Asianet News MalayalamAsianet News Malayalam

പുത്തന്‍ ബുള്ളറ്റ് സൂപ്പര്‍ ഹിറ്റ്, വില കൂട്ടി എന്‍ഫീല്‍ഡ്!

ജനപ്രിയ മോഡലായ പുത്തന്‍ ബുള്ളറ്റിന്‍റെ വില കൂട്ടി റോയല്‍ എന്‍ഫീല്‍ഡ്

Royal Enfield Meteor 350 Prices Increased
Author
Mumbai, First Published Jan 11, 2021, 9:09 AM IST

ഐക്കണിക്ക് ഇരുചക്ര വാഹനനിര്‍മ്മാതാക്കളായ റോയൽ എൻഫീൽഡ് മീറ്റിയോര്‍ 350നെ അടുത്തിടെയാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. 2020 നവംബർ ആറിനാണ് വാഹനത്തിന്‍റെ വില പ്രഖ്യാപിച്ച വാഹനത്തിന് മികച്ച പ്രതികരണമാണ് വിപണിയില്‍. ഇന്ത്യയില്‍ മികച്ച ബുക്കിങ്ങ് സ്വന്തമാക്കുകയും വിദേശ രാജ്യങ്ങളില്‍ ഉള്‍പ്പെടെ സാന്നിധ്യമറിയിക്കുകയും ചെയ്ത ഈ ബൈക്കിന് ആദ്യ വിലവര്‍ധനവ് പ്രഖ്യാപിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഫയര്‍ബോള്‍, സ്‌റ്റെല്ലാര്‍, സൂപ്പര്‍നോവ എന്നീ മൂന്ന് വേരിയന്റുകളില്‍ എത്തുന്ന മീറ്റിയോര്‍ 350ന് യഥാക്രമം 1.76 ലക്ഷം, 1.81 ലക്ഷം, 1.90 ലക്ഷം എന്നിങ്ങനെയായിരുന്നു പ്രാരംഭ വില. എന്നാല്‍, പുതിയ പ്രഖ്യാപനം അനുസരിച്ച് അടിസ്ഥാന മോഡലായ ഫയര്‍ബോളിന് 2000 രൂപയും സ്റ്റെല്ലാര്‍, സൂപ്പര്‍നോവ വേരിയന്റുകള്‍ക്ക് 3000 രൂപയും വില ഉയര്‍ത്തിയിട്ടുണ്ടെന്ന് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫയര്‍ബോളിന് 1.78 ലക്ഷവും സ്‌റ്റെല്ലാറിന് 1.84 ലക്ഷവും സൂപ്പര്‍നോവക്ക് 1.93 ലക്ഷം രൂപയുമാണ് പുതുക്കിയ എക്‌സ്‌ഷോറും വില. മീറ്റിയോറിന്റെ വരവോടെ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വില്‍പ്പനയാണ് ഡിസംബറില്‍ റോയല്‍ എന്‍ഫീല്‍ഡ് നേടിയത്. 63,580 യൂണിറ്റ് മീറ്റിയോര്‍ 350, ക്ലാസിക് 350 എന്നീ ബൈക്കുകളും 5415 650 സി സി ട്വിന്‍ മോഡലും വിറ്റഴിച്ചിട്ടുണ്ട്. ലുക്കിലും പെര്‍ഫോമെന്‍സിലും യുവാക്കളെ ഏറെ ആകര്‍ഷിച്ച മോഡലാണ് ഇതെന്നാണ് വില്‍പ്പന കണക്കുകൾ സൂചിപ്പിക്കുന്നത്.

റോയൽ എൻഫീൽഡ് നിരയിലെ ഗ്ലാമർ താരമായിരുന്ന തണ്ടർബേർഡിന്‍റെ പകരക്കാരനാണ് മീറ്റിയോർ 350. ക്ലാസിക് 350-യ്ക്കും ഹിമാലയനും ഇടയിലാവും മീറ്റിയോർ 350-യെ റോയൽ എൻഫീൽഡ് പൊസിഷൻ ചെയ്യുക. റോയല്‍ എന്‍ഫീല്‍ഡിന്റെ ജെ10 പ്ലാറ്റ്‌ഫോമിലാണ് ഈ വാഹനം നിര്‍മിക്കുന്നത്. ഈ പ്ലാറ്റ്‍ഫോമിൽ എത്തുന്ന ആദ്യ ബൈക്ക് ആണ് മീറ്റിയോർ. വര്‍ഷങ്ങളായി ഈ പ്ലാറ്റ്‍ഫോമിന്റെ പണിപ്പുരയിലായിരുന്നു കമ്പനി. റോയല്‍ എന്‍ഫീല്‍ഡിന്റെ യു.കെ ടെക് സെന്റര്‍ ടീമും ഇന്ത്യയിലെ റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് വിഭാഗവും സംയുക്തമായാണ് ഈ വാഹനം ഒരുക്കിയിരിക്കുന്നത്. 

