ഐക്കണിക്ക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയൽ എൻഫീൽഡ് വാഹന നിരയിലെ പ്രധാന മോഡലുകളിൽ ഒന്നായ ക്ലാസിക് 350യ്ക്ക് രണ്ട് പുത്തൻ നിറങ്ങള്‍ നൽകി. ഓറഞ്ച് എംമ്പർ, മെറ്റല്ലോ സിൽവർ എന്നിവയാണ് പുത്തൻ നിറങ്ങൾ എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 1.83 ലക്ഷം മുതലാണ് പുതിയ ക്ലാസിക് 350 മോഡലുകൾക്ക് വില.

രണ്ട് പുതിയ നിറങ്ങളും അലോയ് വീലുകൾക്കും, ട്യൂബിലെസ്സ് ടയറുകൾക്കൊപ്പവുമാണ് എത്തുന്നത്. പുറകിലെ മഡ്ഗാർഡ്, ടൂൾ ബോക്‌സ്, പെട്രോൾ ടാങ്കിന്റെ പകുതി ഭാഗം എന്നിവിടങ്ങളിൽ ഓറഞ്ച് നിറവും ബാക്കി വാഹന ഭാഗങ്ങൾക്ക് കറുപ്പ് നിറവുമാണ് ഓറഞ്ച് എംമ്പർ ഓപ്ഷനിൽ കാണാനാവുന്നത്. മെറ്റല്ലോ സിൽവർ ഓപ്ഷനിൽ പെട്രോൾ ടാങ്കിന് മാത്രമാണ് സിൽവർ നിറം. കറുപ്പ് നിറമാണ് ബാക്കി വാഹന ഭാഗങ്ങൾക്കെല്ലാം നൽകിയിരിക്കുന്നത്. മെറ്റല്ലോ സിൽവർ മോഡലിന്റെ ആകർഷണം പെട്രോൾ ടാങ്കിൽ ചുവപ്പ് നിറത്തിലുള്ള സ്ട്രൈപ്പിംഗ് ആണ്.  വലിപ്പം കൂടിയ ഹീറ്റ് പ്രൊട്ടക്ടറുള്ള എക്‌സ്‌ഹോസ്റ്റ് മഫ്ലർ, ഓക്സിജൻ സെൻസർ, ബെൻഡ് പൈപ്പിൽ കാറ്റലറ്റിക് കൺവെർട്ടർ എന്നിവയാണ് പുത്തൻ ക്ലാസിക് 350-യിലെ മറ്റു മാറ്റങ്ങൾ.

346 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എൻജിനാണ് ബൈക്കിന്‍റെ ഹൃദയം. കാർബുറേറ്ററിന് പകരം ഫ്യുവൽ ഇൻജെക്ഷൻ സാങ്കേതിക വിദ്യ ചേർത്താണ് ബിഎസ്6 മാനദണ്ഡങ്ങൾക്കനുസരിച്ച് പുതുക്കിയത്. കാർബുറേറ്റഡ് എൻജിൻ 5-സ്പീഡ് ട്രാൻസ്മിഷൻ തന്നെയാണ് പുത്തൻ ക്ലാസിക് 350-യിലും.