ദക്ഷിണ ധ്രുവത്തിലേക്കുള്ള​ യാത്രക്ക്​ തയ്യാറെടുക്കുകയാണ് ഹിമാലയന്‍ എന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു

ക്കണിക്ക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന്‍റെ (Royal Enfield) ഇന്ത്യയിലെ അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിൾ വിഭാഗത്തിലെ ജനപ്രിയ മോഡലാണ് ഹിമാലയൻ (RE Himalayan). ഇപ്പോഴിതാ ദക്ഷിണ ധ്രുവത്തിലേക്കുള്ള​ (South Pole) യാത്രയ്ക്ക്​ തയ്യാറെടുക്കുകയാണ് ഹിമാലയന്‍ എന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. റോസ് ഐസ് ഷെൽഫ് മുതൽ (Ross Ice Shelf) ദക്ഷിണധ്രുവം (South Pole) വരെ 770 കിലോമീറ്റർ ദൂരമുള്ള 39 ദിവസത്തെ പര്യവേഷണമാണ് ഹിമാലയൻ നടത്തുക. 

റോയൽ എൻഫീൽഡ്​ സീനിയർ എഞ്ചിനീയർ, പ്രൊഡക്റ്റ് ഡെവലപ്‌മെൻറ്​ ഡീൻ കോക്‌സൺ, റൈഡ്​സ്​ ആൻഡ്​ കമ്മ്യൂണിറ്റി ലീഡ്​ സന്തോഷ്​ വിജയകുമാർ എന്നിവരാണ്​ ഹിമാലയനൊപ്പം യാത്രക്കാരായി ഉണ്ടാകുക. ഈ സാഹസിക യാത്രക്കായി ഹിമാലയനിൽ ചെറിയ ചില മാറ്റങ്ങളൊക്കെ കമ്പനി വരുത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍​.

ദക്ഷിണാർധഗോളത്തിലെ വേനൽക്കാലമായ നവംബർ 26നാണ് റൈഡ് ആരംഭിക്കുന്നത്. വേനൽ എന്ന്​ പറയാമെങ്കിലും വലിയ ചൂടൊന്നും അവിടെ പ്രതീക്ഷിക്കേണ്ടതില്ല. ദക്ഷിണധ്രുവത്തിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില -12 ഡി​ഗ്രി സെൽഷ്യസ്​ ആണ്​.

ബൈക്കിന്‍റെ പരിഷ്‍കരിച്ച വകഭേദം ഈ വർഷം ഫെബ്രുവരിയിലാണ് വിപണിയിലെത്തിയത്. പുതിയ നിറങ്ങളും നാവിഗേഷൻ സൗകര്യങ്ങളുമായി വാഹനം പരിഷ്​കരിച്ചത്. ഗ്രാനൈറ്റ്​ ബ്ലാക്​, പൈൻ ഗ്രീൻ നിറങ്ങളാണ്​ ഉൾപ്പെടുത്തിയത്​. ടാങ്കിന് ചുറ്റുമുള്ള ഫ്രെയിമിന്​ ചെറിയ മാറ്റം വരുത്തി. ട്രിപ്പർ നാവിഗേഷൻ പോലുള്ള ആധുനിക സംവിധാനങ്ങളും ഇണക്കിച്ചേർത്തു.

411 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിനാണ് 2021 ഹിമാലയന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 6,500 rpm-ൽ പരമാവധി 24.3 bhp കരുത്തും 4,000- 4,500 rpm-ൽ 32 Nm ടോർക്കും ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് ഗിയർബോക്സാണ് ട്രാന്‍സ്‍മിഷന്‍. ലേക് ബ്ലൂ, ഗ്രേവൽ ഗ്രേ, റോക്ക് റെഡ്, ഗ്രാനൈറ്റ് ബ്ലാക്ക്, മിറേജ് സിൽവർ, പൈൻ ഗ്രീൻ എന്നീ ആറ് കളർ ഓപ്ഷനുകളാണ് 2021 ഹിമാലയൻ ലഭിക്കുക.

ഒരു കറുത്ത കേസിംഗ് മുൻവശത്ത് ഹെഡ്‌ ലാമ്പിന് നൽകിയിട്ടുണ്ട്. ഇപ്പോൾ പുതുക്കിയ വിൻഡ്‌ഷീൽഡ് ഉയരമുള്ളതും കൂടുതൽ പ്രായോഗികവുമാണ്. കൂടാതെ, ഫ്യുവൽ ടാങ്കിന് അടുത്തായി സ്ഥിതിചെയ്യുന്ന ഫ്രണ്ട് ഫ്രെയിം ചെറുതായി മുന്നോട്ട് നീക്കിയിട്ടുണ്ട്. ഉയരമുള്ള റൈഡർമാരുടെ കാൽമുട്ടുകൾ ഫ്രണ്ട് ഫ്രെയിമിൽ സ്പർശിക്കുന്ന പ്രശ്നം പരിഹരിക്കാനാണ് ഇത്. ടിയർ‌ഡ്രോപ്പ് ആകൃതിയിലുള്ള ടേൺ ഇൻഡിക്കേറ്ററുകൾ, വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പും റിയർ വ്യൂ മിററുകളും, സ്‌കൾപ്പഡ് ഫ്യുവൽ ടാങ്ക്, അപ്‌‌വെപ്റ്റ് എക്‌സ്‌ഹോസ്റ്റ്, സ്ലിം ടെയിൽ സെക്ഷൻ എന്നീ ഫീച്ചറുകൾ മുമ്പത്തെ മോഡലിന് സമാനമായി തുടരുന്നു. 

നിലവിലെ കണക്കുകളനുസരിച്ച് ഇന്ത്യൻ വിപണിയിലെ ഏറ്റവും താങ്ങാനാവുന്ന അഡ്വഞ്ചർ-ടൂറർ മോട്ടോർസൈക്കിളുകളിൽ ഒന്നാണ് ഹിമാലയൻ. അതുകൊണ്ടു തന്നെയാവണം ഈ ബൈക്കിന്റെ വിൽപ്പനയിൽ വമ്പന്‍ മുന്നേറ്റം തന്നെയാണ് കമ്പനിക്ക്.