Asianet News MalayalamAsianet News Malayalam

ഇടിച്ചാല്‍ 'പപ്പട'മാകില്ല, ഈ കാറുകളുടെ വിലയോ 10 ലക്ഷത്തില്‍ താഴെയും!

സുരക്ഷ കൂടുമ്പോള്‍ വാഹനങ്ങള്‍ക്ക് കോടികള്‍ വിലയാകുമെന്നാണ് നമ്മളില്‍ പലരുടെയും ധാരണ. എന്നാല്‍ മിതമായ വിലയിലും മികച്ച സുരക്ഷ വാഗ്ദാനം ചെയ്യുന്ന ചില വാഹനങ്ങളുണ്ട്

Safest cars in India price below 10 lakh
Author
Trivandrum, First Published Dec 19, 2019, 6:36 PM IST

ഒരു കാര്‍ വാങ്ങാന്‍ ചെല്ലുമ്പോള്‍ 'എത്ര കിട്ടുമെന്ന്' മാത്രം ചോദിച്ചിരുന്ന കാലമൊക്കെ കഴിഞ്ഞു. മൈലേജ് മാത്രമല്ല യാത്രികരുടെ സുരക്ഷയും കൂടി ഉറപ്പാക്കിയാണ് ഇന്ന് ഭൂരിഭാഗം പേരും വാഹനങ്ങളെ തെരെഞ്ഞെടുക്കുന്നത്. സുരക്ഷ കൂടുമ്പോള്‍ വാഹനങ്ങള്‍ക്ക് കോടികള്‍ വിലയാകുമെന്നാണ് നമ്മളില്‍ പലരുടെയും ധാരണ. എന്നാല്‍ മിതമായ വിലയിലും മികച്ച സുരക്ഷ വാഗ്ദാനം ചെയ്യുന്ന ചില വാഹനങ്ങളുണ്ട്. സുരക്ഷ തെളിയിക്കുന്നതിനായി വാഹനലോകത്ത് വിവിധ ക്രാഷ് ടെസ്റ്റുകള്‍ നടക്കാറുണ്ട്. ഇതാ അത്തരം ചില ഇടിപരീക്ഷകളില്‍ മികച്ച റേറ്റിംഗ് സ്വന്തമാക്കിയ, 10 ലക്ഷത്തില്‍ താഴെ വിലയുള്ള ആറ് വാഹനങ്ങളെ പരിചയപ്പെടാം. 

ടാറ്റ നെക്സോണ്‍ 
ക്രാഷ് ടെസ്റ്റില്‍ അ‍ഞ്ച് സ്റ്റാര്‍ സ്വന്തമാക്കി ടാറ്റയുടെ സബ് ഫോര്‍ മീറ്റര്‍ എസ്‍യുവി. ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ നിര്‍മ്മിത വാഹനം ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കുന്നത്. ഡ്രൈവറുടെയും യാത്രക്കാരന്റെയും തലക്കും കഴുത്തിനും വാഹനം മികച്ച സുരക്ഷയൊരുക്കുന്നുവെന്നും ഗ്ലോബൽ NCAPയുടെ കണ്ടെത്തല്‍. എല്ലാ വേരിയന്റുകളിലും രണ്ട് എയര്‍ബാഗുകള്‍, ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ തുടങ്ങിയവ സ്റ്റാന്‍ഡേര്‍ഡാണ്. 6.58 ലക്ഷം മുതലാണ് വില. 

Safest cars in India price below 10 lakh

ഫോര്‍ഡ് ഫിഗോ
ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡിന്‍റെ ഇന്ത്യയിലെ ജനപ്രിയ ഹാച്ച് ബാക്കുകളിലൊന്നാണ് ഫിഗോ. കരുത്തുകൊണ്ടും നിര്‍മ്മാണത്തികവുകൊണ്ടും എതിരാളികളെക്കാള്‍ ബഹുദൂരം മുന്നില്‍ നില്‍ക്കുന്ന ഈ വാഹനം പുറത്തിറങ്ങിയ കാലം മുതല്‍ സുരക്ഷാമികവിലും മുന്നിലാണ്. അടുത്തിടെ ലാറ്റിന്‍ എന്‍-ക്യാപ് ക്രാഷ് ടെസ്റ്റില്‍ ഇത് അരക്കിട്ടുറപ്പിച്ചിരിക്കുകയാണ് ഫോര്‍ഡ്. ഇന്ത്യയില്‍ നിര്‍മ്മിച്ച് കയറ്റി അയച്ച ഫിഗോയാണ് ഇടിപരീക്ഷയില്‍ മിന്നുന്നപ്രകടനം കാഴ്‍ചവച്ചതെന്നതും ശ്രദ്ധേയമാണ്. ഗുജറാത്തിലെ സാനന്ദിലെ പ്ലാന്‍റില്‍ നിര്‍മ്മിച്ച് മെക്‌സികോയിലെത്തിച്ച ഹാച്ച്ബാക്ക് മോഡലായ ഫിഗോയും സെഡാന്‍ മോഡലായ ആസ്പയറും നാല് സ്റ്റാര്‍ റേറ്റിങ് നേടിയാണ് സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്‍ചയ്ക്കുമില്ലെന്ന് തെളിയിച്ചത്. 

