ഉപഭോക്താക്കളുടെ സുരക്ഷയും സൗകര്യവും ലക്ഷ്യമിട്ട് സര്‍വീസ് ഓണ്‍ വീല്‍സുമായി  മിഡ് സൈസ് മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തിലെ (250-170 സിസി) ആഗോള മുന്‍നിര കമ്പനിയായ റോയല്‍ എന്‍ഫീല്‍ഡ്. ഇതിനായി രാജ്യത്തുടനീളമുള്ള ഡീലര്‍ഷിപ്പുകളിലായി 800 സര്‍വീസ് ഓണ്‍ വീല്‍സ് യൂണിറ്റുകളാണ് വിന്യസിച്ചതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

അംഗീകൃതവും വിശ്വസനീയവും തടസരഹിതവുമായ സേവനമാണ് സര്‍വീസ് ഓണ്‍ വീല്‍സിന്റെ ലക്ഷ്യം. ഇതിനായി പ്രത്യേകം നിര്‍മ്മിച്ച സര്‍വീസ് ഓണ്‍ വീല്‍സ് മോട്ടോര്‍ സൈക്കിളുകള്‍ ഉപഭോക്താവിന്റെ വീട്ടുപടിക്കലെത്തും. സുരക്ഷിതവും എളുപ്പവും തടസങ്ങളില്ലാത്തതുമായ സര്‍വീസ് അനുഭവം ലക്ഷ്യമിട്ടാണ് പുതിയ ഉപഭോക്തൃ സൗഹൃദ പദ്ധതി. 

ഉപഭോക്താക്കള്‍ക്ക് അവരുടെ വീട്ടുപടിക്കല്‍ സേവനം സാധ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സംരംഭത്തിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള ഡീലര്‍ഷിപ്പുകളില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ 800 പര്‍പ്പസ് ബില്‍റ്റ് സര്‍വീസ് ഓണ്‍ വീല്‍സ് മോട്ടോര്‍ സൈക്കിളുകളാണ് വിന്യസിച്ചത്. 

അതിവേഗം സര്‍വീസ് സാധ്യമാക്കുന്ന മോട്ടോര്‍ സൈക്കിളുകളാണ് മൊബൈല്‍ സര്‍വീസിനായി ഒരുക്കിയത്. പ്രത്യേകം സജ്ജീകരിച്ച സര്‍വീസ് ഓണ്‍ വീല്‍സ് മോട്ടോര്‍ സൈക്കിളുകളില്‍ സര്‍വീസിന് ആവശ്യമായ ഉപകരണങ്ങള്‍, സ്‌പെയര്‍ പാര്‍ട്‌സുകള്‍ എന്നിവ കൊണ്ടുപോകാം. 

മെയിന്റനന്‍സ് സര്‍വീസ്, ചെറിയ റിപ്പയര്‍, ക്രിട്ടിക്കല്‍ കംപോണന്റ് ടെസ്റ്റിംഗ്, പാര്‍ട്ടുകള്‍ മാറ്റിവയ്ക്കല്‍, ഇലക്ട്രിക്കല്‍ ഡയഗ്നോസിസ് ഉള്‍പ്പടെ 80 ശതമാനത്തോളം സേവനങ്ങള്‍ സര്‍വീസ് ഓണ്‍ വീല്‍സിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും. 

സര്‍വീസ് ഓണ്‍ വീല്‍സിലൂടെ ഗുണമേന്മയുള്ള മോട്ടോര്‍ സൈക്കിള്‍ സര്‍വീസ് റോയല്‍ എന്‍ഫീല്‍ഡ് ഉറപ്പുവരുത്തും. പരിശീലനം ലഭിച്ചതും അംഗീകാരമുള്ളതുമായ ടെക്‌നീഷന്‍മാരാണ് സര്‍വീസ് ഓണ്‍ വീല്‍സിന്റെ ഭാഗമാകുന്നത്. 12 മാസം വാറണ്ടിയുള്ള ലൂബുകളും പാര്‍ട്ടുകളുമാണ് സര്‍വീസിനായി ഉപയോഗിക്കുന്നത്. സമീപത്തുള്ള റോയല്‍ എന്‍ഫീല്‍ഡ് ഡീലര്‍ഷിപ്പ് കേന്ദ്രങ്ങളില്‍ ബന്ധപ്പെട്ട് സര്‍വീസ് ഓണ്‍ വീല്‍സ് ബുക് ചെയ്യാം.

അംഗീകൃത ഡീലര്‍ഷിപ് ഔട്‌ലറ്റുകള്‍ വഴി 62 റോയല്‍ എന്‍ഫീല്‍ഡ് സര്‍വീസ് ഓണ്‍ വീല്‍സ് യൂണിറ്റുകളാണ് കേരളത്തില്‍ സജ്ജീകരിച്ചത്. സര്‍വീസ് മികവിലൂടെ ഉപഭോക്താക്കള്‍ക്ക് സംതൃപ്തി നല്‍കുകയാണ് ലക്ഷ്യമെന്ന് റോയല്‍ എന്‍ഫീല്‍ഡ് ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ ലളിത് മാലിക് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. വാഹനം വാങ്ങുന്നതിന്റെയും ഉടമസ്ഥതയുടെയും അനുഭവം കൂടുതല്‍ മെച്ചപ്പെടുത്താനാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ ശ്രമം.  ഗുണമേന്മയില്‍ വിട്ടുവീഴ്ച ചെയ്യാതെ ആയാസ രഹിതവും അനുയോജ്യവുമായ സര്‍വീസ് റോയല്‍ എന്‍ഫീല്‍ഡ് ഉറപ്പുവരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 

സമ്പര്‍ക്ക രഹിത വിപണനവും സര്‍വീസും റോയല്‍ എന്‍ഫീല്‍ഡ് ഉറപ്പുവരുത്തുന്നുണ്ട്. ഇ പേയ്‌മെന്റ് സംവിധാനം, ഈസി ഹോം ടെസ്റ്റ് റൈഡ്, പിക് അപ് - ഡ്രോപ് സൗകര്യം എന്നിവ ഉപഭോക്താവിന്റെ സുരക്ഷിതത്വം കൂടുതല്‍ ഉറപ്പുവരുത്തുന്നതാണ്.