പ്രൈമറി ബാലന്‍സര്‍ ഷാഫ്റ്റുള്ള 349 സിസി സിംഗിള്‍ സിലിണ്ടര്‍ ഫോര്‍ സ്‌ട്രോക്ക് എസ്.ഒ.എച്ച്.സി എന്‍ജിനാണ് മീറ്റിയോറിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 20.2 ബിഎച്ച്പി പവറും 27 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. അഞ്ച് സ്‍പീഡ് മാനുവലായിരിക്കും  ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. 

ക്രോം ബെസല്‍ ആവരണം നല്‍കിയിട്ടുള്ള റൗണ്ട് ഹെഡ്ലൈറ്റ്, പുതിയ ഷേപ്പിലുള്ള പെട്രോള്‍ ടാങ്ക്, സ്റ്റൈലിഷായുള്ള ഹാന്‍ഡില്‍ ബാര്‍, സ്റ്റെപ്പ് സീറ്റ്, ബ്ലാക്ക് എന്‍ജിന്‍ കേസ്, എന്നിവയാണ് മീറ്റിയോറിന്റെ ഡിസൈന്‍ ഹൈലൈറ്റുകള്‍.സെമി ഡിജിറ്റല്‍ ഡ്യുവല്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ട്രിപ്പര്‍ നാവിഗേഷന്‍ ഫീച്ചറുകള്‍ മൂന്ന് വേരിയന്റിലും ഒരുങ്ങുന്നുണ്ട്.

അടിസ്ഥാന വേരിയന്റായ ഫയര്‍ബോള്‍ യെല്ലോ, റെഡ് എന്നീ രണ്ട് നിറങ്ങളിലും സ്‌റ്റെല്ലാര്‍ മെറ്റാലിക് ഗ്ലോസ് ബ്ലു, മെറ്റാലിക് ഗ്ലോസ് റെഡ്, മെറ്റാലിക് ബ്ലാക്ക് എന്നീ മൂന്ന് നിറങ്ങളിലും ഉയര്‍ന്ന വകഭേദമായ സൂപ്പര്‍നോവ ബൗണ്‍-ബ്ലു ഡ്യുവല്‍ ടോണ്‍ നിറങ്ങളിലുമാണ് നിരത്തുകളിലെത്തുക. മുന്നില്‍ 41 എം.എം ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ ട്വിന്‍ ട്യൂബ് ഷോക്ക് അബ്‌സോര്‍ബറുമാണ് സസ്‌പെന്‍ഷന്‍.

മുന്നില്‍ 19 ഇഞ്ച് വലിപ്പമുള്ളതും പിന്നില്‍ 17 ഇഞ്ച് വലിപ്പമുള്ളതുമായ ട്യൂബ്‌ലെസ് ടയറുകളാണ് നല്‍കിയിട്ടുള്ളത്. തണ്ടര്‍ബേഡിനെക്കാള്‍ ഉയര്‍ന്ന വീല്‍ബേസ് ഉറപ്പുനല്‍കുന്ന മീറ്റിയോറിന് 191 കിലോഗ്രാമാണ് ഭാരം. ഡ്യുവല്‍ ചാനല്‍ എ.ബി.എസിനൊപ്പം ട്വിന്‍ പിസ്റ്റണ്‍ ഫ്‌ളോട്ടിങ്ങ് കാലിപ്പേര്‍സുള്ള 300 എം.എം ഡിസ്‌ക് മുന്നിലും 270 എം.എം ഡിസ്‌ക് പിന്നിലും ബ്രേക്കിംഗ് ഒരുക്കും. 
 

Follow Us:
Download App:
  • android
  • ios