കുട്ടികളുടെയും മുതിര്‍ന്നവരുടെയും കാല്‍നട യാത്രക്കാരുടെയും സുരക്ഷയില്‍ നാല് സ്റ്റാര്‍ റേറ്റിങ്ങുകളാണ് ഫോര്‍ഡിന്‍റെ ഈ വാഹനങ്ങള്‍ സ്വന്തമാക്കിയത്.  നാല് എയര്‍ബാഗ്, എബിഎസ്, ഇബിഡി, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് ആങ്കേഴ്‌സ്, സീറ്റ് ബെല്‍റ്റ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡേഴ്‌സ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളുള്ള വാഹനങ്ങളാണ് ക്രാഷ് ടെസ്റ്റില്‍ പങ്കെടുത്തത്.  5.23 ലക്ഷം മുതല്‍ 7.69 ലക്ഷം വരെയാണ് വില. 

Safest cars in India price below 10 lakh

ഫോക്സ് വാഗണ്‍ പോളോ
രാജ്യത്തെ ജനപ്രിയ ഹാച്ച് ബാക്കുകളിലൊന്ന്. ഗ്ലോബല്‍ NCAP പരിശോധിച്ച ആദ്യ ഇന്ത്യന്‍ നിര്‍മ്മിത കാറുകളിലൊന്ന്. ഇടി പരിശോധനയില്‍ ആദ്യം മോശം പ്രകടനമായിരുന്നെങ്കിലും രണ്ട് എയര്‍ബാഗുകള്‍ നല്‍കിയ പോളോ വേര്‍ഷന്‍ ക്രാഷ് ടെസ്റ്റില്‍ നാല് സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കി. കുട്ടികളുടെ സുരക്ഷ സംബന്ധിച്ച് രണ്ട് വേര്‍ഷനുകളും മൂന്ന് സ്റ്റാര്‍ റേറ്റിംഗും നേടി. 6.62 ലക്ഷം മുതലാണ് വാഹനത്തിന്‍റെ വില. 

Safest cars in India price below 10 lakh
ടൊയോട്ട എട്ടിയോസ് ലിവ
ജാപ്പനീസ് വാഹനനിര്‍മ്മാതാക്കളായ ടൊയോട്ടയുടെ മിടുക്കന്‍. ആദ്യത്തെ ഇടി പരിശോധനയില്‍തന്നെ മുതിര്‍ന്നവരുടെ സുരക്ഷയ്ക്ക് നാല് സ്റ്റാര്‍ റേറ്റിംഗും കുട്ടികള്‍ക്ക് രണ്ട് സ്റ്റാറും നേടിയ ചുരുക്കം ചില മോഡലുകളിലൊന്ന്. ക്രാഷ് ടെസ്റ്റിന് വിധേയമാക്കുമ്പോള്‍ ഇരട്ട ഫ്രണ്ട് എയര്‍ബാഗുകളും പ്രീ-ടെന്‍ഷനറുകള്‍ സഹിതം ഫ്രണ്ട് സീറ്റ് ബെല്‍റ്റുകളും മാത്രമായിരുന്നു കൈമുതല്‍. പിന്നീട് ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍ (ഇബിഡി) സഹിതം ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ തുടങ്ങി കൂടുതല്‍ സുരക്ഷാ ഫീച്ചറുകള്‍ നല്‍കി. 6.63 മുതല്‍ 7.78 ലക്ഷം വരെയാണ് വില.

Safest cars in India price below 10 lakh

മാരുതി വിറ്റാരെ ബ്രെസ
രാജ്യത്തെ വാഹന നിര്‍മ്മാതാക്കളില്‍ ഒന്നാമനായ മാരുതി സുസുക്കിയുടെ മികച്ച മോഡലുകളിലൊന്ന്. മുതിര്‍ന്ന യാത്രക്കാരുടെ സുരക്ഷക്ക് നാല് സ്റ്റാര്‍ റേറ്റിംഗ് നേടിയ വാഹനം. കുട്ടികളുടെ സുരക്ഷക്ക് രണ്ട് സ്റ്റാര്‍. എല്ലാ വേരിയന്റുകളിലും രണ്ട് എയര്‍ബാഗുകള്‍, ഇബിഡി സഹിതം എബിഎസ്, പ്രീ-ടെന്‍ഷനറുകള്‍ സഹിതം ഫ്രണ്ട് സീറ്റ് ബെല്‍റ്റ്, ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍. 7.24 ലക്ഷം മുതലാണ് വില ആരംഭിക്കുന്നത്. 

Safest cars in India price below 10 lakh

ടാറ്റ സെസ്റ്റ്
ടാറ്റയുടെ സുരക്ഷ വെറുംവാക്കല്ലെന്ന് ഉറപ്പാക്കുന്ന മോഡല്‍. ക്രാഷ് ടെസ്റ്റില്‍ ആദ്യതവണ പരാജയപ്പെട്ട കോംപാക്ട് സെഡാന്‍. പക്ഷേ പിന്നീട് മുതിര്‍ന്നവരുടെ സുരക്ഷക്ക് നാല് സ്റ്റാര്‍ റേറ്റിംഗും കുട്ടികള്‍ക്ക് രണ്ട് സ്റ്റാറും സ്വന്തമാക്കി. രണ്ട് എയര്‍ബാഗുകള്‍, ഡ്രൈവര്‍ക്കായി സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, എബിഎസ്, ഇബിഡി, കോര്‍ണര്‍ സ്റ്റബിലിറ്റി കണ്‍ട്രോള്‍ തുടങ്ങിയവ സുരക്ഷ ഉറപ്പാക്കുന്നു. 5.82 ലക്ഷം മുതല്‍ 7.32 ലക്ഷം വരെയാണ് എകസ് ഷോറൂം വില. 

Safest cars in India price below 10 lakh

Follow Us:
Download App:
  • android
  • ios