ഇന്ത്യ, തായ്‌ലൻഡ്, അമേരിക്ക എന്നീ വിപണികള്‍ക്ക് ശേഷം റോയൽ എൻഫീൽഡ് തങ്ങളുടെ പുതിയ മെറ്റിയർ 350 റെട്രോ ക്രൂയിസർ മോട്ടോർസൈക്കിൾ യൂറോപ്യൻ വിപണിയിലും അവതരിപ്പിച്ചു.  ഫയർബോൾ, സ്റ്റെല്ലാർ, സൂപ്പർനോവ എന്നീ മൂന്ന് വേരിയന്റുകളും  യൂറോപ്പിൽ അവതരിപ്പിച്ചെന്നും ബൈക്കിന്റെ വില ജിബിപി 3749 മുതല്‍ (ഏകദേശം 3.69 ലക്ഷം ഇന്ത്യന്‍ രൂപ) ആണെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

നവംബറിലാണ് വാഹനം ഇന്ത്യയില്‍ എത്തുന്നത്. വാഹനത്തിന്റെ എക്സ്ഷോറൂം വില 1.75 ലക്ഷം രൂപ മുതൽ 1.90 ലക്ഷം രൂപ വരെയാണ്.  ആഭ്യന്തര വിപണിയിലും വിദേശത്തും മോട്ടോർസൈക്കിളിന് നല്ല  പ്രതികരണമാണ് ലഭിച്ചത്. എത്തി ദിവസങ്ങൾക്കുള്ളിൽ തന്നെ മീറ്റിയോർ 350ന്  8,000 ബുക്കിംഗുകളിലധികം ലഭിച്ചിരുന്നു. ഇതിനകം നിർത്തലാക്കിയ ഐക്കണിക് മോഡല്‍ തണ്ടർബേഡ് 350 മോട്ടോർസൈക്കിളിന് പകരമായിട്ടാണ് ഇത് പുറത്തിറങ്ങുന്നത്. 

തീർത്തും പുതിയ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് മെറ്റിയർ. 349 സിസി സിംഗിൾ സിലിണ്ടർ എയർ / ഓയിൽ-കൂൾഡ് എസ്‌ഒ‌എച്ച്‌സി എഞ്ചിനാണ് ഹൃദയം. ഈ എഞ്ചിന്‍ 20.2 ബിഎച്ച്പി പവറും 27 എൻ‌എം ടോർക്കും നൽകുന്നു. ഗിയർബോക്സ് ഓപ്ഷനിൽ 5 സ്പീഡ് ട്രാൻസ്മിഷൻ യൂണിറ്റ് ഉൾപ്പെടുന്നു. ഹോണ്ട എച്ച് നെസ് സിബി 350, ബെനെല്ലി ഇംപീരിയൽ 400 റെട്രോ ക്രൂയിസർ മോട്ടോർസൈക്കിളുകൾക്കൊപ്പം ഇത് കൊമ്പുകൾ പൂട്ടുന്നു.


ചെന്നൈ ആസ്ഥാനമായുള്ള റോയല്‍ എന്‍ഫീല്‍ഡ് അടുത്തിടെ ഇന്ത്യയിൽ ആറ് ശതമാനം വളർച്ച രേഖപ്പെടുത്തി. നവംബറിൽ മൊത്തം 63,782 യൂണിറ്റുകൾ വിറ്റഴിച്ചു. 2019 ൽ ഇതേ മാസത്തിൽ ഇത് 60,411 ആയിരുന്നു. മെറ്റിയോര്‍ ഈ പ്രകടനം നിലനിർത്താൻ സഹായിക്കുമെന്ന്  കമ്പനി പ്രതീക്ഷിക്കുന്നു.

മെറ്റിയർ 350 ന് ശേഷം ഇന്ത്യയിലും ലോകമെമ്പാടും പുത്തൻ ക്ലാസിക് 350 മോട്ടോർസൈക്കിൾ അവതരിപ്പിക്കാനും റോയൽ എൻഫീൽഡ് ഒരുങ്ങുന്നതായി സൂചനകളുണ്ട്. 2021 ന്റെ ആദ്യ പാദത്തിൽ ഈ മോഡലും എത്തുമെന്ന് പ്രതീക്ഷിക്കുന്നു. കമ്പനി ലൈനപ്പിലെ രണ്ടാമത്തെ മോഡലായി ക്ലാസിക് 350  മാറും. ട്രിപ്പർ നാവിഗേഷൻ അല്ലെങ്കിൽ ടേൺ-ബൈ-ടേൺ നാവിഗേഷൻ സവിശേഷത ഈ മോഡലിനും ലഭിച്ചേക്കും.