക്ക് വിപണിയില്‍ പ്രിയമേറുന്നു. 2018 നവംബറില്‍ പുറത്തിറങ്ങിയ 650 സിസി ഇരട്ടകളുടെ വില്‍പന 5000 യൂണിറ്റ് പിന്നിട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

ഇരുബൈക്കുകളുടെയും 5168 യൂണിറ്റുകളാണ് ഇതിനകം രാജ്യത്ത്‌ വിറ്റഴിച്ചത്. ഇതേ വില നിരവാരത്തിലും ഈ സെഗ്‌മെന്റിലും ഉള്ള മറ്റു ബൈക്കുകള്‍ക്കൊന്നും ഈ കാലയളവിനുള്ളില്‍ ഇത്രയധികം യൂണിറ്റുകള്‍ വില്‍പന നടത്താന്‍ സാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കഫേ റേസര്‍ പതിപ്പായ കോണ്ടിനെന്റല്‍ ജിടിയെക്കാള്‍ ക്ലാസിക് റോഡ്സ്റ്ററായ ഇന്റര്‍സെപ്റ്ററിനാണ് ആവശ്യക്കാര്‍ കൂടുതലെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. 

നിലവില്‍ 650 ഇരട്ടകള്‍ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് നാല്-ആറ് മാസം വരെയാണ് വെയ്റ്റിങ് പിരീഡ്. ആവശ്യക്കാര്‍ വര്‍ധിച്ചതോടെ മാസംതോറും 2500 യൂണിറ്റുണ്ടായിരുന്ന വില്‍പന 4000-5000 യൂണിറ്റാക്കി കമ്പനി ഉയര്‍ത്തിയിരുന്നു. വിപണിയിലെത്തിയ ആദ്യം മാസം ഇന്റര്‍സെപ്റ്റര്‍, കോണ്ടിനെന്റല്‍ ജിടി വില്‍പന 325 യൂണിറ്റായിരുന്നു. ഡിസംബറില്‍ ഇത് 629 യൂണിറ്റായി ഉയര്‍ന്നു. 2019 ജനുവരിയില്‍ യഥാക്രമം 1069 യൂണിറ്റും ഫെബ്രുവരിയില്‍ 1445 യൂണിറ്റും മാര്‍ച്ചില്‍ 1700 യൂണിറ്റുകളും വിറ്റഴിച്ചു. 

2018 നവംബറിലാണ് കോണ്‍ടിനന്‍റല്‍ ജിടി, ഇന്‍റര്‍സെപ്റ്റര്‍ 650 മോഡലുകളെ റോയല്‍ എന്‍ഫീല്‍ഡ് അവതരിപ്പിക്കുന്നത്. ഇന്‍റര്‍സെപ്റ്ററിന് 2.50 ലക്ഷം രൂപ മുതല്‍ 2.70 ലക്ഷം രൂപയും കോണ്ടിനെന്റല്‍ ജിടിക്ക് 2.65 ലക്ഷം മുതല്‍ 2.85 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറൂം വില.

2017 നവംബറില്‍ ഇറ്റലിയില്‍ നടന്ന മിലാന്‍ മോട്ടോര്‍ സൈക്കിള്‍ ഷോയിലാണ് ഇരുബൈക്കുകളെയും കമ്പനി ആദ്യമായി പ്രദര്‍ശിപ്പിക്കുന്നത്. റോയൽ എൻഫീൽഡിന്‍റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് 648 സിസിയിൽ പാരലൽ ട്വിൻ എഞ്ചിൻ ഒരുങ്ങുന്നത്. ബുള്ളറ്റ് ആരാധകരുടെ മനം കവരുന്ന മോഡലുകളാണ് ഇറ്റലിയിലെ മിലാനിൽ നടന്ന മോട്ടോർ ഷോയിൽ എൻഫീൽഡ് അവതരിപ്പിച്ചത്. 

എൽഫീൽഡിന്‍റെ പാരമ്പര്യം പേറുന്ന മോഡലുകളാണ് ഇന്‍റർസ്പ്റ്ററും കോണ്ടിനെന്‍റൽ ജിടിയും. 60കളിലെ തനിമ കൈവിടാതെ ഇന്‍റർസ്പെറ്റർ. കഫേ റേസർ ബൈക്കിന്‍റെ രൂപവും ഭാവവുമായി കോണ്ടിനെന്‍റൽ ജിടി. എയർ കൂൾഡ് എൻജിൻ 7100 ആർപിഎമ്മിൽ‌ 47 ബിഎച്ച്പി കരുത്തും 4000 ആർപിഎമ്മിൽ 52 എൻഎം ടോർക്കും പ്രദാനം ചെയ്യും. ആറ് സ്പീഡാണ് ട്രാൻസ്മിഷന്‍. റോയല്‍ എന്‍ഫീല്‍ഡ് നിരയിലെ ഏറ്റവും വേഗമേറിയ മോഡലും ഇതാണ്. മണിക്കൂറില്‍ 163 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കാന്‍ ഇന്റര്‍സെപ്റ്റര്‍ 650-ക്കും കോണ്ടിനെന്റില്‍ ജിടിക്കും സാധിക്കും. 

ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം (2019 IMOTY)ഇന്‍റര്‍സെപ്റ്റര്‍ 650 അടുത്തിടെ ഇന്റർസെപ്റ്റർ 650 സ്വന്തമാക്കിയിരുന്നു.