Asianet News Malayalam

വാങ്ങാന്‍ ജനം ക്യൂ, ഈ ബുള്ളറ്റിന്‍റെ വില കൂട്ടി റോയല്‍ എന്‍ഫീല്‍ഡ്

അടിസ്ഥാന മോഡല്‍ ആയ ഫയര്‍ബോള്‍ മുതല്‍ സൂപ്പര്‍നോവ വരെയുള്ള എല്ലാ പതിപ്പുകളുടെയും വില 8,405 രൂപ വരെയാണ് റോയല്‍ എന്‍ഫീല്‍ഡ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത് 

Royal Enfield Meteor 350 gets massive price hike
Author
Chennai, First Published Jul 12, 2021, 4:10 PM IST
  • Facebook
  • Twitter
  • Whatsapp

ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡിന്റെ ശ്രേണിയിലെ പുതിയ മുഖമാണ് മീറ്റിയോര്‍. കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് തണ്ടര്‍ബേര്‍ഡ് പതിപ്പിന് പകരക്കാനായി മീറ്റിയോര്‍ എത്തിയത്. വിപണിയിലെത്തി രണ്ട് മാസം തികഞ്ഞപ്പോഴേക്കും മീറ്റോയോറിന്റെ വില റോയല്‍ എന്‍ഫീല്‍ഡ് കൂട്ടിയിരുന്നു. ഇപ്പോഴിതാ വീണ്ടും മീറ്റിയോറിന്റെ വില കൂട്ടിയിരിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

അടിസ്ഥാന മോഡല്‍ ആയ ഫയര്‍ബോള്‍ മുതല്‍ സൂപ്പര്‍നോവ വരെയുള്ള എല്ലാ പതിപ്പുകളുടെയും വില 8,405 രൂപ വരെയാണ് റോയല്‍ എന്‍ഫീല്‍ഡ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത് എന്ന് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മീറ്റിയോര്‍ 350 നിരയിലെ അടിസ്ഥാന മോഡല്‍ ആണ് ഫയര്‍ബോള്‍. മഞ്ഞ, ചുവപ്പ് എന്നിങ്ങനെ രണ്ട് സിംഗിള്‍ ടോണ്‍ നിറങ്ങളില്‍ മാത്രമേ ഫയര്‍ബോള്‍ പതിപ്പ് വില്പനക്കെത്തൂ. തണ്ടര്‍ബേര്‍ഡ് എക്സ് മോഡലുമായി ഏറെ സാമ്യമുള്ള മോഡല്‍ ആണ് മീറ്റിയോര്‍ 350 ഫയര്‍ബോള്‍. ഫയര്‍ബോള്‍ പതിപ്പിന് മുകളിലായാണ് സ്റ്റെല്ലാര്‍ പതിപ്പിന്റെ സ്ഥാനം.

ഡാര്‍ക്ക് റെഡ്, ഡാര്‍ക്ക് ബ്ലൂ, മാറ്റ് ബ്ലാക്ക് എന്നിങ്ങനെ 3 നിറങ്ങളിലാണ് സ്റ്റെല്ലാര്‍ മോഡല്‍ വാങ്ങാന്‍ സാധിക്കുക. എക്‌സ്‌ഹോസ്റ്റ് പൈപ്പ്, ഹാന്‍ഡില്‍ ബാര്‍ അടക്കം ചില ഭാഗങ്ങള്‍ക്ക് ക്രോം ഫിനിഷ് ആണ്. പെട്രോള്‍ ടാങ്കില്‍ 3D റോയല്‍ എന്‍ഫീല്‍ഡ് ബാഡ്ജ്, പുറകില്‍ ഇരിക്കുന്ന വ്യക്തിക്ക് ബാക് റെസ്റ്റ് എന്നിവയാണ് മീറ്റിയോര്‍ 350 സ്റ്റെല്ലാര്‍ മോഡലിലെ പ്രത്യേകതകള്‍.

2020 നവംബർ 6ന് വിപണിയില്‍ എത്തിയ വാഹനത്തിന് മികച്ച പ്രതികരണമാണ്. ഇന്ത്യയില്‍ മികച്ച ബുക്കിങ്ങ് സ്വന്തമാക്കുകയും വിദേശ രാജ്യങ്ങളില്‍ ഉള്‍പ്പെടെ സാന്നിധ്യമറിയിക്കുകയും ചെയ്‍ത ഈ ബൈക്ക് അവതരിപ്പിച്ച്  25 ദിവസത്തിനുള്ളില്‍ 7000 യൂണിറ്റുകള്‍ വിറ്റഴിച്ചതായി റോയല്‍ എന്‍ഫീല്‍ഡ് മുമ്പ് റിപ്പോര്‍ട്ട് ചെയ്‍തിരുന്നു.

