ഐക്കണിക്ക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് കംബോഡിയന്‍ വിപണിയിലേക്ക് ചുവടുറപ്പിക്കുന്നതായി റിപ്പോര്‍ട്ട്. തായ്‌ലാന്‍ഡ് പ്ലാന്റില്‍ നിര്‍മ്മിക്കുന്ന മോഡലുകളാകും കംബോഡിയന്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തിക്കുക.

കംബോഡിയ കൂടാതെ, ഏഷ്യാ പസഫിക് മേഖലകളായ മലേഷ്യ, വിയറ്റ്‌നാം, ഫിലിപ്പീന്‍സ്, ദക്ഷിണ കൊറിയ, ഇന്തോനേഷ്യ എന്നിവിടങ്ങളിലും റോയല്‍ എന്‍ഫീല്‍ഡിന് സാന്നിധ്യമുണ്ട്. ബുള്ളറ്റ് 500, ക്ലാസിക് 500, ഹിമാലയന്‍, ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 തുടങ്ങിയ ബൈക്കുകള്‍ കംമ്പോഡിയന്‍ വിപണിയില്‍ കമ്പനി അവതരിപ്പിച്ചു.

ടിഎഫ് മോട്ടോഴ്‍സാണ് കംബോഡിയയിലെ എന്‍ഫീല്‍ഡിന്‍റെ ഔദ്യോഗിക വിതരണക്കാര്‍. രാജ്യത്തെ ആദ്യത്തെ സ്റ്റോര്‍ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. മാത്രമല്ല, കമ്പനിയുടെ ഔദ്യോഗിക റൈഡിംഗ് വസ്ത്രങ്ങള്‍, ആക്‌സസറികള്‍ എന്നിവയും സ്റ്റോര്‍ വില്‍പ്പനയ്ക്ക് എത്തിക്കുകയും ചെയ്തിട്ടുണ്ട്.

വിദേശ വിപണികളെ സംബന്ധിച്ചിടത്തോളം, റോയൽ‌ എൻ‌ഫീൽ‌ഡ് ബൈക്കുകൾ‌ക്ക് വളരെയധികം ജനപ്രീതി ലഭിക്കുന്നു, പ്രത്യേകിച്ചും പുതിയ 650 ഇരട്ടകൾ‌ക്കാണ് ഏറെ പ്രിയം. ആരംഭിച്ച് രണ്ട് വർഷത്തിനുള്ളിൽ, ഇന്റർസെപ്റ്റർ 650 യുകെയുടെ മോട്ടോർ സൈക്കിൾ വിൽപ്പന ചാർട്ടിൽ ഏറ്റവും മുകളിലേക്ക് കയറി. 2018 നവംബറിലാണ് കോണ്‍ടിനന്‍റല്‍ ജിടി, ഇന്‍റര്‍സെപ്റ്റര്‍ 650 മോഡലുകളെ  റോയല്‍ എന്‍ഫീല്‍ഡ് അവതരിപ്പിക്കുന്നത്.  2017 നവംബറില്‍ ഇറ്റലിയില്‍ നടന്ന മിലാന്‍ മോട്ടോര്‍ സൈക്കിള്‍ ഷോയിലാണ് ഇരുബൈക്കുകളെയും കമ്പനി ആദ്യമായി പ്രദര്‍ശിപ്പിക്കുന്നത്. റോയൽ എൻഫീൽഡിന്‍റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് 648 സിസിയിൽ പാരലൽ ട്വിൻ എഞ്ചിൻ ഒരുങ്ങുന്നത്. 

എൽഫീൽഡിന്‍റെ പാരമ്പര്യം പേറുന്ന മോഡലുകളാണ് ഇന്‍റർസ്പ്റ്ററും കോണ്ടിനെന്‍റൽ ജിടിയും. 60കളിലെ തനിമ കൈവിടാതെ ഇന്‍റർസ്പെറ്റർ. കഫേ റേസർ ബൈക്കിന്‍റെ രൂപവും ഭാവവുമായി കോണ്ടിനെന്‍റൽ ജിടി. എയർ കൂൾഡ് എൻജിൻ 7100 ആർപിഎമ്മിൽ‌ 47 ബിഎച്ച്പി കരുത്തും 4000 ആർപിഎമ്മിൽ 52 എൻഎം ടോർക്കും പ്രദാനം ചെയ്യും. ആറ് സ്പീഡാണ് ട്രാൻസ്മിഷന്‍. റോയല്‍ എന്‍ഫീല്‍ഡ് നിരയിലെ ഏറ്റവും വേഗമേറിയ മോഡലും ഇതാണ്. മണിക്കൂറില്‍ 163 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കാന്‍ ഇന്റര്‍സെപ്റ്റര്‍ 650-ക്കും കോണ്ടിനെന്റില്‍ ജിടിക്കും സാധിക്കും. 

അതേസമയം ഇന്ത്യയിൽ പുതിയ മീറ്റിയർ‌ 350 പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് റോയൽ‌ എൻ‌ഫീൽ‌ഡ്. പരീക്ഷണയോട്ടം നടത്തുന്ന ഈ‌ ബൈക്ക് മുമ്പ്‌ നിരവധി തവണ കണ്ടെത്തിയിരുന്നു. തണ്ടർബേഡ് 350 എക്സ് മോട്ടോർസൈക്കിളിന് പകരക്കാരനാകും ഇത്. റോയല്‍ എന്‍ഫീല്‍ഡിന്റെ ജെ10 പ്ലാറ്റ്‌ഫോമിലാണ് ഈ വാഹനം നിര്‍മിക്കുന്നത്. ഈ മോഡല്‍ തണ്ടര്‍ബേഡ് 350യുടെ പകരക്കാരനായിരിക്കുമെന്നാണ് റിപ്പോർട്ട്. റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേഡ് എക്‌സുമായി സാമ്യുള്ള ഡിസൈനാണ് മീറ്റിയോര്‍ 350 ഫയര്‍ബോളിനുള്ളത്. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കും ഡ്യുവല്‍ ചാനല്‍ എബിഎസും ബൈക്കിന്റെ സുരക്ഷയൊരുക്കുന്നുണ്ട്. 

ബിഎസ്6 നിലവാരത്തില്‍ ഫ്യുവല്‍ ഇഞ്ചക്ഷന്‍ സാങ്കേതികവിദ്യയും ഇതില്‍ ലഭ്യമാണ്. മീറ്റിയോര്‍ 350 ഫയര്‍ബോളിലും റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350ന് കരുത്തേകുന്ന 349 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനായിരിക്കും നല്‍കുക. ഈ എന്‍ജിന്‍ 19.8 ബിഎച്ച്പി പവറും 28 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവലാണ് ട്രാ്ന്‍സ്മിഷന്‍.