കുറഞ്ഞ വിലക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അടുത്തിടെ റോയല്‍ എന്‍ഫീല്‍ഡ് അവതരിപ്പിച്ച ബുള്ളറ്റ് 350 ബൈക്കുകളുടെ വില കൂട്ടി കമ്പനി. സിംഗിൾ ചാനൽ ആന്റി ലോക്ക് ബ്രേക്ക് സംവിധാന(എബിഎസ്)ത്തോടെ എത്തുന്ന ബൈക്കുകളുടെ വിലയിൽ 2,754 മുതൽ 3,673 രൂപയുടെ വരെ വർധനയാണ് വരുത്തിയിരിക്കുന്നത്. 

കഴിഞ്ഞ ഓഗസ്റ്റിലാണ് ഈ പുത്തന്‍ ബൈക്കുകളെ എന്‍ഫീല്‍ഡ് പുറത്തിറക്കിയത്. അന്ന് 1.12 ലക്ഷം രൂപയായിരുന്നു കിക്ക് സ്റ്റാർട്ടും സിംഗിൾ ചാനൽ എബിഎസും മാത്രമുള്ള ബുള്ളറ്റ് 350 ബൈക്കിനു ദില്ലി ഷോറൂം വില. ഇതാണിപ്പോൾ 1,14,754 രൂപയായത്. ഇലക്ട്രിക് സ്റ്റാർട്ടുള്ള മോഡലിന് 1.27 ലക്ഷം രൂപയായിരുന്നു ആദ്യവില. ഇത് 1,30,365 രൂപയുമായി ഉയര്‍ന്നു. അതേസമയം ഇരട്ട ചാനൽ എ ബി എസുള്ള  ബുള്ളറ്റ് 350 വിലയിൽ മാറ്റമൊന്നുമില്ല. ബൈക്കിന്റെ കിക് സ്റ്റാർട് പതിപ്പിന് 1,21,380 രൂപയും ഇലക്ട്രിക് സ്റ്റാർട് വകഭേദത്തിന് 1,35,613 രൂപയുമാണു ഷോറൂം വില.

വില വര്‍ദ്ധനയ്ക്ക് ശേഷവും റോയല്‍ എന്‍ഫീല്‍ഡ് ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ മോഡലുകളായി തന്നെ ബുള്ളറ്റ് 350 കെഎസ്, ബുള്ളറ്റ് 350 ഇഎസ് എന്നിവ തുടരുന്നതായിരിക്കും. 

349 സി സി, എയർ കൂൾഡ്, ഫോർ സ്ട്രോക്ക് എൻജിനാണ് ബൈക്കിന്‍റെ ഹൃദയം. 5,250 ആര്‍ പി എമ്മില്‍ 20 പി എസ് വരെ കരുത്തും 4,000 ആര്‍ പി എമ്മില്‍ 28 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ സൃഷ്ടിക്കും. അഞ്ച് സ്‍പീഡ് ഗീയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍.