Asianet News MalayalamAsianet News Malayalam

വരുന്നൂ കൂടുതല്‍ ബുള്ളറ്റുകള്‍, പുതിയ കളികളുമായി റോയല്‍ എന്‍ഫീല്‍ഡ്!

നിരവധി പുതിയ മോഡലുകള്‍ റോയല്‍ എന്‍ഫീല്‍ഡ് വിപണിയിൽ എത്തിക്കാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്

Royal Enfield plans to launch new models
Author
Mumbai, First Published Jun 10, 2021, 12:32 PM IST

ഇന്ത്യയിലെ ഐക്കണിക്ക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളാണ് ചെന്നൈ ആസ്ഥാനമായുള്ള റോയല്‍ എന്‍ഫീല്‍ഡ്. ഈ സാമ്പത്തിക വര്‍ഷത്തിൽ നിരവധി പുതിയ മോഡലുകള്‍ റോയല്‍ എന്‍ഫീല്‍ഡ് വിപണിയിൽ എത്തിക്കാന്‍ ഒരുങ്ങുകയാണെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

സാമ്പത്തിക വര്‍ഷത്തിലെ ഓരോ പാദത്തിലും ഒരു പുതിയ മോഡല്‍ കമ്പനി അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിഷ‍്‍കരിച്ച ക്ലാസിക്​ 350 മോ​ട്ടോർ സൈക്കിളായിരിക്കും ഇതിൽ ആദ്യമായി നിരത്തിലെത്തുക. ക്ലാസിക്കിനൊപ്പം ചില പുതിയ മോഡലുകളും ഈ വർഷത്തെ റോയൽ എൻഫീൽഡ്​ പദ്ധതികളിൽ ഉൾപ്പെടുന്നുണ്ട്​.

റോയൽ എൻഫീൽഡിൽ നിന്നുള്ള ഏറ്റവും കുടുതൽ മോഡലുകൾ ഈ വർഷം പുറത്തിറക്കാനാവുമെന്നാണ്​ കരുതുന്നതെന്നും കണ്ടിട്ടുള്ളതിൽ വച്ച് മികച്ചതും പുതിയതുമായ മോഡലുകളായിരിക്കും അതെന്നും കമ്പനി പറയുന്നു. ഇക്കാര്യത്തിൽ വളരെ ആവേശത്തിലാണ് തങ്ങളെന്ന് റോയൽ എൻഫീൽഡ്​ സിഇഒ വിനോദ് ദസാരി വ്യക്തമാക്കി. നിലവില്‍ ക്ലാസിക് 350 നിലവിൽ പ്രൊഡക്ഷൻ റെഡി മോഡലായി റോയൽ കരുതിവച്ചിരിക്കുകയാണ്​. പക്ഷേ കമ്പനി ആസൂത്രണം ചെയ്യുന്ന നിരവധി ലോഞ്ചുകളിൽ ഒന്നുമാത്രമായിരിക്കും ഇതെന്നാണ്​ റിപ്പോര്‍ട്ടുകള്‍. 

റോയൽ എൻഫീൽഡ്​ 650 സിസി, ഇൻറർസെപ്റ്റർ കോണ്ടിനെൻറൽ ജിടി എന്നിവയെ അടിസ്​ഥാനമാക്കിയുള്ള ക്രൂസർ മോഡലുകൾ ഈ വർഷം തന്നെ നിരത്തിലെത്തുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. ഷെർപ, ഹണ്ടർ, റോഡ്സ്റ്റർ, ഷോട്ട്ഗൺ, സ്‌ക്രാം തുടങ്ങിയ പേരുകൾ നേരത്തേതന്നെ കമ്പനി രജിസ്​റ്റർ ചെയ്​തിരുന്നു. വരാനിരിക്കുന്ന ഏത് ബൈക്കുകളാണ് ഈ പേരുകളിലുള്ളതെന്ന് വ്യക്തമല്ല. 

650 സിസി പ്ലാറ്റ്‌ഫോമിൽ ഒരുപക്ഷേ ഓഫ്-റോഡ് ഓറിയൻറഡ് ബൈക്ക്​ സ്‌ക്രാം എന്ന പേരിൽ നിർമിക്കാനും സാധ്യതയുണ്ട്​. ജെ-പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി ജാവ 42നുള്ള എതിരാളിക്കായും റോയൽ പ്രവർത്തിക്കുന്നെന്നാണ്​ റിപ്പോര്‍ട്ടുകള്‍. മെറ്റിയർ 350 ൽ അരങ്ങേറ്റം കുറിച്ച ജെ-പ്ലാറ്റ്ഫോം എഞ്ചിൻ ഉപയോഗിച്ചാണ്​ ക്ലാസിക് 350 അപ്‌ഡേറ്റ് ചെയ്യുന്നത്​. 

ഡബിൾ ക്രാഡിൾ ചാസിയെ അടിസ്ഥാനാക്കി ഒരുങ്ങുന്ന പുത്തൻ ക്ലാസിക്കിന് 349 സിസി, എയർ / ഓയിൽ-കൂൾഡ് എഞ്ചിനായിരിക്കും ഇതിന് കരുത്തേകുക. ഇത് പരമാവധി 20.2 bhp കരുത്തിൽ 27 Nm ടോർക്കും ഉത്പാദിപ്പിച്ചേക്കും. ക്ലാസിക് ബ്ലാക്ക്, ക്രോം ബ്ലാക്ക്, സ്റ്റെല്‍ത്ത് ബ്ലാക്ക്, സ്റ്റോംറൈഡര്‍ സാന്‍ഡ്, എയര്‍ബോണ്‍ ബ്ലൂ, ഗണ്‍മെറ്റല്‍ ഗ്രേ എന്നീ ആറ് കളര്‍ ഓപ്ഷനുകളില്‍ റോയൽ എൻഫീൽഡ് ക്ലാസിക് 350 തെരഞ്ഞെടുക്കാൻ സാധിക്കും.

2020ന്‍റെ തുടക്കത്തിലാണ് റോയൽ എൻഫീൽഡ് ക്ലാസിക് 350യുടെ ബിഎസ്6 പതിപ്പ് വിപണിയില്‍ എത്തിച്ചത്. പരിഷ്‍കരിച്ച എൻജിനൊപ്പം അലോയ് വീലുകൾ, ട്യൂബ്ലെസ്സ് ടയറുകൾ, പുതിയ നിറങ്ങൾ എന്നിവയുമായെത്തിയ ആണ് 2020 ക്ലാസിക് 350 എത്തിയത്. ഇതിന്റെ പുതിയ പതിപ്പാണ് 2021 ക്ലാസിക് 350. 1.80 ലക്ഷത്തിനടുത്താണ് 2021 റോയൽ എൻഫീൽഡ് ക്ലാസിക് 350യുടെ എക്‌സ്-ഷോറൂം വില പ്രതീക്ഷിക്കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios