Asianet News MalayalamAsianet News Malayalam

വാങ്ങാന്‍ തള്ളിക്കയറ്റം; റെക്കോര്‍ഡ് വില്‍പ്പനയുമായി പുത്തന്‍ ബുള്ളറ്റ്!

2020 നവംബർ 6ന് വിപണിയില്‍ എത്തിയ വാഹനത്തിന് മികച്ച പ്രതികരണമാണ്. 

Royal Enfield Sells Over 10000 Units Of Meteor 350 In March 2021
Author
Mumbai, First Published Apr 29, 2021, 8:35 AM IST

ഐക്കണിക്ക് ഇരുചക്ര വാഹനനിര്‍മ്മാതാക്കളായ റോയൽ എൻഫീൽഡ് മീറ്റിയോര്‍ 350നെ അടുത്തിടെയാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. 2020 നവംബർ 6ന് വിപണിയില്‍ എത്തിയ വാഹനത്തിന് മികച്ച പ്രതികരണമാണ്. ഇന്ത്യയില്‍ മികച്ച ബുക്കിങ്ങ് സ്വന്തമാക്കുകയും വിദേശ രാജ്യങ്ങളില്‍ ഉള്‍പ്പെടെ സാന്നിധ്യമറിയിക്കുകയും ചെയ്‍ത ഈ ബൈക്കിന്റെ 10,596 യൂണിറ്റുകളാണ് 2021 മാര്‍ച്ച് മാസത്തില്‍ മാത്രം റോയല്‍ എന്‍ഫീല്‍ഡ് വിറ്റഴിച്ചിട്ടുള്ളതെന്ന് കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. 2020 നവംബറിൽ അവതരിപ്പിച്ച് വാഹനം 25 ദിവസത്തിനുള്ളില്‍ 7000 യൂണിറ്റ് വിറ്റഴിച്ചതായി റോയല്‍ എന്‍ഫീല്‍ഡ് മുമ്പ് റിപ്പോര്‍ട്ട് ചെയ്‍തിരുന്നു.

എന്നാൽ, കമ്പനിയുടെ നിരയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന വാഹനം ക്ലാസിക് 350 ആണ്. മാര്‍ച്ച് മാസത്തില്‍ മാത്രം ക്ലാസിക്കിന്റെ 31,694 യൂണിറ്റുകളാണ് നിരത്തുകളില്‍ എത്തിയിട്ടുള്ളത്. അതേസമയം മറ്റ് മോഡലുകളെ പിന്തള്ളി രണ്ടാം സ്ഥാനം മീറ്റിയോര്‍ 350 സ്വന്തമാക്കിയിട്ടുണ്ടെന്നാണ് സൂചന. ഫയര്‍ബോള്‍, സ്റ്റെല്ലാര്‍, സൂപ്പര്‍നോവ എന്നീ മൂന്ന് വേരിയന്റുകളില്‍ മീറ്റിയോര്‍ 350 വിപണിയിൽ ലഭ്യമാണ്. ഫയര്‍ബോളിന് 1.78 ലക്ഷവും സ്‌റ്റെല്ലാറിന് 1.84 ലക്ഷവും സൂപ്പര്‍നോവക്ക് 1.93 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറും വില. 

റോയൽ എൻഫീൽഡ് നിരയിലെ ഗ്ലാമർ താരമായിരുന്ന തണ്ടർബേർഡിന്‍റെ പകരക്കാരനാണ് മീറ്റിയോർ 350. ക്ലാസിക് 350-യ്ക്കും ഹിമാലയനും ഇടയിലാവും മീറ്റിയോർ 350-യെ റോയൽ എൻഫീൽഡ് പൊസിഷൻ ചെയ്യുക. റോയല്‍ എന്‍ഫീല്‍ഡിന്റെ ജെ10 പ്ലാറ്റ്‌ഫോമിലാണ് ഈ വാഹനം നിര്‍മിക്കുന്നത്. ഈ പ്ലാറ്റ്‍ഫോമിൽ എത്തുന്ന ആദ്യ ബൈക്ക് ആണ് മീറ്റിയോർ. വര്‍ഷങ്ങളായി ഈ പ്ലാറ്റ്‍ഫോമിന്റെ പണിപ്പുരയിലായിരുന്നു കമ്പനി. റോയല്‍ എന്‍ഫീല്‍ഡിന്റെ യു.കെ ടെക് സെന്റര്‍ ടീമും ഇന്ത്യയിലെ റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് വിഭാഗവും സംയുക്തമായാണ് ഈ വാഹനം ഒരുക്കിയിരിക്കുന്നത്. 

