പുതിയ ബൈക്കുകളായ ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 എന്നീ മോഡലുകളെ 2018 നവംബറിലാണ്  റോയല്‍ എന്‍ഫീല്‍ഡ് വിപണിയിലെത്തിച്ചത്. വളരെയെളുപ്പം ജനപ്രിയ മോഡലുകളായി വളര്‍ന്ന ഈ ബൈക്കുകള്‍ കിടിലന്‍ ബുക്കിംഗും വില്‍പ്പനയും നേടി മുന്നേറുകയാണ്. 

എന്നാല്‍ ഇതിനിടെ ഇരു ബൈക്കുകളും തിരിച്ചു വിളിക്കാന്‍ കമ്പനി തയ്യാറെടുക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. വലിയ കയറ്റങ്ങളില്‍ കിതയ്ക്കുന്നു എന്ന  പ്രശ്‍നം പരിഹരിക്കാനാണ് കമ്പനിയുടെ നീക്കമെന്നാണ് സൂചന. ഇതുവരെ രാജ്യത്ത് വിറ്റ ഇരു ബൈക്കുകളെയും സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റിനായി റോയല്‍ എന്‍ഫീല്‍ഡ് തിരിച്ചുവിളിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അപ്‌ഡേഷന്‍ നടപടികള്‍ക്ക് ARAI -യുടെ അനുമതി കമ്പനി നേടിയെന്നാണ് സൂചന. വെറും പത്തു മിനിറ്റു മാത്രം മതി അപ്‍ഡേഷന്‍ നടപടികല്‍ക്കെന്നാണ് കമ്പനി വൃത്തങ്ങള്‍ പറയുന്നത്. ഈ മാസം മുതല്‍ പുറത്തിറങ്ങിയ ഇന്റര്‍സെപ്റ്റര്‍, കോണ്‍ടിനന്റല്‍ ജിടി യൂണിറ്റുകളില്‍ പുത്തന്‍ സോഫ്റ്റ്‌വെയര്‍ ഒരുങ്ങുന്നുണ്ട്.

2017 നവംബറില്‍ ഇറ്റലിയില്‍ നടന്ന മിലാന്‍ മോട്ടോര്‍ സൈക്കിള്‍ ഷോയിലാണ് ഇരുബൈക്കുകളെയും കമ്പനി ആദ്യമായി പ്രദര്‍ശിപ്പിക്കുന്നത്. റോയൽ എൻഫീൽഡിന്‍റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് 648 സിസിയിൽ പാരലൽ ട്വിൻ എഞ്ചിൻ ഒരുങ്ങുന്നത്. ബുള്ളറ്റ് ആരാധകരുടെ മനം കവരുന്ന മോഡലുകളാണ് ഇറ്റലിയിലെ മിലാനിൽ നടന്ന മോട്ടോർ ഷോയിൽ എൻഫീൽഡ് അവതരിപ്പിച്ചത്. 

എൽഫീൽഡിന്‍റെ പാരമ്പര്യം പേറുന്ന മോഡലുകളാണ് ഇന്‍റർസ്പ്റ്ററും കോണ്ടിനെന്‍റൽ ജിടിയും. 60കളിലെ തനിമ കൈവിടാതെ ഇന്‍റർസ്പെറ്റർ. കഫേ റേസർ ബൈക്കിന്‍റെ രൂപവും ഭാവവുമായി കോണ്ടിനെന്‍റൽ ജിടി. എയർ കൂൾഡ് എൻജിൻ 7100 ആർപിഎമ്മിൽ‌ 47 ബിഎച്ച്പി കരുത്തും 4000 ആർപിഎമ്മിൽ 52 എൻഎം ടോർക്കും പ്രദാനം ചെയ്യും. ആറ് സ്പീഡാണ് ട്രാൻസ്മിഷന്‍. റോയല്‍ എന്‍ഫീല്‍ഡ് നിരയിലെ ഏറ്റവും വേഗമേറിയ മോഡലും ഇതാണ്. മണിക്കൂറില്‍ 163 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കാന്‍ ഇന്റര്‍സെപ്റ്റര്‍ 650-ക്കും കോണ്ടിനെന്റില്‍ ജിടിക്കും സാധിക്കും. 

ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം (2019 IMOTY)ഇന്‍റര്‍സെപ്റ്റര്‍ 650 അടുത്തിടെ ഇന്റർസെപ്റ്റർ 650 സ്വന്തമാക്കിയിരുന്നു. ഇന്‍റര്‍സെപ്റ്ററിന് 2.50 ലക്ഷം രൂപ മുതല്‍ 2.70 ലക്ഷം രൂപയും കോണ്ടിനെന്റല്‍ ജിടിക്ക് 2.65 ലക്ഷം മുതല്‍ 2.85 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറൂം വില.