ഐക്കണിക്ക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് നിലവിലെ ഉപ​ഭോക്​താക്കൾക്കും ഭാവിയിൽ ബൈക്ക്​ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കുമായി മൊബൈൽ ആപ്പ്​ അവതരിപ്പിച്ചു. 

അടിയന്തിര സാഹചര്യങ്ങളിൽ റോഡ്​സൈഡ്​ അസിസ്റ്റ്​ ലഭ്യമാക്കാനും അപ്ലിക്കേഷൻ സഹായിക്കും. ഉപഭോക്​താക്കളുടെ ഷോറൂമുകളിലേക്കും സർവീസ്​ സെൻററുകളിലേക്കുമുള്ള അനാവശ്യ സന്ദർശനങ്ങൾ ഒഴിവാക്കുകയാണ്​ കമ്പനി ആപ്പിലൂടെ ലക്ഷ്യമിടുന്നത്​.

ഈ ആപ്ലിക്കേഷൻ വഴി ബൈക്ക്​ ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്​. ഇഷ്ടപ്പെട്ട വേരിയൻറും കളർ ഓപ്ഷനുകളും നൽകി ഇഷ്​ടമുള്ള മോഡൽ ആപ്പ്​ വഴി തിരഞ്ഞെടുക്കാനാകും. പണമടക്കാനുള്ള സൗകര്യവും അപ്ലിക്കേഷനിൽ നൽകിയിട്ടുണ്ട്​.

ആപ്പിൽ ബുക്ക്​ ചെയ്​ത ശേഷം തിരഞ്ഞെടുത്ത ഡീലർഷിപ്പിൽ നിന്ന് ബൈക്ക് ഡെലിവറി ചെയ്യാം. റോയൽ എൻഫീൽഡ് റൈഡുകൾക്കും ഇവൻറുകൾക്കും സ്വയം രജിസ്റ്റർ ചെയ്യാനും പുതിയ ആപ്ലിക്കേഷൻ ആളുകൾക്ക് അവസരം നൽകുന്നു. സർവീസ്​ ബുക്ക്​ ചെയ്യാനുള്ള സൗകര്യമാണ്​ മറ്റൊന്ന്​.

വാഹനത്തി​െൻറ കംപ്ലയിൻറുകൾ രേഖപ്പെടുത്തി വാഹനം സർവീസിനായി ബുക്ക്​ ചെയ്യാം. ഇതിനുശേഷം ബൈക്ക്​ സർവീസ്​ സെൻററിൽ നൽകിയാൽ മതിയാകും. സർവീസ് സ്റ്റേഷനുകളിൽ പിക്ക് അപ്പ്-ഡ്രോപ്പ് സൗകര്യങ്ങളും റോയൽ എൻഫീൽഡ് നൽകുന്നുണ്ട്​. കൂടാതെ ചെറിയ പ്രശ്‌നങ്ങൾ സ്വയം പരിഹരിക്കാനും അടുത്ത സവാരിക്ക് തയ്യാറാകാനും സഹായിക്കുന്ന ഡിഐവൈ ഗൈഡുകൾ ആപ്പുവഴി പരിശോധിക്കാനാകും.

ഉപഭോക്താക്കളുടെ സുരക്ഷയും സൗകര്യവും ലക്ഷ്യമിട്ട് വീട്ടിലെത്തി വാഹനം സര്‍വ്വീസ് ചെയ്യുന്ന പദ്ധതിയായ സര്‍വീസ് ഓണ്‍ വീല്‍സ് കമ്പനി അടുത്തിടെ അവതരിപ്പിച്ചിരുന്നു. അംഗീകൃതവും വിശ്വസനീയവും തടസരഹിതവുമായ സേവനമാണ് സര്‍വീസ് ഓണ്‍ വീല്‍സിന്റെ ലക്ഷ്യം. ഇതിനായി പ്രത്യേകം നിര്‍മ്മിച്ച സര്‍വീസ് ഓണ്‍ വീല്‍സ് മോട്ടോര്‍ സൈക്കിളുകള്‍ ഉപഭോക്താവിന്റെ വീട്ടുപടിക്കലെത്തും. സുരക്ഷിതവും എളുപ്പവും തടസങ്ങളില്ലാത്തതുമായ സര്‍വീസ് അനുഭവം ലക്ഷ്യമിട്ടാണ് പുതിയ ഉപഭോക്തൃ സൗഹൃദ പദ്ധതി. ഇതിനായി രാജ്യത്തുടനീളമുള്ള ഡീലര്‍ഷിപ്പുകളിലായി 800 സര്‍വീസ് ഓണ്‍ വീല്‍സ് യൂണിറ്റുകളാണ് റോയല്‍ എന്‍ഫീല്‍ഡ് വിന്യസിച്ചത്.