ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 എന്നീ മോഡലുകളെ 2018 നവംബറിലാണ്  വിപണിയിലെത്തിച്ചത്. ആദ്യ നാളുകളില്‍ മികച്ച പ്രകടമായിരുന്നു കമ്പനിയുടെ ഈ ഇരട്ടക്കുട്ടികള്‍ക്ക്. എന്നാല്‍ 2020 ജൂലൈ മാസത്തിലെ വില്‍പ്പന കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഈ ജനപ്രിയതയ്ക്ക് അല്‍പ്പം ഇടിവുണ്ടായിട്ടുണ്ടെന്നു വേണം കരുതാന്‍.

ജൂലൈയിലെ മൊത്തം വില്‍പ്പന പരിശോധിക്കുകയാണെങ്കില്‍ ബൈക്ക് നിര്‍മ്മാതാക്കളുടെ പട്ടികയില്‍ റോയല്‍ എന്‍ഫീല്‍ഡ് ആറാം സ്ഥാനത്താണ്. 2019 -ല്‍ ഇതേ കാലയളവില്‍ 49,182 യൂണിറ്റുകള്‍ വിറ്റപ്പോള്‍ ഈ വര്‍ഷം അത് 37,925 യൂണിറ്റുകളായി ചുരുങ്ങി. വാര്‍ഷിക വില്‍പ്പന 22.9 ശതമാനമാണ് ഇടിഞ്ഞത്. 2020 ജൂലൈയില്‍ 650 ഇരട്ടകള്‍ മൊത്തം 1,058 യൂണിറ്റുകളുടെ വില്‍പ്പന രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 2,225 യൂണിറ്റായിരുന്നു. 52 ശതമാനമാണ് വില്‍പ്പനയില്‍ ഇടിവ് ഉണ്ടായിരിക്കുന്നത്. വിപണിയിലെത്തി ഒരു വര്‍ഷത്തിനുള്ളില്‍, റോയല്‍ എന്‍ഫീല്‍ഡ് 650 ഇരട്ടകളുടെ ആഭ്യന്തര വില്‍പ്പന 15,000 യൂണിറ്റിലധികം ആയിരുന്നു.

സ്റ്റാന്റേര്‍ഡ്, ക്രോം, കസ്റ്റം എന്നീ മൂന്ന് വകഭേദങ്ങളിലാണ് ഇരുമോഡലുകളും വിപണിയില്‍ എത്തുന്നത്. മോഡലുകളുടെ ബിഎസ്6 പതിപ്പുകളെ കമ്പനി നേരത്തെ തന്നെ വിപണിയില്‍ എത്തിച്ചിരുന്നു. 648 സിസി പാരലല്‍ ട്വിന്‍ സിലിണ്ടര്‍ എഞ്ചിന്‍ തന്നെയാണ് ബിഎസ്6ലേക്ക് നവീകരിച്ചിരിക്കുന്നത്. ഈ എഞ്ചിന്‍ 47 bhp കരുത്തും 52 Nm ടോര്‍ക്കും ആണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് ഗിയര്‍ബോക്സിനൊപ്പം സ്ലിപ്പ് അസിസ്റ്റ് ക്ലച്ച്, ഡ്യുവല്‍ ചാനല്‍ എബിഎസ് എന്നീ സംവിധാനങ്ങളും വാഹനത്തിലുണ്ട്. നവീകരിച്ച ഇന്റര്‍സെപ്റ്റര്‍ 650-യ്ക്ക് 2.65 ലക്ഷം രൂപയും കോണ്ടിനെന്റല്‍ ജിടി 650ന് 2.80 ലക്ഷം രൂപയുമാണ് എക്സ്ഷോറും വില. 

2017 നവംബറില്‍ ഇറ്റലിയില്‍ നടന്ന മിലാന്‍ മോട്ടോര്‍ സൈക്കിള്‍ ഷോയിലാണ് ഇരുബൈക്കുകളെയും കമ്പനി ആദ്യമായി പ്രദര്‍ശിപ്പിക്കുന്നത്. റോയൽ എൻഫീൽഡിന്‍റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് 648 സിസിയിൽ പാരലൽ ട്വിൻ എഞ്ചിൻ ഒരുങ്ങുന്നത്. ബുള്ളറ്റ് ആരാധകരുടെ മനം കവരുന്ന മോഡലുകളാണ് ഇറ്റലിയിലെ മിലാനിൽ നടന്ന മോട്ടോർ ഷോയിൽ എൻഫീൽഡ് അവതരിപ്പിച്ചത്. 

എൽഫീൽഡിന്‍റെ പാരമ്പര്യം പേറുന്ന മോഡലുകളാണ് ഇന്‍റർസ്പ്റ്ററും കോണ്ടിനെന്‍റൽ ജിടിയും. 60കളിലെ തനിമ കൈവിടാതെ ഇന്‍റർസ്പെറ്റർ. കഫേ റേസർ ബൈക്കിന്‍റെ രൂപവും ഭാവവുമായി കോണ്ടിനെന്‍റൽ ജിടി. എയർ കൂൾഡ് എൻജിൻ 7100 ആർപിഎമ്മിൽ‌ 47 ബിഎച്ച്പി കരുത്തും 4000 ആർപിഎമ്മിൽ 52 എൻഎം ടോർക്കും പ്രദാനം ചെയ്യും. ആറ് സ്പീഡാണ് ട്രാൻസ്മിഷന്‍. റോയല്‍ എന്‍ഫീല്‍ഡ് നിരയിലെ ഏറ്റവും വേഗമേറിയ മോഡലും ഇതാണ്. മണിക്കൂറില്‍ 163 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കാന്‍ ഇന്റര്‍സെപ്റ്റര്‍ 650-ക്കും കോണ്ടിനെന്റില്‍ ജിടിക്കും സാധിക്കും.  ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം (2019 IMOTY) ഇന്റർസെപ്റ്റർ 650 സ്വന്തമാക്കിയിരുന്നു.