റോയൽ എൻഫീൽഡ് നിരയിലെ ഗ്ലാമർ താരമായിരുന്ന തണ്ടർബേർഡിന്‍റെ പകരക്കാരനാണ് മീറ്റിയോർ 350. ക്ലാസിക് 350-യ്ക്കും ഹിമാലയനും ഇടയിലാണ് മീറ്റിയോർ 350-നെ റോയൽ എൻഫീൽഡ് പൊസിഷൻ ചെയ്‍തിരിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡിന്റെ ജെ10 പ്ലാറ്റ്‌ഫോമിലാണ് ഈ വാഹനം നിര്‍മിക്കുന്നത്. ഈ പ്ലാറ്റ്‍ഫോമിൽ എത്തുന്ന ആദ്യ ബൈക്ക് ആണ് മീറ്റിയോർ. വര്‍ഷങ്ങളായി ഈ പ്ലാറ്റ്‍ഫോമിന്റെ പണിപ്പുരയിലായിരുന്നു കമ്പനി. റോയല്‍ എന്‍ഫീല്‍ഡിന്റെ യു.കെ ടെക് സെന്റര്‍ ടീമും ഇന്ത്യയിലെ റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് വിഭാഗവും സംയുക്തമായാണ് ഈ വാഹനം ഒരുക്കിയിരിക്കുന്നത്. 

പ്രൈമറി ബാലന്‍സര്‍ ഷാഫ്റ്റുള്ള 349 സിസി സിംഗിള്‍ സിലിണ്ടര്‍ ഫോര്‍ സ്‌ട്രോക്ക് എസ്.ഒ.എച്ച്.സി എന്‍ജിനാണ് മീറ്റിയോറിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 20.2 ബിഎച്ച്പി പവറും 27 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. അഞ്ച് സ്‍പീഡ് മാനുവലാണ്  ട്രാന്‍സ്‍മിഷന്‍. 

ക്രോം ബെസല്‍ ആവരണം നല്‍കിയിട്ടുള്ള റൗണ്ട് ഹെഡ്ലൈറ്റ്, പുതിയ ഷേപ്പിലുള്ള പെട്രോള്‍ ടാങ്ക്, സ്റ്റൈലിഷായുള്ള ഹാന്‍ഡില്‍ ബാര്‍, സ്റ്റെപ്പ് സീറ്റ്, ബ്ലാക്ക് എന്‍ജിന്‍ കേസ്, എന്നിവയാണ് മീറ്റിയോറിന്റെ ഡിസൈന്‍ ഹൈലൈറ്റുകള്‍.സെമി ഡിജിറ്റല്‍ ഡ്യുവല്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ട്രിപ്പര്‍ നാവിഗേഷന്‍ ഫീച്ചറുകള്‍ മൂന്ന് വേരിയന്റിലും ഒരുങ്ങുന്നുണ്ട്.

മുന്നില്‍ 19 ഇഞ്ച് വലിപ്പമുള്ളതും പിന്നില്‍ 17 ഇഞ്ച് വലിപ്പമുള്ളതുമായ ട്യൂബ്‌ലെസ് ടയറുകളാണ് നല്‍കിയിട്ടുള്ളത്. തണ്ടര്‍ബേഡിനെക്കാള്‍ ഉയര്‍ന്ന വീല്‍ബേസ് ഉറപ്പുനല്‍കുന്ന മീറ്റിയോറിന് 191 കിലോഗ്രാമാണ് ഭാരം. ഡ്യുവല്‍ ചാനല്‍ എ.ബി.എസിനൊപ്പം ട്വിന്‍ പിസ്റ്റണ്‍ ഫ്‌ളോട്ടിങ്ങ് കാലിപ്പേര്‍സുള്ള 300 എം.എം ഡിസ്‌ക് മുന്നിലും 270 എം.എം ഡിസ്‌ക് പിന്നിലും ബ്രേക്കിംഗ് ഒരുക്കും. 

അടിസ്ഥാന വേരിയന്റായ ഫയര്‍ബോള്‍ യെല്ലോ, റെഡ് എന്നീ രണ്ട് നിറങ്ങളിലും സ്‌റ്റെല്ലാര്‍ മെറ്റാലിക് ഗ്ലോസ് ബ്ലു, മെറ്റാലിക് ഗ്ലോസ് റെഡ്, മെറ്റാലിക് ബ്ലാക്ക് എന്നീ മൂന്ന് നിറങ്ങളിലും ഉയര്‍ന്ന വകഭേദമായ സൂപ്പര്‍നോവ ബൗണ്‍-ബ്ലു ഡ്യുവല്‍ ടോണ്‍ നിറങ്ങളിലുമാണ് നിരത്തുകളിലെത്തുക. മുന്നില്‍ 41 എം.എം ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ ട്വിന്‍ ട്യൂബ് ഷോക്ക് അബ്‌സോര്‍ബറുമാണ് സസ്‌പെന്‍ഷന്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios