കാസർകോട് പള്ളിക്കരയിൽ കാണാതായ ഒരു പവന്റെ കെട്ടുതാലി, ഹരിത കർമ്മ സേനാംഗങ്ങൾ മാലിന്യത്തിൽ നിന്നും കണ്ടെത്തി. ഒരു പഴയ ചെരുപ്പിന്റെ അടിയിലെ ബബിൾ ഗമ്മിൽ ഒട്ടിപ്പിടിച്ച നിലയിലായിരുന്നു താലി. സിനിമാക്കഥയെ വെല്ലുന്ന ഈ കണ്ടെത്തലിന് ശേഷം താലി ഉടമസ്ഥയ്ക്ക് തിരികെ നൽകി.

കാസർകോട്: ചെരുപ്പിന് അടിയിലെ ബബിൾ ഗമിൽ ഒട്ടിപ്പിടിച്ച നിലയിൽ കെട്ടു താലി. മാലിന്യം ശേഖരിക്കാൻ എത്തിയ ഹരിത കർമ സേനക്കാണ് ചെരിപ്പിലെ ചുയിഗം മാറ്റുന്നതിനിടയിൽ താലി കിട്ടിയിത്. താലി ഉടമസ്ഥന് കൈമാറി. ഉദുമ പള്ളിക്കരയിലാണ് സിനിമാക്കഥയെ പോലും വെല്ലുന്ന ട്വിസ്റ്റ്‌ നടന്നത്. ചൊവ്വാഴ്ച പതിവ് പോലെ സുജ വെളുത്തോളിയും സുനിത വെളുത്തോളിയും പള്ളിക്കര ചെർക്കാപ്പാറയിൽ മാലിന്യശേഖരണത്തിനിറങ്ങി. സുധയുടെ വീട്ടിൽനിന്ന്‌ പൊട്ടിയ ചെരുപ്പുകൾ ശേഖരിച്ചു. അയൽവാസിയായ കനകയുടെ വീട്ടിലേക്ക് വിഷുവിന് മുൻപ് ബന്ധുവായ ജിഷ വിരുന്ന്‌ വന്നിരുന്നു. അന്ന് ജിഷയുടെ ഒരുപവന്റെ താലി കളഞ്ഞുപോയി. വീട്ടുകാരും നാട്ടുകാരും ഈ താലി ഏറെനേരം തിരഞ്ഞിട്ടും കിട്ടിയില്ല. സങ്കടത്തോടെ ജിഷ സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയി. അന്ന് സ്വർണം തിരയാൻ അടുത്ത വീട്ടിലെ സുധയും പോയിരുന്നു. ഇവർ അന്നിട്ട ചെരുപ്പ് കഴിഞ്ഞദിവസം പൊട്ടുകയും ഹരിതകർമ സേനാംഗങ്ങൾക്ക് നൽകുകയും ചെയ്തു.

സുധയുടെ വീട്ടിൽനിന്ന്‌ കിട്ടിയ ചെരുപ്പുകളിൽ ഒന്ന് മറിഞ്ഞു വീണു. ചെരുപ്പിന് അടിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന ചെളിയും അഴുക്കും ബബിൾഗവും കണ്ടു. ബബിൾഗം വലിച്ചടുക്കാൻ നോക്കിയപ്പോൾ സ്വർണത്തിളക്കം കണ്ടു. പിന്നീട് ബബിൾഗം കുത്തിപ്പറിച്ചെടുത്തപ്പോഴാണ്‌ ഒരുപവന്റെ താലിത്തിളക്കം ശ്രദ്ധയിൽപ്പെട്ടത്‌. സ്വർണമാണോ എന്നറിയാൻ ഉരച്ചു നോക്കി. ചെരുപ്പിന്റെ ഉടമ സുധയോട് തിരക്കിയപ്പോൾ ജിഷയുടെ നഷ്ടപ്പെട്ട താലിയും അന്നത്തെ തിരച്ചിലും വിശദീകരിച്ചു. അങ്ങനെയാണ് ആളെ തിരിച്ചറിഞ്ഞെതെന്ന് സുജ പറഞ്ഞു.

ചെരുപ്പിൽ പറ്റിയ ബബിൾഗമ്മിൽ ഒട്ടിപ്പിടിച്ച് കിട്ടിയ ഒരുലക്ഷത്തിലധികം വിലവരുന്ന കെട്ടുതാലി അങ്ങനെ ഉടമയ്ക്ക് തിരിച്ചു നൽകി. ജിഷ കെട്ടുതാലി ഏറ്റുവാങ്ങി വീണ്ടും മാലയിൽ കോർത്തു. വാർത്ത നാട്ടിൽ പരന്നത്തോടെ ഫോട്ടോയെടുക്കലും സേനാംഗങ്ങൾക്ക് അഭിനന്ദനവുമായി നിരവധിപ്പേർ എത്തി.