വിൽപനയിൽ റെക്കോഡിട്ട് രാജ്യത്തെ ഐക്കണിക്ക് ഇരുചക്രവാഹന നിർമാതാക്കളായ റോയൽ എൻഫീൽഡ്. ഒറ്റദിവസം കൊണ്ട് 1200 ബൈക്കുകളാണ് കമ്പനി വിറ്റതെന്നാണ് റിപ്പോര്‍ട്ടുകള്‍. ദസറ - നവരാത്രി ആഘോഷ വേളയിലാണ് കമ്പനിയുടെ ഈ മിന്നും പ്രകടനം. 

മുംബൈയിൽ മാത്രം 1200 പുതിയ മോട്ടോർ സൈക്കിളുകള്‍ ഉടമകള്‍ക്കു കൈമാറിയെന്നും മഹാരാഷ്ട്രയിലാകെ 3700 ബൈക്കുകൾ വിറ്റെന്നും ചെന്നൈ ആസ്ഥാനമായ കമ്പനി വ്യക്തമാക്കിയതായി കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ക്ലാസിക് 350, ബുള്ളറ്റ് 350, ഹിമാലയൻ, ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജി ടി 650 എന്നിവയുമാണ് പ്രധാനമായും വിറ്റത്. മഹാരാഷ്ട്രയിലെ വിവിധ നഗരങ്ങളിലും പട്ടണങ്ങളിലുമായി 92 സ്റ്റോറുകളാണു റോയൽ എൻഫീൽഡിനുള്ളത്. കൊറോണ വൈറസ് വ്യാപനവും തുടർന്നുള്ള രാജ്യവ്യാപക ലോക്ക്ഡൗണുമൊക്കെ ഇന്ത്യൻ വാഹന വിപണിയെ കടുത്തപ്രതിസന്ധിയിലാക്കിയെങ്കിലും ഈ ഉത്സവവേളയിലും  വിൽപ്പനയിൽ പതിവു വളർച്ച കൈവരിക്കാനായതു നിർമാതാക്കൾക്കു പ്രതീക്ഷ പകരുന്നുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ബിസിനസ്സ് വീണ്ടെടുക്കലും വളർച്ചയും ഉറപ്പാക്കാന്‍ സാധിക്കുന്നതായി റോയൽ എൻഫീൽഡ് പറയുന്നു.

ശുഭകാര്യങ്ങൾക്കും പുതിയ തുടക്കങ്ങൾക്കും ഉത്തമമെന്നു വിശ്വസിക്കപ്പെടുന്നതിനാൽ എല്ലാക്കൊല്ലവും നവരാത്രി — ദീപാവലി ആഘോഷവേളയിലാണു രാജ്യത്തെ വാഹന നിർമാതാക്കൾ മികച്ച വിൽപ്പനയും വളർച്ചാനിരക്കുമൊക്കെ കൈവരിക്കാറുള്ളത്. 
സമ്പർക്ക രഹിത/ഡിജിറ്റൽ ഇടപാടുകളും സർവീസ് ഓൺ വീൽസ്, ഹോം ടെസ്റ്റ് റൈഡ്, ഇ പെയ്മെന്റ് സൗകര്യങ്ങളുമൊക്കെ ഉപയോക്താക്കളെ വീണ്ടെടുക്കാൻ സഹായിച്ചിട്ടുണ്ടെന്നു കമ്പനി വ്യക്തമാക്കുന്നു.