മൂന്ന് മാസങ്ങൾക്കകം ഇരു ബൈക്കുകളുടെയും വില റോയൽ എൻഫീൽഡ് വീണ്ടും വർദ്ധിപ്പിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡിന്‍റെ ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 ഇരട്ടകളുടെ പരിഷ്‍കരിച്ച പതിപ്പിനെ ഈ വർഷം മാർച്ചിലാണ്‌ വിപമിയില്‍ എത്തിച്ചത്. പുത്തൻ നിറങ്ങളാണ് 2021 റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ, കോണ്ടിനെന്റൽ ജിടി ബൈക്കുകളുടെ ആകർഷണം. 6,000 രൂപയോളം വില കൂട്ടിയാണ് 2021 പതിപ്പ് കമ്പനി വിപണിയില്‍ എത്തിച്ചത്. മൂന്ന് മാസങ്ങൾക്കകം ഇരു ബൈക്കുകളുടെയും വില റോയൽ എൻഫീൽഡ് വീണ്ടും വർദ്ധിപ്പിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

6,486 രൂപ വരെയാണ് 2021 ഇന്റർസെപ്റ്റർ 650യ്ക്ക് വില വർദ്ധിപ്പിച്ചിരിക്കുന്നത്. അതേസമയം 6,809 രൂപ വരെയാണ് 2021 കോണ്ടിനെന്റൽ ജിടിയുടെ വില റോയൽ എൻഫീൽഡ് വർദ്ധിപ്പിച്ചിരിക്കുന്നത്.

പുത്തൻ നിറങ്ങളോടൊപ്പം റോയൽ എൻഫീൽഡ് ആരംഭിച്ച 'മെയ്‍ക്ക് ഇറ്റ് യുവേഴ്‍സ്' പദ്ധതിയുടെ ഭാഗമായി ഉപഭോക്താക്കളുടെ താല്‍പര്യം അനുസരിച്ച് ബൈക്കുകൾ അണിയിച്ചൊരുക്കാൻ വിവിധ അക്‌സെസറികളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. വിവിധ ഡിസൈനിലുള്ള സീറ്റുകൾ, ടൂറിങ് മിററുകൾ, ഫ്ലൈ സ്ക്രീനുകൾ, സമ്പ് ഗാർഡുകൾ, എന്നിങ്ങനെ പോകുന്നു പുതുതായി അവതരിപ്പിച്ച ആക്‌സസറികളുടെ നീണ്ട നിര.

2018 നവംബറിലാണ് കോണ്‍ടിനന്‍റല്‍ ജിടി, ഇന്‍റര്‍സെപ്റ്റര്‍ 650 മോഡലുകളെ റോയല്‍ എന്‍ഫീല്‍ഡ് അവതരിപ്പിക്കുന്നത്. 2017 നവംബറില്‍ ഇറ്റലിയില്‍ നടന്ന മിലാന്‍ മോട്ടോര്‍ സൈക്കിള്‍ ഷോയിലാണ് ഇരുബൈക്കുകളെയും കമ്പനി ആദ്യമായി പ്രദര്‍ശിപ്പിക്കുന്നത്. റോയൽ എൻഫീൽഡിന്‍റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് 648 സിസിയിൽ പാരലൽ ട്വിൻ എഞ്ചിൻ ഒരുങ്ങുന്നത്.

എൽഫീൽഡിന്‍റെ പാരമ്പര്യം പേറുന്ന മോഡലുകളാണ് ഇന്‍റർസെപ്റ്ററും കോണ്ടിനെന്‍റൽ ജിടിയും. 60കളിലെ തനിമ കൈവിടാതെ ഇന്‍റർസ്പെറ്റർ. കഫേ റേസർ ബൈക്കിന്‍റെ രൂപവും ഭാവവുമായി കോണ്ടിനെന്‍റൽ ജിടി. എയർ കൂൾഡ് എൻജിൻ 7100 ആർപിഎമ്മിൽ‌ 47 ബിഎച്ച്പി കരുത്തും 4000 ആർപിഎമ്മിൽ 52 എൻഎം ടോർക്കും പ്രദാനം ചെയ്യും. ആറ് സ്പീഡാണ് ട്രാൻസ്മിഷന്‍. റോയല്‍ എന്‍ഫീല്‍ഡ് നിരയിലെ ഏറ്റവും വേഗമേറിയ മോഡലും ഇതാണ്. മണിക്കൂറില്‍ 163 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കാന്‍ ഇന്റര്‍സെപ്റ്റര്‍ 650-ക്കും കോണ്ടിനെന്റില്‍ ജിടിക്കും സാധിക്കും. 

ഫ്യുവൽ ഇൻജെക്ഷൻ സാങ്കേതിക വിദ്യ ചേർന്ന 648 സിസി, പാരലൽ-ട്വിൻ, എയർ-കൂൾഡ് എഞ്ചിൻ തന്നെയാണ് 2021 പതിപ്പിലും. ബിഎസ് 6 മാനദണ്ഡങ്ങൾ പാലിക്കുന്ന ഈ എൻജിൻ 46.8 ബിഎച്പി പവറും 52 എൻഎം ടോർക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത് ഇരു മോഡലുകൾക്കും 6-സ്പീഡ് ഗിയർബോക്‌സാണ് ട്രാന്‍സ്‍മിഷന്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona