Asianet News MalayalamAsianet News Malayalam

പുത്തന്‍ ബുള്ളറ്റിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്, ആകാംക്ഷയില്‍ വാഹന പ്രേമികള്‍!

പുത്തൻ മോഡലിനെ ഏറെ പ്രതീക്ഷയോടെയാണ് വാഹനപ്രേമികള്‍ കാത്തിരിക്കുന്നത്. 

Royal Enfield Meteor 350 Launch Follow Up
Author
Mumbai, First Published Sep 6, 2020, 7:38 PM IST

ഐക്കണിക്ക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ മോഡലായ മീറ്റിയോര്‍ 350 ഫയര്‍ബോള്‍ നിരത്തിലെത്താന്‍ ഒരുങ്ങുകയാണ്. പുത്തൻ മോഡലിനെ ഏറെ പ്രതീക്ഷയോടെയാണ് വാഹനപ്രേമികള്‍ കാത്തിരിക്കുന്നത്. ഇതിനോടകം നിരവധി തവണ പരീക്ഷണയോട്ടത്തിന്റെ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ പുറത്തുവന്നിട്ടുള്ള ഈ വാഹനത്തിന്റെ സ്‌കെയില്‍ മോഡല്‍ ചിത്രവും ഇപ്പോള്‍ എത്തിയിരിക്കുന്നു. റഷ്‌ ലൈനാണ് ഈ ചിത്രം പുറത്തുവിട്ടത്. 

റോയല്‍ എന്‍ഫീല്‍ഡിന്റെ ജെ10 പ്ലാറ്റ്‌ഫോമിലാണ് ഈ വാഹനം നിര്‍മിക്കുന്നത്. ഈ മോഡല്‍ തണ്ടര്‍ബേഡ് 350യുടെ പകരക്കാരനായിരിക്കുമെന്നാണ് റിപ്പോർട്ട്. റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേഡ് എക്‌സുമായി സാമ്യുള്ള ഡിസൈനാണ് മീറ്റിയോര്‍ 350 ഫയര്‍ബോളിനുള്ളത്. 

എന്നാല്‍ തണ്ടര്‍ബേഡിനെക്കാള്‍ സ്റ്റൈലിഷാണ് വാഹനം. ക്രോം ബെസല്‍ ആവരണം നല്‍കിയിട്ടുള്ള റൗണ്ട് ഹെഡ്‌ലൈറ്റ്, പുതിയ ഷേപ്പിലുള്ള പെട്രോള്‍ ടാങ്ക്, സ്‌റ്റൈലിഷായുള്ള ഹാന്‍ഡില്‍ ബാര്‍, സ്‌റ്റെപ്പ് സീറ്റ്, ബ്ലാക്ക് എന്‍ജിന്‍ കേസ്, പുതുമയാര്‍ന്ന പിന്‍ഭാഗം എന്നിവയാണ് മീറ്റിയോറിന്റെ സവിശേഷതകള്‍. 

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350ന് കരുത്തേകുന്ന 349 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനായിരിക്കും മീറ്റിയോര്‍ 350ന്‍റെ ഹൃദയവും. ബിഎസ്6 നിലവാരത്തില്‍ ഫ്യുവല്‍ ഇഞ്ചക്ഷന്‍ സാങ്കേതികവിദ്യയും ഇതിലുണ്ടാകും. 19.8 ബിഎച്ച്പി പവറും 28 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവലാണ് ട്രാന്‍സ്‍മിഷന്‍.

ഫയര്‍ബോള്‍, സ്‌റ്റെല്ലാര്‍, സൂപ്പര്‍നോവ എന്നീ മൂന്ന് വേരിയന്റുകളിലായിരിക്കും മീറ്റയോര്‍ 350 നിരത്തുകളിലെത്തുക. വി-ഷേപ്പ് അലോയി വീല്‍, വിന്‍ഡ് സ്‌ക്രീന്‍, ക്രോം ഇന്റിക്കേറ്റര്‍, പ്രീമിയം സീറ്റ് തുടങ്ങിയ ഫീച്ചറുകള്‍ ഉയര്‍ന്ന വേരിയന്റില്‍ നല്‍കും. മറ്റ് വേരിയന്റുകളിലും നിരവധി ഫീച്ചറുകള്‍ സ്ഥാനം പിടിക്കുമെന്നാണ് റിപ്പോര്‍ട്ട്. 

സെമി ഡിജിറ്റല്‍ ഡ്യുവല്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ടിപ്പര്‍ നാവിഗേഷന്‍ ഫീച്ചറുകള്‍ മൂന്ന് വേരിയന്റിലും ഒരുങ്ങുന്നുണ്ട്. ഓഡോ മീറ്റര്‍, ട്രിപ്പ് മീറ്റര്‍, ഡ്രൈവ് മോഡ്, ഗിയര്‍, എബിഎസ് മാല്‍ഫങ്ഷന്‍ ഇന്റിക്കേറ്റര്‍, ലോ ബാറ്ററി തുടങ്ങിയ വിവരങ്ങള്‍ മീറ്ററിലെ ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേയില്‍ പ്രദര്‍ശിപ്പിക്കും.

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ ഡ്യുവല്‍ ഷോക്ക് അബ്‌സോര്‍ബേഴ്‌സും നല്‍കും. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കും ഡ്യുവല്‍ ചാനല്‍ എബിഎസും ഈ വാഹനത്തിന് സുരക്ഷയേകും. ബെനെലി ഇംപീരിയാലെ 400, ജാവി ഫോര്‍ട്ടിടൂ ബൈക്കുകളായിരിക്കും മീറ്റിയോറിന്റെ എതിരാളികള്‍.


2020 ഏപ്രിലില്‍ ബൈക്കിനെ വിൽപ്പനക്ക് എത്തിക്കാനായിരുന്നു കമ്പനിയുടെ നേരത്തേയുള്ള പദ്ധതി. എന്നാല്‍ കൊവിഡ്-19 ന്റെ സാഹചര്യത്തിൽ ജൂണിലേക്ക് നീട്ടിയെങ്കിലും അവതരണം വൈകുകയായിരുന്നു. എന്തായാലും ഈ വർഷത്തെ ഉത്സവ സീസണിന് മുമ്പായി മെറ്റിയർ 350 വിപണിയിൽ എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

1.68 ലക്ഷം രൂപയായിരിക്കും വാഹനത്തിന്‍റെ എക്‌സ് ഷോറൂം വില. ചില ആക്‌സസറികള്‍ കൂടി ഉള്‍പ്പെടുന്നതായിരിക്കും ഈ വില. ഓപ്ഷണല്‍ ആക്‌സസറി എന്ന നിലയില്‍ 1,750 രൂപ വില വരുന്ന ടിന്റഡ് ഫ്‌ളൈസ്‌ക്രീന്‍ നല്‍കിയേക്കും. ബെനെലി ഇംപീരിയാലെ 400, ജാവി ഫോര്‍ട്ടിടൂ ബൈക്കുകളായിരിക്കും മീറ്റിയോറിന്റെ എതിരാളികള്‍

Follow Us:
Download App:
  • android
  • ios