ആഡംബര എസ്‌യുവിയായ മെഴ്‌സിഡസ് എഎംജി ജി60നെ 1000 അടി ഉയരത്തില്‍ നിന്നും താഴേക്കിട്ട് നശിപ്പിച്ച് ഒരു യുവാവ്. വാഹനത്തിന്‍റെ പ്രകടനം ഇഷ്ടപ്പെട്ടില്ലെന്ന് ആരോപിച്ച് റഷ്യന്‍ വ്ളോഗറായ ഇഗോ മോസ് ആണ് വേറിട്ട് പ്രതിഷേധിച്ച് വാഹന ലോകത്തെ ഞെട്ടിച്ചത്. 

വാഹനം മഞ്ഞുമലയിലെത്തിച്ച ശേഷം ഹെലികോപ്റ്ററില്‍ പൊക്കി 1000 അടി ഉയരത്തിലെത്തിച്ചാണ് താഴെയിട്ടത്. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലാണ്. ഉയരത്തില്‍ നിന്ന് മഞ്ഞുമലയില്‍ പതിച്ച വാഹനം പൂര്‍ണമായും തകര്‍ന്നു. സംഭവത്തെ തുടര്‍ന്ന് റഷ്യന്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

2018 മാര്‍ച്ചിലാണ് ഇഗോ മോസ് മെഴ്‌സിഡീസ് എഎംജി ജി63 എസ്‌യുവി സ്വന്തമാക്കിയത്. മെഴ്‌സിഡീസിന്റെ എസ്‌യുവി മോഡലായ ഈ വാഹനത്തിന്‍റെ വില 2,70,000 യൂറോ അഥവാ 2.58 കോടി രൂപ ആയിരുന്നു. 

ഈ വാഹനത്തിന് തുടര്‍ച്ചയായി തകരാര്‍ വന്നിരുന്നതായാണ് മോസ് ആരോപിക്കുന്നത്. തുടര്‍ന്ന് വാഹനവുമായി സര്‍വീസിനെത്തിയപ്പോൾ വാറന്റി കാലാവധി അവസാനിച്ചെന്ന് കാണിച്ച് ഷോറൂം ജീവനക്കാര്‍ മടക്കി അയച്ചെന്നും ഇതാണ് വാഹനം നശിപ്പിക്കുന്നതിലേക്ക് നയിച്ചതെന്നുമാണ് മോസ് പറയുന്നത്. 

വാഹനവുമായി സര്‍വീസിനെത്തുമ്പോള്‍ വാറന്റി കാലാവധി അവസാനിച്ചെന്ന് കാണിച്ച് ഷോറൂം ജീവനക്കാര്‍ വാഹനം നന്നാക്കി നല്‍കാന്‍ വിസമ്മതിക്കുകയും കൂടി ചെയ്‍തതോടെ അയാള്‍ അസ്വസ്ഥനാകുകയായിരുന്നു. തുടര്‍ന്നാണ് വാഹനം നശിപ്പിക്കാന്‍ തീരുമാനിച്ചതെന്നാണ് അദ്ദേഹത്തിന്റെ വാദം.

എന്നാല്‍ മോസിന്‍റെ വാദങ്ങളെ തള്ളിക്കളയുന്ന റിപ്പോര്‍ട്ടാണ് കൊലേസ എന്ന വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 1000 അടി ഉയരത്തില്‍ നിന്ന് വാഹനം താഴെയിടുമെന്ന് തന്റെ സുഹൃത്തുമായി പന്തയം വെച്ചതിനെ തുടര്‍ന്നാണ് മോസ് ഈ സാഹസം ചെയ്തതെന്നാണ് വെബ്‌സൈറ്റ് പറയുന്നത്. 

2018ലാണ് ഈ വാഹനത്തിന്‍റെ പുതുക്കിയ ോമഡല്‍ ഇന്ത്യയിലെത്തുന്നത്. 4.0 ലിറ്റര്‍ വി8 പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന്‍റെ ഹൃദയം. ഈ എന്‍ജിന്‍ 585 ബിഎച്ച്പി പവറും 850 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്‍മിഷന്‍. 21 ഇഞ്ച് ഏഴു സ്‌പോക്ക് അലോയ് വീലുകളാണ് വാഹനത്തിനു. വലതുവശം ചേര്‍ന്ന പുകക്കുഴലുകളും 241 mm ഗ്രൗണ്ട് ക്ലിയറന്‍സും ജി വാഗണിന്റെ ഓഫ്‌റോഡ് വേഷം പരിപൂര്‍ണ്ണമാക്കുന്നു. ഇന്‍സ്ട്രമെന്റ് കണ്‍സോളും ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാവും കുടിയിരിക്കുന്ന 12.3 ഇഞ്ച് ഡിസ്‌പ്ലേയാണ് ഇന്‍റീരിയറിലെ മുഖ്യാകര്‍ഷണം.