പ്രൈമറി ബാലന്‍സര്‍ ഷാഫ്റ്റുള്ള 349 സിസി സിംഗിള്‍ സിലിണ്ടര്‍ ഫോര്‍ സ്‌ട്രോക്ക് എസ്.ഒ.എച്ച്.സി എന്‍ജിനാണ് മീറ്റിയോറിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 20.2 ബിഎച്ച്പി പവറും 27 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. അഞ്ച് സ്‍പീഡ് മാനുവലാണ്  ട്രാന്‍സ്‍മിഷന്‍. 

ക്രോം ബെസല്‍ ആവരണം നല്‍കിയിട്ടുള്ള റൗണ്ട് ഹെഡ്ലൈറ്റ്, പുതിയ ഷേപ്പിലുള്ള പെട്രോള്‍ ടാങ്ക്, സ്റ്റൈലിഷായുള്ള ഹാന്‍ഡില്‍ ബാര്‍, സ്റ്റെപ്പ് സീറ്റ്, ബ്ലാക്ക് എന്‍ജിന്‍ കേസ്, എന്നിവയാണ് മീറ്റിയോറിന്റെ ഡിസൈന്‍ ഹൈലൈറ്റുകള്‍.സെമി ഡിജിറ്റല്‍ ഡ്യുവല്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ട്രിപ്പര്‍ നാവിഗേഷന്‍ ഫീച്ചറുകള്‍ മൂന്ന് വേരിയന്റിലും ഒരുങ്ങുന്നുണ്ട്.

മുന്നില്‍ 19 ഇഞ്ച് വലിപ്പമുള്ളതും പിന്നില്‍ 17 ഇഞ്ച് വലിപ്പമുള്ളതുമായ ട്യൂബ്‌ലെസ് ടയറുകളാണ് നല്‍കിയിട്ടുള്ളത്. തണ്ടര്‍ബേഡിനെക്കാള്‍ ഉയര്‍ന്ന വീല്‍ബേസ് ഉറപ്പുനല്‍കുന്ന മീറ്റിയോറിന് 191 കിലോഗ്രാമാണ് ഭാരം. ഡ്യുവല്‍ ചാനല്‍ എ.ബി.എസിനൊപ്പം ട്വിന്‍ പിസ്റ്റണ്‍ ഫ്‌ളോട്ടിങ്ങ് കാലിപ്പേര്‍സുള്ള 300 എം.എം ഡിസ്‌ക് മുന്നിലും 270 എം.എം ഡിസ്‌ക് പിന്നിലും ബ്രേക്കിംഗ് ഒരുക്കും. 

അടിസ്ഥാന വേരിയന്റായ ഫയര്‍ബോള്‍ യെല്ലോ, റെഡ് എന്നീ രണ്ട് നിറങ്ങളിലും സ്‌റ്റെല്ലാര്‍ മെറ്റാലിക് ഗ്ലോസ് ബ്ലു, മെറ്റാലിക് ഗ്ലോസ് റെഡ്, മെറ്റാലിക് ബ്ലാക്ക് എന്നീ മൂന്ന് നിറങ്ങളിലും ഉയര്‍ന്ന വകഭേദമായ സൂപ്പര്‍നോവ ബൗണ്‍-ബ്ലു ഡ്യുവല്‍ ടോണ്‍ നിറങ്ങളിലുമാണ് നിരത്തുകളിലെത്തുക. മുന്നില്‍ 41 എം.എം ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ ട്വിന്‍ ട്യൂബ് ഷോക്ക് അബ്‌സോര്‍ബറുമാണ് സസ്‌പെന്‍ഷന്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios