ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡിന്‍റെ ജനപ്രിയ മോ‍ഡല്‍ ക്ലാസിക് 350ന്‍റെ ബിഎസ്6 പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 1.65 ലക്ഷം രൂപയാണ് പുതിയ മോഡലിന്റെ എക്‌സ്‌ഷോറൂം വില. നിലവിലെ ബിഎസ്4 മോഡലിനെക്കാള്‍ 11,000 രൂപ കൂടുതലാണ് പുതിയ മോഡലിന്. പുതിയ ക്ലാസിക് 350ന്‍റെ ബുക്കിങ്ങ് ഡീലര്‍ഷിപ്പുകളില്‍ ആരംഭിച്ചിട്ടുണ്ട്. 10,000 രൂപ അഡ്വാന്‍സ് തുക. 

ഫ്യുവല്‍ ഇഞ്ചക്ഷന്‍ സാങ്കേതികവിദ്യ ഉള്‍പ്പെടുത്തിയ ബിഎസ്-6 എന്‍ജിനിലാണ് ക്ലാസിക് 350ന്‍റെ വരവ്. ബിഎസ്-6 നിലവാരത്തിലേക്ക് മാറിയ 346 സിസി എയര്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഈ ബൈക്കിന് കരുത്തേകുന്നത്. 19.8 ബിഎച്ച്പി കരുത്തും 28 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡാണ് ഗിയര്‍ബോക്‌സ്. മുമ്പുണ്ടായിരുന്ന കാര്‍ബുറേറ്റര്‍ പതിപ്പിനെക്കാള്‍ മികച്ച പ്രകടനം എഫ്‌ഐ മോഡല്‍ നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 

ബൈക്കില്‍ പുതിയ നിറങ്ങളും അതോടൊപ്പം ഫാക്ടറിയില്‍ ഘടിപ്പിച്ച അലോയി വീലുകളും ഇടംപിടിച്ചു. ഗണ്‍മെറ്റല്‍ ഗ്രേ പതിപ്പിന് ഫാക്ടറി ഘടിപ്പിച്ച അലോയ് വീലുകള്‍ ലഭിക്കും. പുതിയ കളര്‍ ഓപ്ഷനായി സ്റ്റൈല്‍ത്ത് ബ്ലാക്ക്, ക്രോം ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളും കൂടി എത്തി. സിഗ്നല്‍ സ്‌റ്റോംറൈഡര്‍ സാന്റ്, സിഗ്നല്‍ എയര്‍ബോണ്‍ ബ്ലൂ, സിഗ്നല്‍ ഗണ്‍മെറ്റല്‍ ഗ്രേ എന്നീ പതിപ്പുകള്‍ തുടര്‍ന്ന് നിരത്തുകളിലെത്തും. ഇതില്‍ സ്റ്റെല്‍ത്ത് ബ്ലാക്ക്, ഗണ്‍മെറ്റല്‍ ഗ്രേ നിറങ്ങളിലുള്ള ക്ലാസിക് 350ന് അലോയി വീലും ട്യൂബ്‌ലെസ് സ്റ്റാന്റേഡായി നല്‍കും.

നേരത്തെ ക്ലാസിക്ക് 500 സീരീസുകളില്‍ മാത്രമേ ഇത് ലഭ്യമായിരുന്നുള്ളൂ. ഫാക്ടറിയില്‍ നിന്നുള്ള അലോയി വീലുകളും ചില സ്റ്റിക്കര്‍ നവീകരണങ്ങളും സ്റ്റെല്‍ത്ത് ബ്ലാക്ക് 350-യില്‍ ഉള്‍പ്പെടുത്തും. ഇതിന് ടാങ്കില്‍ ലൈനുകളും, ഫ്യുവല്‍ ടാങ്കിലെ റോയല്‍ എന്‍ഫീല്‍ഡ് ലോഗോയ്ക്കും സെന്റര്‍ കണ്‍സോളിനും റെഡ് കളര്‍ ലഭിക്കും.

കമ്പനിയുടെ പ്രതിമാസ വിൽപ്പനയിൽ മുഖ്യ പങ്ക് വഹിക്കുന്ന മോഡലാണ് ക്ലാസിക് 350. മൂന്ന് വര്‍ഷത്തെ റോഡ് സൈഡ് അസിസ്റ്റന്‍സും മൂന്ന് വര്‍ഷം വാറണ്ടിയും പുതിയ ക്ലാസിക് 350ന് നല്‍കുന്നുണ്ട്.