ഇന്ത്യൻ റോഡുകളിൽ നേരത്തെ പരീക്ഷണം നടത്തിയിരുന്ന പ്രൊഡക്ഷൻ സ്‌പെക്ക് റോയൽ എൻഫീൽഡ് മെറ്റിയർ-ന്റെ കൂടുതൽ ചിത്രങ്ങൾ പുറത്തു വന്നു.   പുതിയ മോട്ടോര്‍സൈക്കിളിന് ‘മീറ്റിയോര്‍ 350 ഫയര്‍ബോള്‍’ എന്ന പേരായിരിക്കും നല്‍കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. 

1.68 ലക്ഷം രൂപയായിരിക്കും വാഹനത്തിന്‍റെ എക്‌സ് ഷോറൂം വില. ചില ആക്‌സസറികള്‍ കൂടി ഉള്‍പ്പെടുന്നതായിരിക്കും ഈ വില. ഓപ്ഷണല്‍ ആക്‌സസറി എന്ന നിലയില്‍ 1,750 രൂപ വില വരുന്ന ടിന്റഡ് ഫ്‌ളൈസ്‌ക്രീന്‍ നല്‍കിയേക്കും.

പുതിയ ജെ1ഡി പ്ലാറ്റ്‌ഫോമിലാണ് പുതിയ മോട്ടോര്‍സൈക്കിള്‍ നിര്‍മിക്കുന്നത്. എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളോടെ വൃത്താകൃതിയുള്ള ഹെഡ്‌ലാംപ് ക്ലസ്റ്റര്‍, ട്വിന്‍ പോഡ് ഇന്‍സ്ട്രുമെന്റ് പാനല്‍, ഉരുണ്ട ടെയ്ല്‍ ലൈറ്റ്, സ്റ്റെപ്പ്ഡ് സീറ്റ് എന്നിവ കാണാന്‍ കഴിയും.

ക്ലാസിക് 350 മോട്ടോര്‍സൈക്കിളില്‍നിന്ന് കടമെടുത്ത 349 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാവും പുതിയ വാഹനത്തിന്‍റെ ഹൃദയം. പുതിയ മോട്ടോര്‍സൈക്കിളില്‍ ഈ എന്‍ജിന്‍ ബിഎസ് 6 പാലിക്കുന്നതും ഫ്യൂവല്‍ ഇന്‍ജെക്ഷന്‍ സംവിധാനം ലഭിച്ചതുമായിരിക്കും. 19.8 ബിഎച്ച്പി കരുത്തും 28 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് ഗിയര്‍ബോക്‌സ് എന്‍ജിനുമായി ചേര്‍ത്തുവെയ്ക്കും.

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകളും സസ്‌പെന്‍ഷന്‍ നിര്‍വഹിച്ചേക്കും. മുന്‍, പിന്‍ ചക്രങ്ങളില്‍ ഡിസ്‌ക് ബ്രേക്ക് നല്‍കും. ഡുവല്‍ ചാനല്‍ എബിഎസ് സ്റ്റാന്‍ഡേഡ് സുരക്ഷാ ഫീച്ചറായിരിക്കും.

തണ്ടര്‍ബേര്‍ഡ് 350 മോട്ടോര്‍സൈക്കിളിന് പകരമായിരിക്കാം മീറ്റിയോര്‍ 350 ഫയര്‍ബോള്‍ വരുന്നത്. ബെനലി ഇംപീരിയാലെ 400, ജാവ 42 എന്നിവയായിരിക്കും എതിരാളികള്‍.