ഐക്കണിക്ക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് പുതിയ 28 മോഡലുകൾ പുറത്തിറക്കാൻ ഒരുങ്ങുന്നു. അടുത്ത ഏഴു വർഷത്തിനിടെ ഇത്രയും മോഡലുകള്‍ അവതരിപ്പിക്കാനാണ് റോയൽ എൻഫീൽഡിന്‍റെ നീക്കം എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഓരോ മൂന്നുമാസത്തിലും ഓരോ പുതിയ മോട്ടോർ സൈക്കിൾ അവതരിപ്പിക്കാനാണ് ചെന്നൈ ആസ്ഥാനമായ റോയൽ എൻഫീൽഡിന്റെ പദ്ധതി എന്നാണ് റിപ്പോർട്ട്. റോയൽ എൻഫീൽഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ വിനോദ് കെ ദാസരിയാണു ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത അഞ്ചു മുതൽ ഏഴു വർഷത്തേക്കുള്ള പ്രോഡക്ട് പ്ലാൻ തയാറായെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രഖ്യാപനം. 

കുറഞ്ഞത് 28 പുതിയ മോഡലുകൾ ഏഴു വർഷത്തിനിടെ പുറത്തിറക്കാനാണു പദ്ധതി. 250 മുതൽ 750 സി സി വരെ എൻജിൻ ശേഷിയുള്ള ഇടത്തരം ബൈക്ക് വിഭാഗത്തിലാവും റോയൽ എൻഫീൽഡ് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

കൊവിഡ് 19 വൈറസ് വ്യാപനത്തെതുടർന്ന് ഈ വർഷം ആദ്യത്തെ നാലഞ്ചു മാസക്കാലം നഷ്ടത്തിലായിരുന്നുവെന്നും ഇപ്പോൾ കൊവിഡിനു മുമ്പുള്ള മാസങ്ങളേക്കാൾ മികച്ച ബുക്കിംഗ് ലഭിക്കുന്നുണ്ടെന്നും കഴിഞ്ഞ മാസത്തെ വിൽപ്പന 2019 ഒക്ടോബറിനേക്കാൾ അധികമായിരുന്നെന്നും വിനോദ് കെ ദാസരി വ്യക്തമാക്കി.

ആഭ്യന്തര, വിദേശ വിപണികളിലെ സാന്നിധ്യം ശക്തമാക്കുകയെന്ന ലക്ഷ്യമാണ് കമ്പനിയുടെ പുതിയ പദ്ധതിക്ക് പിന്നിൽ. മാത്രമല്ല, വരുന്ന 12 മാസത്തിനകം തായ്‌ലൻഡിൽ അസംബ്ലിങ് ശാല സ്ഥാപിക്കാനും കമ്പനി തയാറെടുക്കുന്നുണ്ട്. തുടർന്ന് ബ്രസീലിലും പുതിയ അസംബ്ലിങ് ശാല നിർമ്മിച്ചക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ ഐഷർ മോട്ടോഴ്‍സിന്റെ കീഴിലുള്ള ഇരുചക്രവാഹന നിർമാണ വിഭാഗമാണ് റോയല്‍ എന്‍ഫീല്‍ഡ്.